സ്ത്രീകള്‍ക്കും പുരുഷന്മാർക്കും രണ്ടുതരം വേതനവ്യവസ്ഥ നിലവിലുള്ളത് അവസാനിക്കാൻ ഇനിയും രണ്ട് നൂറ്റാണ്ട് പിന്നിടുമെന്ന് ലോക സാമ്പത്തിക ഫോറം. വളരെ വലിയതും വ്യാപകമായതുമായ പ്രശ്നമാണിത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ വേഗത വളരെ താഴ്ന്നതുമാണെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആൺപെൺ വേതനവ്യതിയാനത്തിൽ ചെറിയ അനുകൂല മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യം മുൻ വർഷത്തേതിനെക്കാൾ താഴുകയാണ് ചെയ്തിട്ടുള്ളത്. മൊത്തത്തിൽ നോക്കുമ്പോൾ തൊഴിലിടത്തിലെ സ്ത്രീപുരുഷ സമത്വത്തിന്റെ മുന്നേറ്റം സ്തംഭിച്ചിരിക്കുകയാണെന്ന് കാണാൻ കഴിയുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ സോഷ്യൽ ആൻഡ് ഇക്കണോമിക് അജണ്ടാസ് മേധാവി സാദിയ സഹീദി പറയുന്നു. കരുതുംപോലെ അത്ര തുല്യതയുള്ള ഇടങ്ങളാകില്ല ഭാവിയിൽ നമുക്കുണ്ടാകുകയെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിൽ പുരുഷന് കിട്ടുന്ന വേതനത്തെക്കാൾ ശരാശരി 37 ശതമാനത്തോളം കുറവാണ് സ്ത്രീക്ക് കിട്ടുന്ന വേതനമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകൂട്ടൽ. സ്ത്രീക്കും പുരുഷനും തുല്യവേതനം കിട്ടുന്ന ഒരു രാജ്യം പോലും നിലവിലില്ല. വടക്കുകിഴക്കൻ ഏഷ്യയിലെ രാജ്യമായ ലാവോസിലാണ് ഏറ്റവുമുയർന്ന അനുപാതം നിലനിൽക്കുന്നത്. ഇവിടെ പുരുഷന് കിട്ടുന്ന വേതനത്തോട് ഏതാണ്ട് അടുപ്പമുണ്ട് സ്ത്രീയുടെ വേതനത്തിന്. പുരുഷന് കിട്ടുന്ന വേതനത്തിന്റെ 91% വേതനം സ്ത്രീക്കും കിട്ടുന്നുണ്ട്. യമനിലും സിറിയയിലും ഇറാഖിലുമാണ് ഏറ്റവും മോശം നില. ഇവിടങ്ങളിൽ പുരുഷനെക്കാൾ 70 ശതമാനം കുറവ് വേതനമേ സ്ത്രീക്ക് കിട്ടുകയുള്ളൂ.