വിഖ്യാത കൊളംബിയൻ ഗായിക ഷാക്കിറയ്ക്കെതിരെ നികുതി വെട്ടിച്ചതിന് കേസ്. 14.5 ദശലക്ഷം യൂറോ നികുതിയിനത്തിൽ വെട്ടിച്ചെന്നാണ് കേസ്. കോമൺവെൽത്ത് ഓഫ് ബഹ്മാസിലാണ് താൻ സ്ഥിരതാമസമെന്ന് അധികൃതരെ ബോധിപ്പിച്ചാണ് ഷാക്കിറ വെട്ടിപ്പ് നടത്തിയത്. യഥാർത്ഥത്തിൽ ഇവരുടെ സ്ഥിരതാമസം സ്പെയിനിലെ കാറ്റലോണിയയിലാണെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ബഹ്മാസിലാണ് താമസമെന്ന് ബോധിപ്പിക്കുക വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തമാക്കുന്ന പണത്തിന്റെ സ്പെയിനിൽ അടയ്ക്കേണ്ട നികുതിയില്‍ നിന്ന് ഷാക്കിറ രക്ഷപ്പെട്ടുവെന്നാണ് കേസ്. വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഷാക്കിറ സ്പെയിനിലാണ് ഉണ്ടായിരുന്നത്. കേസിൽ ഷാക്കിറയെ വിചാരണ ചെയ്യാനുള്ള തെളിവുകളുണ്ടോയെന്ന് കോടതി തീരുമാനിക്കും. 11 മാസം മുമ്പാണ് സ്പെയിൻ ഈ വിഷയത്തിൽ അന്വേഷണം നടത്തിയത്. കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്സിലോണയിലാണ് 2012 മുതൽ 2014 വരെ ഷാക്കിറ കഴിഞ്ഞതെന്ന് അന്വേഷണത്തിൽ വെളിപ്പെടുകയുണ്ടായി. എന്നാൽ താൻ 2915ലാണ് ബാഴ്സിലോണ ഫൂട്ബോൾ താരം ജെരാർഡ് പിക്കുവിനൊപ്പം ബഹ്മാസിൽ നിന്ന് ബാഴ്സിലോണയ്ക്ക് പോന്നതെന്നാണ് ഷാക്കിറ പറയുന്നത്. ഷാക്കിറ തന്റെ സമ്പത്ത് വിവിധ കടലാസ് കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളതായി നേരത്തെ പാരഡൈസ് പേപ്പേഴ്സ് പുറത്തുവന്നപ്പോൾ വെളിപ്പെട്ടിരുന്നു. ഇതിലാണ് തന്റെ സ്ഥിരതാമസം സംബന്ധിച്ച് ഷാക്കിറ അധികൃതരെ കബളിപ്പിക്കുന്ന വസ്തുതയും വെളിപ്പെട്ടത്.