സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിധികര്‍ത്താവായി ദീപ നിശാന്ത്; കലോത്സവ വേദിയില്‍ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

കവിതാ മോഷണ വിവാദത്തിന് പിറകെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപാ നിശാന്ത്. കലോൽസവത്തിന്റെ  രണ്ടാം ദിവസമായ ഇന്ന് മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായാണ് കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപിക കൂടിയായ ദീപാനിശാന്ത് എത്തിയത്.  കവിതാമോഷണ വിവാദം കെട്ടടങ്ങുന്നതിനു മുൻപ്  സ്‌കൂള്‍ കലോത്സവത്തിലേക്ക് ഇവർ വിധികർത്താവായെത്തിയത് വീണ്ടും വിവാദത്തിന് ഇടയാക്കി. സംഭവത്തിൽ പ്രതിഷേധം ഉയര്‍ന്നതോടെ  ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും മൽസര വേദിയിൽ നിന്നും നീക്കി.

അതേസമയം, കവിതാമോഷണ വിവാദം ഉയരുന്നതിന് മുൻപ് തന്നെ ദീപ നിശാന്തിനെ വിധികർത്താവായി നിശ്ചയിച്ചിരുന്നതായാണ് അധികൃതർ നൽകുന്ന വിശദീകരണം.  എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികർത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണാ സംഘാടകരുടെ നിലപാട്. ‌

വിവാദങ്ങളുടെ പശ്ചാത്തലത്തിലും ദീപാ നിശാന്തിനെ വിധികർത്താവായി നിയോഗിച്ച ന‍ടപടിക്കെതിരെ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തെത്തി. എബിവിപിയാണ് പ്രതിഷേധവുമായി ആദ്യം വേദിയിലെത്തിയത്. ഇതിന് പിറകെ കെഎസ് യു, യുത്ത് കോൺഗ്രസ് പ്രവർത്തരും പ്രകടനം നടത്തി. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

എസ് കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചന കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎ മാഗസിനില്‍ ദീപ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചതോടെയാണ്  കവിതാ മോഷണ വിവാദം ആരംഭിച്ചത്.  ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കവി എസ് കലേഷ് രംഗത്ത് വരികയായിരുന്നു. സംഭവത്തിൽ  ദീപ നിശാന്ത് മാപ്പ് പറയുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും