സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ മതിലിൽ കേരളത്തിലെ മുഴുവൻ വനിതകളും ഭാഗമാകണം: മുഖ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലില്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പങ്കാളികളാകണമെന്നും ആർത്തവം അശുദ്ധമാണെന്നത് സവർണപുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച മനോഭാവമാണെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സധൈര്യം മുന്നോട്ട് എന്ന വനിതാ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ, ആര്‍ത്തവം, പൗരാവകാശം എന്ന വിഷയത്തിലാണ് പ്രചാരണം നടത്തുന്നത്.

നവോത്ഥാന മൂല്യ സംരക്ഷണത്തിനുള്ള മതിലില്‍ പങ്കാളികളായി കേരളത്തിലെ വനിതകള്‍ നവോത്ഥാന മൂല്യങ്ങളുടെ കാവലാളുകളായി മാറും. കേരളത്തിന് ചൂണ്ടിക്കാണിക്കാനുള്ള നിരവധി അഭിമാനകരമായ മാതൃകയില്‍ ഒന്നാവും ഇത്.

ആചാരങ്ങളുടെ പേരു പറഞ്ഞ് സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണതകളെ തിരികെ കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ദേശീയതലത്തില്‍ ഭരണഘടനയോടെന്നപോലെ കേരളത്തില്‍ നവോത്ഥാന മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സുപ്രീം കോടതിയുടെ ശബരിമല വിധിയോടെ ഒളിയാക്രമണം പരസ്യമായിരിക്കുന്നു. വിശ്വാസികളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താനാണ് ശ്രമം. കേരളത്തിന്റെ പാരമ്പര്യം അറിയാതെയാണ് ഈ പാഴ്ശ്രമത്തിന് മുതിരുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ പലരുടേയും പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, ഉയര്‍ന്ന സാംസ്‌കാരിക ബോധം എന്നിവയിലെല്ലാം കേരളത്തിലെ സ്ത്രീകള്‍ മുന്നിലാണ്. ജീവശാസ്ത്രപരമായ പ്രത്യേകത കൊണ്ട് രണ്ടാം തരക്കാരായി കാണാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. സ്ത്രീകളുടെ മനുഷ്യാവകാശവും ഭരണഘടനാപരമായ പൗരാവകാശവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. തങ്ങള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം സ്ത്രീകള്‍ ചിന്തിക്കുന്നതാണ് ഇതിനേക്കാള്‍ ഖേദകരം. സ്ത്രീകളെ ഇത്തരം മനോഭാവത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വലിയ ബോധവത്കരണമാണ് വേണ്ടത്.

ഓരോ ഘട്ടത്തിലും സാമൂഹ്യ പരിഷ്‌കരണത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സതി നിറുത്തലാക്കിയത് ഇത്തരത്തിലായിരുന്നു. മാറു മറയ്ക്കല്‍ സമരവും മൂക്കുത്തി സമരവും വിജയിച്ചത് വലിയ എതിര്‍പ്പുകളെ അതിജീവിച്ചാണ്. അസമത്വത്തിന്റേയും ചൂഷണങ്ങളുടെയും വിവേചനത്തിന്റേയും വലിയ ഇര സ്ത്രീകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയ തോതില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളെയും പ്രതിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും