സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശോഭ സുരേന്ദ്രനെതിരെ ജില്ലാ സമിതിയില്‍ രൂക്ഷ വിമര്‍ശനം.

വിമെൻ പോയിന്റ് ടീം

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തിനെതിരെ ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് പരാതി നല്‍കിയ ശോഭ സുരേന്ദ്രനെതിരെ ജില്ലാ സമിതിയില്‍ രൂക്ഷ വിമര്‍ശനം

വിഷയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ശോഭാ സുരേന്ദ്രനെതിരെ ജില്ലാ സിമിതി അംഗങ്ങള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കി.അതേസമയം ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭയുടെ പരാതി മാധ്യമങ്ങളില്‍ വരാനിടയായതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നേതാക്കളില്‍ പലരും ശോഭാ സുരേന്ദ്രനെതിരെ രംഗത്തെത്തുകയായിരുന്നു.

ജില്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ശോഭ സുരേന്ദ്രന്‍ മുഖവിലക്കെടുത്തില്ല, രാവിലെ ഒമ്പതിനുശേഷം മാത്രമാണ് ശോഭ സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയിരുന്നത്.ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു ശോഭയുടെതെന്നും വീട് കയറിയുളള പ്രചാരണവും ജന സമ്പര്‍ക്ക പരിപാടിയും ഫലപ്രദമായില്ല എന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചതായും ചില നേതാക്കള്‍ ആരോപിച്ചു.
പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ സി.കൃഷ്ണകുമാര്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ വിജയസാധ്യത കൂടുമായിരുന്നു എന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം.മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച സി കൃഷ്ണകുമാര്‍ വലിയ പ്രതിസന്ധികള്‍ മറികടന്നാണ് രണ്ടാംസ്ഥാനത്തെത്തി തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചത്.
കൃഷ്ണകുമാറിനെതിരെ പരാതി നല്‍കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ശോഭയുടെ നടപടി കടുത്ത അപരാധമാണെന്നും ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തി.
പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച തന്നെ ബോധപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ അമിത്ഷായ്ക്കു പരാതി നല്‍കിയത്.

മലമ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിനെതിരേയായിരുന്നു ശോഭ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. തന്റെ തോല്‍വിക്കു പിന്നില്‍ ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ക്കു പങ്കുള്ളതായും അമിത്ഷായ്ക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നു.

തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി. കൃഷ്ണകുമാര്‍ ഒത്തുകളിച്ചെന്നും വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട് നേതാക്കള്‍ പ്രവര്‍ത്തനത്തിനിറങ്ങിയില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

പാലക്കാട് നഗരസഭയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചാരണത്തിനായി കൃഷ്ണകുമാര്‍ കൊണ്ടുപോയി. ഇതു പാലക്കാട്ടെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പാര്‍ട്ടി വോട്ടുകളും പൂര്‍ണമായി തനിക്കു ലഭിച്ചിട്ടില്ലെന്നും കത്തില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും