ലോകവ്യാപകമായി സ്ത്രീകള്‍ത്ത് ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടം അവരുടെ വീട് തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനം. ലോകത്തിലെ കൊലപാതകങ്ങളുടെ കണക്ക് അപഗ്രഥിച്ച് യുഎന്‍ ഓഫീസ്‍ ഓണ്‍ ഡ്രഗ്‍സ്‍ ആന്‍ഡ്‍ ക്രൈം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് ഏറ്റവും കുറവ് സുരക്ഷിതര്‍ എന്ന നിഗമനം. കഴിഞ്ഞ വര്‍ഷംമാത്രം സ്ത്രീകള്‍ കൊല്ലപ്പെടുന്ന സാഹചര്യങ്ങളില്‍ പകുതിയില്‍ അധികവും കുറ്റക്കാര്‍ പങ്കാളികളോ ബന്ധുക്കളോ ആണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിയമപരമായ നടപടികളും സാമൂഹ്യ പരിപാടികളും പല സര്‍ക്കാരുകളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്‍തിയില്‍ എത്തിയിട്ടില്ലെന്ന് കണക്കുകള്‍ പരിശോധിച്ച് ഐക്യരാഷ്ട്ര സഭ പറയുന്നു. അഞ്ചില്‍ ഒന്ന് കൊലപാതകങ്ങളിലും കുറ്റവാളി പങ്കാളിയോ കുടുംബാംഗമോ ആയിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 87,000 സ്ത്രീകള്‍ കൊലപാതകത്തിന് ഇരകളായി. ഇതില്‍ 34 ശതമാനം പങ്കാളിയോ 24 ശതമാനം ബന്ധുക്കളോ ആണ് നടത്തിയത്. ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ആഫ്രിക്കയില്‍ ആണ്. തൊട്ടുപിന്നാലെ അമേരിക്കയുണ്ട്. ഏറ്റവും കുറവ് കൊലപാതകങ്ങള്‍ യൂറോപ്പിലാണ്. കൂടുതലും സാമൂഹ്യ ചിന്താഗതികളാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. അസൂയ, മദ്യപാനം, പങ്കാളി ഉപേക്ഷിക്കുമോയെന്ന ചിന്ത തുടങ്ങിയവയാണ് സ്ത്രീകള്‍ കൂടുതലായി കൊല്ലപ്പെടാന്‍ കാരണം. ദുരഭിമാനക്കൊലകളില്‍ സ്ത്രീകള്‍ കുറ്റവാളികളാകുന്ന സാഹചര്യവും കൂടിവരുന്നതായി പഠനത്തില്‍ വ്യക്തമായി.