സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജനുവരി ഒന്നിന‌് കാസർകോട‌് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ

വിമെന്‍ പോയിന്‍റ് ടീം

‘കേരളം വീണ്ടും ഭ്രാന്താലയമാക്കരുത‌്’ എന്ന‌ മുദ്രാവാക്യമുയർത്തി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പുതുവർഷ ദിനത്തിൽ വനിതാ മതിൽ സൃഷ്ടിക്കും. സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗമാണ‌്  ഈ തീരുമാനമെടുത്തത‌്.  ജനുവരി ഒന്നിന‌് കാസർകോട‌് മുതൽ തിരുവനന്തപുരം വരെയാണ‌്  മതിൽ സൃഷ്ടിക്കുകയെന്ന‌് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന‌് ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന‌ അഭിപ്രായം യോഗത്തിൽ ഉയർന്നു. സ‌്ത്രീ വിവേചന നിലപാടുകൾ ശക്തമാക്കാൻ ഒരു ചെറുവിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ പരാജയപ്പെടുത്താൻ വനിതകളെ തന്നെ അണിനിരത്തി സംസ്ഥാനതല  പ്രചാരണപരിപാടികൾ  സംഘടിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തുടർപ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകാൻ വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ കൺവീനറുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക‌് രൂപം നൽകി. കെ സോമപ്രസാദ‌് എംപിയാണ‌് ട്രഷറർ. കേരളം പൊരുതിനേടിയ നവോത്ഥാന മൂല്യങ്ങൾക്കുനേരെ ചില കേന്ദ്രങ്ങളിൽനിന്ന‌് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിലാണ‌് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം സർക്കാർ  വിളിച്ചുചേർത്തത‌്. കേരളത്തെവീണ്ടും ഇരുണ്ടകാലത്തിലേക്ക‌് തള്ളിവിടാതിരിക്കാൻ എന്തുചെയ്യാൻ കഴിയും എന്നാണ‌് പ്രധാനമായും യോഗം ചർച്ചചെയ‌്തത‌്. ശബരിമല വിധിയെത്തുടർന്ന‌് സർക്കാർ കൈക്കൊണ്ട നടപടികളെ യോഗം പൊതുവിൽ സ്വാഗതം ചെയ‌്തു.

നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്.

നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോ പോലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയില്‍ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവര്‍ മാറി നിന്നാല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല.പാഠഭാഗങ്ങളില്‍ നവോത്ഥാന മൂല്യങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക‌്  യോഗത്തിൽ പങ്കെടുത്ത സംഘടനകളെല്ലാം ഉൾക്കൊള്ളുന്ന ജനറൽ കൗൺസിലും രൂപീകരിച്ചു. സി കെ വിദ്യാസാഗർ, ബി രാഘവൻ  (വൈസ‌് ചെയർമാന്മാർ), സി ആർ ദേവദാസ‌്, സി പി സുഗതൻ, ഇ എൻ ശങ്കരൻ (ജോയിന്റ‌് കൺവീനർമാർ). പി രാമഭദ്രൻ, കെ രാമൻകുട്ടി, പി കെ സജീവ‌്, അഡ്വ. രാജേന്ദ്രപ്രസാദ‌്, എൻ കെ നീലകണ്‌ഠൻ, എം വി ജയപ്രകാശ‌്, അഡ്വ. കെ ആർ സുരേന്ദ്രൻ, ഭാസ‌്കരൻ നായർ, കരിമ്പുഴ രാമൻ, സീതാദേവി, ടി പി കുഞ്ഞുമോൻ, കെ കെ സുരേഷ‌് (എക‌്സിക്യുട്ടീവ‌് കമ്മിറ്റിയംഗങ്ങൾ). ജനറൽ കൗൺസിലിലേക്കും എക‌്സിക്യുട്ടീവിലേക്കും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ പിന്നീട‌് നടത്തും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും