പെണ്‍കരുത്തിന് അഭിമാന നിമിഷം.സൗദി അറേബ്യന്‍ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും വനിതകള്‍ നിയന്ത്രിച്ച വിമാനം ഇറങ്ങി. സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ പോലും അനുവാദമില്ലാത്ത സൗദി അറേബ്യയിലാണ് ഈ സംഭവം. കഴിഞ്ഞ മാസം ബ്രൂണേയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് സര്‍വ്വീസ് നടത്തിയ റോയല്‍ ബ്രൂണേ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 787 ഡ്രീംലൈനര്‍ എന്ന വിമാനമാണ് വനിതാ പൈലറ്റുമാര്‍ നിയന്ത്രിച്ചത്. ബ്രൂണേയില്‍ നിന്നും ജിദ്ദയിലേക്കു പറന്ന വിമാനത്തിലാണ് മൂന്ന് വനിതാ പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്തത്. ഷെരീഫ സെറീനയാണ് വിമാനത്തിന്‍റെ ക്യാപ്റ്റന്‍. ഷെരീഫയോടൊപ്പം സറൈന നൂര്‍ദീന്‍, ഡികെ നാദിയ പിജി കാഷിം എന്നാ വനിതാ പൈലറ്റുകളും സഹപ്രവര്‍ത്തകരായി ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ സെറീയ യുകെയിലാണ് പരിശീലനം കഴിഞ്ഞ് ഇറങ്ങിയത്. 2013 ഡിസംബറില്‍ ബ്രൂണെ എയര്‍ലൈന്‍സില്‍ ആദ്യ വനിതാ പൈലറ്റായി നിയമിതയായി. തങ്ങളുടെ ഈ ദൗത്യം മറ്റ് സ്ത്രീകള്‍ക്ക് കൂടി പ്രചോദനമാകുമെന്ന് ക്യാപ്റ്റന്‍ സെറീന പറഞ്ഞു. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സൗദി അറേബ്യയില്‍ സ്ത്രീകള്‍ വിമാനം നിയന്ത്രിക്കുക എന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീ കാണുന്ന സ്വപ്‌നം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നതാണ് തങ്ങള്‍ കാണിച്ചു തന്നത്. എന്ത് നേടണമെന്ന് ആഗ്രഹിക്കുന്നുവോ അത് നേടിയെടുക്കാന്‍ ഓരോ സ്ത്രീയ്ക്കും സാധിക്കുമെന്നും സെറീന പറയുന്നു.