ജോലിസ്ഥലങ്ങളില്‍ ‘ഹൈ ഹീല്‍’ ചെരിപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജപ്പാന്‍ സര്‍ക്കാരിന് സ്ത്രീ തൊഴിലാളികള്‍ ഹരജി നല്‍കി. ഹൈ ഹീല്‍ ഒഴിവാക്കുവാനുള്ള അവകാശത്തിനായി സമരം ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. അതിനായി നവ മാധ്യമങ്ങളിലൂടെ ‘കൂറ്റൂ’ (#KooToo) കാമ്പയിനും അവര്‍ തുടങ്ങിയിട്ടുണ്ട്. ഷൂസ് എന്നര്‍ത്ഥം വരുന്ന ജാപ്പനീസ് വാക്കായ ‘കുത് സു’ (kutsu) വില്‍ നിന്നും, വേദന എന്നര്‍ത്ഥം വരുന്ന ‘കുത് സൂ’ (kutsuu) വില്‍ നിന്നുമാണ് ‘കൂറ്റൂ’ ഉടലെടുത്തത്. നടിയും ഫ്രീലാൻസ് എഴുത്തുകാരിയുമായ യുമി ഇഷികാവ-യാണ് ആദ്യം ഇത്തരമൊരു ആശയവുമായി ഓൺലൈനില്‍ രംഗത്തുവന്നത്. ജോലി ചെയ്യുകയാണെങ്കിലും, ജോലി അന്വേഷിച്ച് നടക്കുകയാണെങ്കിലും പല ജാപ്പനീസ് കമ്പനികളും ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ‘തൊഴിലുടമകൾ സ്ത്രീകളെ ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെ ലിംഗ വിവേചനമോ പീഡനമോ ആയിക്കണ്ട് അത് നിരോധിക്കുവാനുള്ള നിയമം പാസാക്കണമെന്ന്’ ഇഷികാവ പറഞ്ഞു. തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തൊഴില്‍ മന്ത്രാലയം ഈ ആവശ്യത്തോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജപ്പാന്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞ സ്ത്രീ വിദ്ധതയുടെ പ്രതിഫലനമാണ് ഈ വിഷയവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു ഹോട്ടൽ ജോലിക്ക് ഹൈ ഹീല്‍ ചെരുപ്പുകള്‍ നിര്‍ബന്ധമാണെന്ന പരസ്യം ഈ വര്‍ഷമാദ്യം ട്വീറ്റ് ചെയ്തുകൊണ്ടാണ് ഇഷികാവ കാമ്പയിന് തുടക്കം കുറിച്ചത്. ലൈംഗിക പീഡനത്തിനെതിരെ കൊടുങ്കാറ്റുയര്‍ത്തിയ ‘മീട്ടൂ’ കാമ്പയിനില്‍ കണ്ടതുപോലെ നിരവധി സ്ത്രീകളാണ് സമാനമായ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തു വരുന്നതെന്ന് അവര്‍ പറഞ്ഞു. യു.കെ-യിലും ഹൈ ഹീലിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. റിസപ്ഷനിസ്റ്റായിരുന്ന ഒരു യുവതിയെ പരന്ന ഷൂ ധരിച്ചതിന്‍റെ പേരില്‍ ഒരു അക്കൌണ്ടന്‍സി ഫേം തിരിച്ചയച്ചിരുന്നു. അതിനെതിരെ ഒന്നരലക്ഷത്തിലധികം ആളുകള്‍ ഒപ്പുവച്ച ഒരു പരാതിയാണ് സര്‍ക്കാരിന് നല്‍കിയത്.