സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

23 വയസ്സിനിടെ 250 ഗോളുകള്‍; ആദ്യ വനിതാ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അദ

വിമെന്‍ പോയിന്‍റ് ടീം

അദ മാര്‍ട്ടിന സ്‌റ്റോള്‍സ്‌മോ ഹെഗെര്‍ബെര്‍ഗ് എന്ന 23 കാരി ഇനി കായിക ചരിത്രത്തിലെ എഴുതപ്പെട്ട സുവര്‍ണതാരങ്ങള്‍ക്ക് ഒപ്പമാണ്. ചരിത്രത്തിലെ ആദ്യ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അദയുടെ പേര് ഇനി സമകാലികരായ ലൂക്ക മോഡ്രിച്ചിനും, ലയണല്‍ മെസിക്കും, ക്രസ്റ്റിയാനോ റോണാള്‍ഡോയ്ക്കുമൊപ്പമുണ്ടാവും. നോര്‍വയുടെ സ്ട്രൈക്കര്‍ പോസിഷനില്‍ തിളങ്ങുന്ന അദ കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച ഗംഭീര പ്രകടനമാണ് ബാലന്‍ ദി ഓറിന് അര്‍ഹയാക്കിയത്. ഫ്രഞ്ച് വുമണ്‍ ഫുട്‌ബോള്‍ ക്ലബ് ഒളിമ്പിക് ലിയോണീസിന്റെ മിന്നും താരമായ അദ സീസണില്‍ മൊത്തം നേടിയത് 47 ഗോളുകളാണ്.

മാതാപിതാക്കളായ സ്റ്റീന്‍ എറിക് ഹെഗെര്‍ബെര്‍ഗും ജേര്‍ഡ് സ്‌റ്റോള്‍സ്‌മോയും മികച്ച പിന്തുണയാണ് അദയ്ക്കും സഹോദരങ്ങള്‍ക്കും നല്‍കിയത്. 1995 ജൂലൈ 10ന് നോര്‍വെയിലെ മോള്‍ഡിയിലാണ് അദ ജനിച്ചത്. മൂത്ത സഹോദരി അഡ്രീന്‍ ഹെഗെര്‍ബെര്‍ഗിനെ (നോര്‍വെയുടെ വനിതാ ദേശീയ ടീമിലെ മിഡ്ഫീല്‍ഡല്‍) അനുകരിച്ചാണ് അദ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയത്. സിലാസ് ഹെഗെര്‍ബെര്‍ഗ് എന്ന സഹോദരനും ഇവര്‍ക്കുണ്ട്. സണ്‍ഡല്‍സറോയിലെ സണ്‍ഡല്‍ ഫുട്‌ബോള്‍ ക്ലബില്‍ അഡ്രീനൊപ്പം കളിച്ച് തുടങ്ങിയ അദ, അന്നേ സഹോദരിയേക്കാള്‍ പേരെടുത്തിരുന്നു.

റെക്കോഡ് ബ്രേക്കര്‍ എന്നാണ് അദയെ പലരും വിശേഷിപ്പിക്കുന്നത്. 23 വയസ്സിനിടെ 250 ഗോളുകളാണ് കരിയറില്‍ അദ ഇതുവരെ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ നോക്കുകയാണെങ്കില്‍ (2018 ഡിസംബര്‍ 3)66 അപ്പിയറന്‍സുകളില്‍ 38 ഗോളുകളും, യുഇഎഫ്എ ക്ലബ് കോമ്പറ്റീഷന്‍സില്‍ നിന്ന് 41 അപ്പിയറന്‍സില്‍ നിന്ന് 41 ഗോളുകളും, ഡോമസ്റ്റിക് കോമ്പറ്റീഷനില്‍ 197 അപ്പിയറന്‍സില്‍ 205 ഗോളുകളുമാണ് അദയുടെ ഗോള്‍ നേട്ടങ്ങള്‍.

നോര്‍വെജിയന്‍ പ്രൊഫണല്‍ ഫുട്‌ബോളര്‍ തോമസ് റോജനുമായി അദ പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുമാണ് വ്യക്തിജീവിതത്തിലെ വാര്‍ത്തകള്‍. 28 കാരനായ തോമസ് പോളീഷ് ക്ലബായ ലേ പോളീഷിന്റെ ഡിഫന്‍ഡര്‍ താരമാണ്. നോര്‍വെ ദേശീയ ടീമിലേക്കുള്ള പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് തോമസ്.

ക്ലബ് കരിയര്‍

12-ാം വയസ്സില്‍ അദയും കുടുംബവും കോള്‍ബട്ടനിലേക്ക് മാറുകയും സഹോദരിന്മാര്‍ കോള്‍ബട്ടന്‍ ഐഎല്‍ ഫുട്‌ബോള്‍ ക്ലബിലേക്ക് എത്തുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം (2010) കാണുന്ന അദ ക്ലബിന്റെ സൂപ്പര്‍സ്റ്റാറായിരുന്നു. റോ ഐഎല്‍ ക്ലബിനെതിരെ ഏഴാം മിനിറ്റില്‍ നേടിയ ഗോള്‍ (2011 ഓഗസ്റ്റ് 6) ഉള്‍പ്പടെയുടെ ഹാട്രിക് ഗോള്‍ നേട്ടം അദയുടെ സ്റ്റാര്‍ വാല്യു കൂട്ടി. ആ വര്‍ഷത്തെ യംഗ് പ്ലയര്‍ ഓഫ് ദി ലീഗ് അവാര്‍ഡും നേടി 15-കാരിയായ അദ.

2012-ല്‍ സഹോദരിമാര്‍ ഇരുവരും സ്‌റ്റേബാക്ക് ടീമിലെത്തി. ഫാര്‍ട്ട് ക്ലബും സ്‌റ്റേബാക്കും തമ്മിലുള്ള മത്സരത്തില്‍ (2012 മെയ്) ആദ്യ പകുതിയില്‍ അദ അടിച്ച് കൂട്ടിയത് 5 ഗോളുകളാണ്. അതോടെ ടാലന്റ് ഓഫ് മന്ത് അവാര്‍ഡും അദയെ തേടിയെത്തി. 18 കളികളില്‍ നിന്ന് 25 ഗോളുമായി 2012-ലെ ടോപ്പ് ഗോള്‍ സ്‌കോറര്‍ (17 വയസ്സില്‍ താഴെ) പുരസ്‌കാരവും ലഭിച്ചു.

2013-ല്‍ സഹോദരിയോടൊപ്പം ജര്‍മ്മന്‍ ക്ലബായ എഫ്എഫ്‌സി ടര്‍ബൈന്‍ പോസ്റ്റ്ഡാമുമായി കരാറിലെത്തി. 2014-ല്‍ ഒളിമ്പിക് ലിയോണീയിലേക്ക് ട്രാന്‍ഫറായ അദക്ക് മികച്ച തുടക്കം കിട്ടി. 22 ലീഗ് ഗെയിമുകളില്‍ നിന്ന് 26 ഗോളുകളാണ് അദയുടെ കാലില്‍ നിന്ന് പിറന്നത്. മികച്ച പ്രകടനം തുടര്‍ന്ന അദ ക്ലബിനായി പല കിരീടങ്ങളും നേടികൊടുക്കുന്നതില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു. നവംബറില്‍ 2019-ലെ സീസണിലും ക്ലബിനായി കളിക്കാനുുള്ള കരാര്‍ അദ പുതുക്കിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ കരിയര്‍

15 വയസ്സ് കഴിഞ്ഞപ്പോഴേക്കും നോര്‍വെയുടെ അണ്ടര്‍-19 ടീമില്‍ അദ എത്തി. 2011ല്‍ യുഇഎഫ്എ വുമണ്‍സ് യു-19 ചാമ്പ്യന്‍സ്ഷിപ്പില്‍ ഫൈനലിലെത്തിയ നോര്‍വെ ടീമില്‍ അദയുമുണ്ടായിരുന്നു. പിന്നീടെ 2012-ലെ ഫിഫ യു-20 വുമണ്‍സ് വേള്‍ഡ് കപ്പ് ടീമിലും അദ ഇടം നേടി. സഹോദരിമാരുടെ മികച്ച പ്രകടനത്തിലൂടെ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയെങ്കിലും നോര്‍വെക്ക് മുന്നേറാന്‍ സാധിച്ചില്ല.

2013ലെ യുഇഎഫ്എ വുമണ്‍സ് ചാമ്പ്യന്‍സ്ഷിപ്പിലും മികച്ച പ്രകടനമാണ് അദയും ടീമും കാഴ്ചവച്ചത്. എന്നാല്‍ ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെടുകയായിരുന്നു. 2015-ലെ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പിലെ മികച്ച പ്രകടനത്തിന് മികച്ച യുവതാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2105ലെ നോര്‍വെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയ താരത്തിന്. 2018 ഡിസംബറില്‍ പ്രഥമ വനിതാ ബാലന്‍ ദി ഓര്‍ പുരസ്‌കാരവും നേടി അദ ഇപ്പോള്‍ കായിക ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും