വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നവരെന്ന് വിദഗ്ധര്‍. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമെന്നും പുതിയ പഠനങ്ങള്‍.ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളനാണ് പുതിയ പഠനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. പരമ്പരാഗത സങ്കല്‍പ്പമനുസരിച്ച് വിവാഹവും, കുട്ടികളെ വളര്‍ത്തലുമാണ് ജീവിതവളര്‍ച്ചയുടെ മാനദണ്ഡമായി പലരും കണക്കാക്കുന്നത്. എന്നാല്‍, പരമ്പരാഗതമായി വിജയത്തെ അളക്കാനുപയോഗിക്കുന്ന അളവുകോലുകള്‍ സന്തോഷത്തെ അളക്കാന്‍ പ്രാപ്തമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവാഹിതരായ സ്ത്രീകളുടെ സന്തോഷങ്ങള്‍ പലപ്പോഴും മുന്‍കാലങ്ങളിലെ ഓര്‍മ്മകളിലും, കിടപ്പ് മുറികളിലും ഒതുങ്ങി നില്‍ക്കുന്നു എന്നും അദ്ദേഹം പറയുന്നു.ആളുകളുടെ ജീവിതത്തെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രം പറയുന്നത് നിങ്ങള്‍ വിവാഹിതയല്ലാത്ത ഒരു സ്ത്രീയാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല എന്നുതന്നെയാണ്. വിവാഹിതരല്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് വിവാഹിതരായ പുരുഷന്മാര്‍ തന്നെയാണ് അല്‍പ്പംകൂടി ശാന്തരായി ജീവിക്കുന്നത്. പലപ്പോഴും വിവാഹത്തില്‍ പുരുഷന്മാരാണ് ഗുണം അനുഭവിക്കുന്നത്. വിവാഹിതരായ പുരുഷന്മാര്‍ ജീവിതത്തില്‍ വളരെ കുറച്ചു റിസ്ക് മാത്രമേ എടുക്കുന്നുള്ളൂ, അവര്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരം ഉണ്ടാകും, അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹം കഴിക്കുന്ന സ്ത്രീകളെ സംബന്ധിച്ചാകട്ടെ വിവാഹിതരാകാത്തവരേക്കാള്‍ വേഗത്തില്‍ അവര്‍ മരിക്കുക പോലും ചെയ്യുന്നു. പ്രൊഫ. ഡോളന്റെ പുതിയ പുസ്തകത്തില്‍ വിവാഹിതരല്ലാത്തവരുടേയും വിവാഹിതരായവരുടേയും വേര്‍പിരിഞ്ഞവരുടേയും വിധവകളുടെയും സന്തോഷത്തെ കുറിച്ച് പഠനം നടത്തിയതിന്റെ സര്‍വ്വേ ഫലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരായ വ്യക്തികള്‍ പങ്കാളികളുടെ കൂടെയുള്ളപ്പോള്‍ മാത്രമാണ് സന്തുഷ്ടരായി കാണപ്പെടുന്നതെന്നും, വിവാഹിതരല്ലാത്തവര്‍ തങ്ങളുടെ കാമുകനോ കാമുകിയോ കൂടെയില്ലാത്തപ്പോഴും സന്തോഷമനുഭവിക്കുന്നവരാണെന്ന് പഠനം പറയുന്നു. ആരോഗ്യവും, സാമ്പത്തിക സുരക്ഷിതത്വവും നിലനിര്‍ത്തുവാന്‍ വിവാഹം ആളുകളെ സഹായിക്കുന്നു എന്ന് ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡോളന്റെ അഭിപ്രായപ്രകാരം വിവാഹിതരായവരാണ് കൂടുതലായി ആശുപത്രികളെ ആശ്രയിക്കുന്നത്. വിവാഹിതരായ മധ്യവയസ്‌ക്കരായ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും, മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്നുവെന്ന് ഡോളന്‍ പറയുന്നു. വിവാഹിതരായവരും, കുട്ടികളുള്ളവരുമായ സ്ത്രീകളാണ് കൂടുതല്‍ സന്തോഷവതികളെന്ന സമൂഹിക നിയമം പലപ്പോഴും വിവാഹിതരല്ലാത്തവരെ പ്രശ്‌നത്തിലാഴ്ത്തുന്നുവെന്നും ഡോളന്‍ പറയുന്നു.