സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്';ഡിസംബര്‍ അവസാനം നാനൂറിലധികം സ്ത്രീകള്‍ മല കയറും

വിമെന്‍ പോയിന്‍റ് ടീം

ആചാരസംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ശബരിമല കയറാന്‍ സന്നദ്ധരായ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു വലിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഫേസ്ബുക്ക് പേജുവഴിയും അല്ലാതെയും താല്‍പര്യമറിയിച്ചിട്ടുള്ള യുവതികള്‍ സംഘടിച്ച് ഡിസംബര്‍ മാസം അവസാനത്തോടെ മലചവിട്ടുമെന്ന് സംഘാടകര്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിട്ടുണ്ട്.

ഭരണഘടനയുടെ അന്തഃസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ പിറകോട്ടു വലിക്കാനുള്ള ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുമുറച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നു വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍, കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ഓരോ വ്യക്തിയും വളണ്ടിയറായി ചേരുമെന്ന പ്രതീക്ഷയും പങ്കു വയ്ക്കുന്നുണ്ട്. ശബരിമലയാത്രയ്ക്ക് തയ്യാറായിട്ടുള്ള യുവതികളും ഒപ്പം സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും, തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയുമാണ് രീതിയെന്നും പേജില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു മാസത്തോളം മുന്‍പ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് ആരംഭിക്കുമ്പോള്‍, സംഘത്തോടൊപ്പം മല കയറാന്‍ സന്നദ്ധരായ 318 സ്ത്രീകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പേജ് തുടങ്ങി ഒരു ദിവസത്തിനകം തന്നെ തൊണ്ണൂറിലധികം പേര്‍ സന്നദ്ധതയറിയിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും നവോത്ഥാന കേരളത്തിനായി ശബരിമല കയറാന്‍ തയ്യാറെടുക്കുന്ന യുവതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് സംഘാടകരുടെ പക്ഷം.

യുവതികളുടെ സംഘം ഡിസംബര്‍ ഒന്‍പതിനു മലചവിട്ടുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും, തീയതി വൈകിയേക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ തീയതി പുറത്തുവിടുമെന്നും, എന്നാല്‍ ഒപ്പമുള്ള യുവതികളുടെ സുരക്ഷയെക്കരുതി മറഞ്ഞുനില്‍ക്കുകയാണെന്നുമാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരുടെ പ്രതികരണം. സന്ദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ചോ, സംഘാടകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അതുകൊണ്ടുതന്നെ പേജ് വെളിപ്പെടുത്തുന്നില്ല. നാളെ നടക്കുന്ന യോഗത്തോടെ തീയതിയും മറ്റു വിവരങ്ങളും കൃത്യമായി തീരുമാനിക്കാനാകുമെന്നും ഇവര്‍ കരുതുന്നു.

പേജ് ആരംഭിച്ച് ചുരുങ്ങിയ കാലത്തിനിടെ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും കിട്ടിയ പിന്തുണ വളരെയധികമാണെന്നും കൂട്ടായ്മ വ്യക്തമാക്കുന്നുണ്ട്. സന്ദര്‍ശനം നടത്താനും ഒപ്പം സന്നദ്ധപ്രവര്‍ത്തകരായി യാത്ര ചെയ്യാനും നൂറു കണക്കിന് മലയാളികള്‍ തയ്യാറായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും യുവതികള്‍ തീര്‍ത്ഥാടനത്തിനായി സന്നദ്ധതയറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്കു ശേഷം ശബരിമലയിലെത്താന്‍ ശ്രമിച്ചിട്ടുള്ള എല്ലാ യുവതികളും വഴിയില്‍ വച്ചു തടയപ്പെടുകയും, ശേഷം അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഇരയാക്കപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍, വളണ്ടിയര്‍മാരുടെ അകമ്പടിയോടെ മലകയറാന്‍ സംഘമായെത്തുന്ന നാനൂറിലധികം സ്ത്രീകള്‍ ആചാരങ്ങളുടെ പേരില്‍ ഒളിച്ചുകടത്തുന്ന ലിംഗവിവേചനത്തിനെതിരായി നവോത്ഥാന കേരളം മുന്നോട്ടു വയ്ക്കുന്ന ബദലായിരിക്കുമെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തൽ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും