സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

പെൺകരുത്തിന്റെ പുതുചരിതം രചിച്ച് കേരളം നവവർഷത്തെ എതിരേറ്റു


പെൺകരുത്തിന്റെ പുതുചരിതം രചിച്ചു കൊണ്ടാണ് കേരളം നവവർഷത്തെ എതിരേറ്റത് . ഇടതു ജനാധിപത്യസർക്കാരിന്റെ പിന്തുണയോടെ കേരളത്തിലെ പുരോഗമനവാധികളായ ജന വിഭാഗങ്ങൾ മുൻകൈയെടുത്തു സംഘടിപ്പിച്ച വനിതാ മതിൽ സംഘാടകരെ പോലും അത്ഭുതപ്പെടുത്തികൊണ്ട് ശക്തമായ പെൺക്കോട്ടയായി ഉയർന്നു നിന്നപ്പോൾ തകർന്നു വീണതു അന്ധവിശ്വാസത്തിന്റേയും സ്ത്രീവിരുദ്ധതയുടെയും അരാഷ്ട്രീയതയുടേയും ജനാധിപത്യ വിരുദ്ധതയുടേയും ഇരുൾമൂടിയ ചില്ലുകൊട്ടാരങ്ങളാണ് . 

2018 സെപ്റ്റംബർ 28 നു ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രധാനമായ വിധി പ്രസ്താവിച്ചതോടെ കേരളത്തിൽ നരകം പൊട്ടി വീഴുകയായിരുന്നു. എല്ലാ പ്രതിലോമ ശക്തികളും അവയുടെ തൽസ്വരൂപം പുറത്തെടുത്തു. സംഘപരിവാർ ശക്തികൾ അതിവിദഗ്ധമായി രാഷ്ട്രീയ ലക്ഷ്യത്തോടെ ഭക്തി എന്ന സ്വകാര്യ വികാരം ആയുധമാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെട്ട സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ഭക്തരായ കുറെയധികം സ്ത്രീകളെ തെരുവിലിറക്കി അപ്രസക്തവും അനാവശ്യവുമായ സമരം നടത്തുകയും ചെയ്തു. വരേണ്യസമുദായങ്ങളിലെ കുറേപ്പേരെങ്കിലും വ്യാജപ്രചാരണങ്ങളിൽ വിശ്വസിച്ചു. നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് കരുതി പരിഭ്രമിച്ചു. 

ശബരിമലയിൽ രക്തച്ചൊരിച്ചിൽ നടത്താൻ ശ്രമിച്ച സംഘപരിവാർ ഒടുവിൽ സത്യത്തിന്റെ മുന്നിൽ അടിയറവു പറഞ്ഞു. ഇപ്പോളും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ബി ജെ പി പറയുന്നത് സ്ത്രീപ്രവേശം അല്ല പ്രശ്നം എന്നാണ്. അവരുടെ ഒരു പരസ്യ ബോർഡിൽ പോലും സ്ത്രീകളെ ശബരിമലയിൽ കയറ്റരുതെന്നു പറയുന്നില്ല. എന്താണ് അവരുടെ ആവശ്യമെന്നു അവർക്കു തന്നെ അറിയില്ല.
മറിച്ചോ , സ്ത്രീവാദപ്രവർത്തകരായ അനേകം പേർ സർക്കാർ എന്ത് വില കൊടുത്തും സ്ത്രീകളെ മലചവിട്ടിക്കണമായിരുന്നു എന്ന് ശക്തമായി അഭിപ്രായപ്പെടുന്നു. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നു എന്ന് പറയുന്ന സർക്കാർ എന്ത് കൊണ്ട് പല സ്ത്രീകളെയും മടക്കി അയച്ചു എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാൽ അതിനു മറുപടി ഉണ്ടെന്നു മാത്രം. പോലീസിന്റെ സഹായത്തോടെ ബലം പ്രയോഗിച്ചു സ്ത്രീകളെ പ്രവേശിപ്പിക്കുകയാണെങ്കിൽ സംഭവിക്കുന്നത് കേരളം കടുത്ത ക്രമസമാധാന പ്രശ്നത്തിലേക്ക് പോകും എന്നതാണ്. ഉത്തരവാദിത്തം ഉള്ള ഒരു സർക്കാരിന് വൈകാരികമായി കാര്യങ്ങൾ കാണാൻ ആവില്ല. ശബരിമലയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും നേരിൽ കണ്ടതാണ്. അതീവ വൈകാരികമായി, ഉന്മാദത്തോടു അടുത്ത അവസ്ഥയിലാണ് പലരും സ്ത്രീപ്രവേശത്തെ എതിർത്തിരുന്നത്. രാഹുൽ ഈശ്വറും പത്‌മ പിള്ളയും പദ്മജ മേനോനും ദീപ്തി ഈശ്വറും മാനസിക നില തെറ്റിയവരെപോലെ സംസാരിക്കുന്നതു നാം കണ്ടു. ഭക്തിക്ക് ഇങ്ങനെ ഉന്മാദത്തിന്റെ ഒരു വശം ഉണ്ട്. കാലാകാലങ്ങളായി പൗരോഹിത്യം ചൂഷണം ചെയ്യുന്നതും ഭക്തിയുടെ ഈ സ്വഭാവത്തെ ആണ്. ചാവേറുകൾ ആകാനും എന്ത് കടുംകൈക്കും ഇക്കൂട്ടർ സന്നദ്ധരായിരിക്കും.ഭക്തിയുടെ അടിസ്ഥാനം തന്നെ യുക്തി രാഹിത്യം ആയതു കൊണ്ട് ഇവരുമായി യാതൊരു വിധ സംവാദവും സാധ്യമല്ല. 
ആചാരങ്ങൾക്കും അനുഷ്ഠനങ്ങൾക്കും  മാറ്റം സംഭവിച്ചത് ഒരു ദിവസം നേരം പുലർന്നപ്പോൾ അല്ല എന്ന് ചരിത്രം പഠിപ്പിക്കുന്നു. നിയമ നിർമാണം മാത്രം ചില വേളയിൽ മതിയാവില്ല. ഇവിടെയാണ് വനിതാ മതിലിന്റെ പ്രസക്തി. മതിൽ ഇന്ന് കെട്ടി, നാളെ മുതൽ എല്ലാം ശുഭം എന്നും ആർക്കും വ്യാമോഹം ഉണ്ടാവില്ല. എന്നാൽ ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള വിവിധ മാർഗങ്ങളിൽ ഒന്നാണിത്. സ്ത്രീകൾ സ്വയം "ഞങ്ങൾ അശുദ്ധരാണ്, ഞങ്ങളെ പരിശുദ്ധമായ ക്ഷേത്രങ്ങളിൽ കയറ്റരുത്" എന്ന് പറഞ്ഞു കൊണ്ട് പ്രകടനം നടത്തുവാൻ ഈ 21ാം നൂറ്റാണ്ടിൽ മുതിരുമ്പോൾ പുരോഗമന മനസ്തർക്കും സംഘടിച്ചെ  മതിയാകൂ. വനിതാ മതിലിൽ പങ്കെടുത്തവർ നിരീശ്വര വാദികളോ മതരഹിതരോ അല്ല. അങ്ങനെയുള്ളവരും ഉണ്ടാകുമെന്നു മാത്രം. പക്ഷെ, ജനാധിപത്യ രാജ്യത്തെ ലിംഗനീതിയെ കുറിച്ചുള്ള ധാരണ മതിലിൽ പങ്കെടുത്തവർക്കുണ്ടാകും. 

ശബരിമല വിഷയം മൂലം ഉണ്ടായ ഗുണം  നവോത്ഥാനത്തെക്കുറിച്ചും ഭരണഘടനയെ കുറിച്ചും ലിംഗനീതിയെ കുറിച്ചും വിശദമായ ചർച്ചകൾക്ക് വേദികൾ ഉണ്ടായി എന്നതാണ്. പുറമെ കാണുന്ന പുരോഗമന മുഖത്തിന് പിന്നിൽ കേരളത്തിന് അപകടകരമായ മറ്റൊരു പിന്തിരിപ്പൻ മുഖം കൂടി ഉണ്ടെന്നു നമുക്ക് ബോധ്യപ്പെട്ടു. 

ഭരണഘടനാ എന്നൊരു പുസ്തകം ആണ് നമ്മുടെ ആത്യന്തികമായ സത്യം എന്ന് ചിലരെയെങ്കിലും ഓർമ്മ  പ്പെടുത്തേണ്ടി വന്നത് 70 വയസ്സ് കഴിഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ  പരാജയം തന്നെ ആണ്. കോടതിയും ഭരണഘടനയും അല്ല മതമാണ് എല്ലാത്തിനും മുകളിൽ എന്ന് കരുതുന്നത് മൗഢ്യം മാത്രമല്ല ജനാധിപത്യത്തിന്റെ അടിത്തറ എത്രത്തോളം ദുർബലമാണെന്ന് തിരിച്ചറിയുകകൂടി ആണ്. ഭരണഘടനാ മൂല്യങ്ങൾ എന്താണെന്നും അവയെ കുറിച്ച് ഉറക്കെ ചിന്തിക്കാനും ഈ വൈകിയ വേളയിലെങ്കിലും കേരളത്തിന് കഴിഞ്ഞു എന്ന് ആശ്വസിക്കാം.

ചരിത്രവും നവോത്ഥാനവും അനാവശ്യമായ സമസ്യകളായി കണ്ടു തുടങ്ങിയ കാലം കൂടിയാണിത്. ആഗോളവൽക്കരണം നമ്മെ പഠിപ്പിക്കുന്നത് അതാണ്. നമ്മൾ എങ്ങനെ നമ്മളായെന്നു അറിയണം എന്ന് പറഞ്ഞ കവി ഇന്ന് നമ്മോടൊപ്പം ഇല്ല. ചരിത്രബോധത്തിന്റെ അഭാവം ഒരു രാജ്യത്തെ ഏതു പാതാള കുഴിയിലേക്കാണ് തള്ളിവീഴ്ത്തുക എന്ന് നാം കണ്ടു. ആധുനിക കേരളത്തെ സൃഷ്ട്ടിച്ച നാൾ  വഴികൾ കഴിഞ്ഞ ഏതാനും മാസം കൊണ്ട് മലയാളികൾ കാണാപാഠം പഠിച്ചു . ഡോ സുനിൽ പി ഇളയിടത്തിനെ ഇത്തരുണത്തിൽ ഓർക്കാതിരിക്കാനാവില്ല.  തലകുനിച്ചു നട്ടെല്ല് വളച്ചു അപമാനിതയായി നിന്ന കേരളത്തെ തലയെടുപ്പുള്ള അഭിമാനിയായ കേരളമാക്കി തീർത്തത്, ചങ്കിലെ ചോരയും വിയർപ്പും ഊറ്റി  കൊടുത്ത കുറെയധികം മഹാരഥന്മാരുടെ ആത്മസമർപ്പണം ആണെന്ന് പുതിയ തലമുറ ഇന്ന് തിരിച്ചറിഞ്ഞു. ഈ പൂർവസൂരികളായ ത്യാഗികളുടെ  ജീവനും ജീവിതത്തിനും വിലപറയാൻ ആരെങ്കിലും ഒരുമ്പെട്ടാൽ അവർക്കു ഞങ്ങൾ മറുപടി പറയുന്നത് സംഘടിത ശക്തിയിലൂടെയായിരിക്കുമെന്നു ഇന്നത്തെ വനിതാ മതിൽ പറയാതെ പറയുകയായിരുന്നു. കണക്കെടുപ്പുകൾ ചരിത്രത്തിന്റെ ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ആവശ്യമായി വരും . 
യുക്തി ചിന്തക്കും ശാസ്ത്ര ബോധത്തിനും മാത്രമേ സത്യത്തിന്റെയും നീതിയുടെയും ഒപ്പം നില്ക്കാൻ ആകൂ . അത് മാത്രമാണ് അനശ്വരമായത് . ഭക്തി ചരക്കാക്കി തെരുവിൽ വിറ്റഴിക്കുമ്പോൾ പ്രതികരിക്കേണ്ടത് ഭക്തജനങ്ങളാണ് . ഭക്തി ചൂഷണത്തിനുള്ള ഉപാധിയാകുമ്പോൾ ചോദ്യം ചെയ്യാൻ ഭക്തർക്ക് കഴിയണമെങ്കിൽ അവർക്കു രാഷ്ട്രീയമായ അവബോധം ഉണ്ടാകണം. രാഷ്ട്രീയത്തിലേക്കും അതുവഴി അധികാരത്തിലേക്കും എത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള കുറുക്കു വഴി ഇന്ന് ഭക്തിയും വിശ്വാസവും ആണെന്ന് സമീപകാല സംഭവങ്ങൾ കാണിച്ചു തരുന്നു. 
വനിതാമതിൽ ഇത്തരം രാഷ്ട്രീയ ശാക്തീകരണത്തിനുള്ള അടിത്തറപാകുന്നു. ഒറ്റ ദിവസം കൊണ്ടല്ല ഇത് സംഘടിപ്പിച്ചത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സമഗ്രമായ ആശയ സംവാദങ്ങളിലൂടെ കാര്യക്ഷമമായ പ്രചാരണത്തിലൂടെ ആണ് ഈ വിജയം നേടിയത്.  സംഘടനത്തിന്റെ പുരുഷാധിപത്യ സ്വഭാവങ്ങൾ പല ഫെമിനിസ്റ്റുകളെയും ചൊടിപ്പിച്ചത് സ്വാഭാവികം. ഇന്ന് എല്ലാ സമുദായ, രാഷ്ട്രീയ സംഘടനകളുടെയും തീരുമാനം എടുക്കുന്ന വേദികൾ സ്ത്രീരഹിതമാണ്. അല്ലെങ്കിൽ ശുഷ്കമായ സ്ത്രീസാന്നിധ്യം അലങ്കാരമായി അവശേഷിക്കുന്നു. ഇതിനും മാറ്റം അനിവാര്യം തന്നെയാണ്. കുടുംബശ്രീ ഉളപ്പടെ ഉള്ള എല്ലാ സ്ത്രീ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചത് സ്ത്രീകളായിരുന്നില്ല,അതുകൊണ്ട് മാത്രം അതെല്ലാം തള്ളികളയാനാവില്ല. സ്ത്രീകളുടെ മുന്‍കൈയില്‍ ഇത്തരമൊരു ബൃഹദ് പരിപാടി സംഭവിക്കുവാന്‍ ഇനി ഏറെ കാലതാമസം ഉണ്ടാവില്ലെന്നുറപ്പാണ്. വനിതാ മതില്‍ ആ സൂചനയാണ് നല്‍കുന്നത്.
2019 ചരിത്രത്തില്‍ രേഖപ്പെടുത്തുക വനിതാ മതില്‍ വര്‍ഷം എന്നാകും. ചരിത്രത്തിലെ നാഴികകല്ലായി ഇതും എണ്ണപ്പെടും. ആധുനികനവോത്ഥാന സമരമായി വനിതാ മതില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ നാളെ പഠിക്കട്ടെ !
നാളെ ശബരിമലയില്‍ കയറുന്ന സ്ത്രീകള്‍ സ്നേഹത്തോടെ നമ്മെ ഓര്‍ക്കട്ടെ !
എല്ലാവര്‍ക്കും 2019 കൂടുതല്‍ ജനാധിപതൃപരമാകട്ടെയെന്ന് വിമന്‍പോയിന്‍് 
ആശംസിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും