ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി പെൺകുട്ടിയെ തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശിനി കരിപ്പാക്കുളം വീട്ടിൽ അൻസി ആലിബാവയാണ് കൊല്ലപ്പെട്ടത്. ഇരുപത്തഞ്ച് വയസ്സ് പ്രായമുണ്ട്. ഒന്നര വർഷമായി ന്യുസിലാൻഡ് യൂണിവേഴ്സിറ്റിയിൽ എം ടെകിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭർത്താവ് അബ്ദുൽ നാസറാണ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.