ഓസ്‌ത്രേലിയയിലേക്ക് പോകുകയായിരുന്നു രണ്ട് സൗദി പെണ്‍കുട്ടികളെ ഹോങ്കോങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞതായി യുവതികളുടെ അഭിഭാഷകന്‍. കുടുംബത്തിലെ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ നാടുവിടുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ സംഭവമാണിത്. 18, 20 വയസുള്ള സഹോദരിമാരാണ് നാടുവിടാന്‍ ശ്രമിച്ചതിനിടെ പിടിയിലായത്. ഓസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ പിടിയിലായ ഇവര്‍ കഴിഞ്ഞ അഞ്ചുമാസമായി ഹോങ്കോങ്ങിലാണ്. ഇവരെ ഉദ്യോഗസ്ഥര്‍ റിയാദിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവരുടെ അഭിഭാഷകന്‍ പറയുന്നു. ‘ഈ ബുദ്ധിശാലികളായ ധീരരായ പെണ്‍കുട്ടികള്‍ ഇതുവരെ ഭയന്നുജീവിക്കുകയായിരുന്നു. അവരിപ്പോള്‍ ഹോങ്കോങ്ങില്‍ ഒളിവിലാണ്. അവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.’ ഇവരുടെ അഭിഭാഷകനായ മൈക്കല്‍ വിഡ്‌ലര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു രാജ്യം കണ്ടെത്താനാകുമെന്ന പ്രതീക്ഷിയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ കുടുംബവുമൊത്തെ അവധിയാഘോഷത്തിനു പോയ ഇവര്‍ 2018 സെപ്റ്റംബറില്‍ ചൈനീസ് അതിര്‍ത്തി വഴിയാണ് ഹോങ്കോങ്ങിലെത്തിയത്. അവിടെ നിന്നും ഓസ്‌ത്രേലിയയിലേക്ക് കണക്ടിങ് ഫ്‌ളൈറ്റ് ബുക്കു ചെയ്തായിരുന്നു ഇവരെത്തിയതെന്നും അദ്ദേഹം പറയുന്നു.‘ഞങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഞങ്ങള്‍ വീടുവിട്ടുപോയത്.’ പെണ്‍കുട്ടികള്‍ പ്രസ്താവനയില്‍ പറയുന്നു. ‘ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുകയും അവരെ തുല്യരായി കാണുകയും ചെയ്യുന്ന ഒരു രാജ്യത്തിന് ഞങ്ങള്‍ക്ക് അഭയം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ സ്ത്രീകളെപ്പോലെ അക്രമവും അടിച്ചമര്‍ത്തലും ഭയക്കാതെ ജീവിക്കാന്‍ കഴിയുന്ന ഇടമാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്.’ അവര്‍ പറയുന്നു. നേരത്തെ, ഓസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 കാരിയെ കാനഡയില്‍ തടഞ്ഞുവെച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതിയെ പിന്നീട് ഓസ്‌ത്രേലിയിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.