സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ ആദിവാസി യുവതിയുടെ പരാതി

വിമെന്‍ പോയിന്‍റ് ടീം

എഴുത്തുകാരന്‍ കമല്‍ സി ചവറ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുമായി ആദിവാസി യുവതി. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 6 വര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന കമലും യുവതിയും നിയമപരമായി വിവാഹം ചെയ്തിട്ടില്ല. ഇപ്പോള്‍ ഇസ്ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കണമെന്നും അതിനായി ഒഴിഞ്ഞു പോകണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കമല്‍ തന്നെ പീഡിപ്പിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. തൃശൂരിലെ വാടക വീട്ടിലെത്തി ഇയാള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നും പീഡനം സഹിക്കവയ്യാതെ ആയിരിക്കുകയാണെന്നും യുവതിയും അമ്മയും പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് കമല്‍ സി ചവറ ഇസ്ലാം മതത്തിലേക്ക് മതം മാറിയതും പേര് മാറ്റി കമല്‍ സി നജ്മല്‍ എന്നാക്കിയതും. നജ്മല്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്. എംഎഡ് ബിരുദധാരിയാണ് ആദിവാസി വിഭാഗത്തിലെ യുവതി. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് കമല്‍ യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന് പറഞ്ഞ് ഒരുദിവസം മുണ്ടൂരിലേക്ക് വിളിച്ചുവരുത്തി തന്നെ അയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന് യുവതി പറയുന്നു.

തുടര്‍ന്ന് മാനസികമായി തകര്‍ന്ന് കേസുകൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് നിയമപരമായി വിവാഹം ചെയ്തുകൊള്ളാമെന്നും കേസുകൊടുക്കരുതെന്നും കമല്‍ അപേക്ഷിച്ചു. തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ നിരന്തരം പ്രചരിപ്പിക്കുന്നുണ്ടെന്നും തനിക്ക് ആരുമായും ബന്ധമില്ലെന്നും യുവതി പറഞ്ഞു.

താന്‍ ആദിവാസി നായാടി വിഭാഗത്തില്‍നിന്ന് ബിരുദാനന്തര ബിരുദവും എംഎഡും കഴിഞ്ഞ വ്യക്തിയാണ്. ഇപ്പോള്‍ പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ചേലക്കര എംആര്‍എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലിചെയ്യന്നു. ജോലിയില്‍ പ്രവേശിച്ച് അധികമാകുന്നില്ല അതിനാല്‍ തന്നെ വരുമാനവും ഇല്ല. വീടിന് വാടക കൊടുക്കാനുള്ള പണം ചോദിച്ചപ്പോള്‍ കാമുകന്‍മാരോട് ചോദിക്കാന്‍ പറഞ്ഞു. ഇത്തരത്തില്‍ തനിക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ഇയാള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു. കുട്ടിയ്ക്ക് വയ്യാതിരുന്ന സമയം മരുന്നു മുറിയില്‍ നിന്നും എടുക്കാന്‍ അനുവദിക്കാതെ മുറി പൂട്ടി ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി എന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയിന്‍മേല്‍ കേസെടുക്കുമെന്ന് പേരാമംഗലം പോലീസ് അറിയിച്ചു.കമല്‍ സി ചവറയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും