വിവാഹമോചിതയായ മുസ്ലിം സ്ത്രീക്കും ജീവനാംശത്തിനു അവകാശം ഉണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 125 വകുപ്പ് പ്രകാരം ഉള്ള ആനുകൂല്യം മുസ്ലിം സ്ത്രീക്ക് നിഷേധിക്കുവാന്‍ കഴിയില്ല. ജസ്റ്റിസുമാരായ ദീപക് ശര്‍മ , പ്രഹ്ലാദ് പന്ത് എന്നിവരടങ്ങിയ ബഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ലക്നൗ സ്വദേശിയായ ഷമീമ ഫറൂഖി മുന്‍ ഭര്‍ത്താവ് ഷഹീദ് ഖാനെതിരെ കൊടുത്ത കേസ്സിലാണീ വിധി ഉണ്ടായത്. പട്ടാളക്കാരനായ ഷഹീദിന്റെ പീഡനം മൂലം വിവാഹ മോചനം നേടിയ ഷമീമക്ക് 4000 രൂപ ചെലവിനു കുടുംബക്കോടതി വിധിച്ചു. എന്നാല്‍ ഷഹീദ് ഖാന് 2012 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു എന്ന കാരണത്താല്‍ 2000 രൂപ നല്കിയാല് മതിയെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത് . ഷാ ബാനു കേസ്സിനെ തുടര്‍ന്ന് രാജിവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കുന്നതിനു തടസ്സം ആയി മാറിയിരുന്നു. പുതിയ വിധി ഈ തടസ്സം മറികടക്കുവാന്‍ മുസ്ലിം സ്ത്രീകളെ സഹായിക്കുമെന്ന് നിയമ വിദഗ്ധന്‍ നിരീക്ഷിക്കുന്നു.