കന്യാസ്ത്രീകള്‍ സഭയ്ക്കുള്ളിൽ നിന്നും പുറത്തു നിന്നും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ മൂടി വെയ്ക്കുന്നത് അവസാനിപ്പിക്കാൻ കന്യാസ്ത്രീമാരുടെ ആഗോള സംഘടനയുടെ ആഹ്വാനം. സന്യാസിനീസമൂഹങ്ങളുടെ നേതൃചുമതലയുള്ള സുപ്പീരിയര്‍ ജനറൽമാരുടെ ആഗോള സംഘടനയായ ഇന്‍റര്‍നാഷണൽ യൂണിയൻ ഓഫ് സുപ്പീരിയര്‍ ജനറലാണ് നിശബ്ദതയുടെയും രഹസ്യാത്മകതയുടെയും സംസ്കാരം അവസാനിപ്പിക്കാനും ലൈംഗികചൂഷണങ്ങള്‍ മേലധികാരികളെയും പോലീസിനെയും അറിയിക്കാനും ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകവ്യാപകമായി കന്യാസ്ത്രീകള്‍ തങ്ങളനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സുപ്പീരിയര്‍ ജനറൽമാരുടെ സംഘടനയും തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആഗോളതലത്തിൽ അഞ്ച് ലക്ഷത്തിലധികം കന്യാസ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് റോം ആസ്ഥാനമായ ഐയുഎസ്‍ജി. പീഡനമേൽക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് സംഘടന വാഗ്ദാനം ചെയ്യുന്നു. വൈദികരിൽ നിന്നും മെത്രാൻമാരിൽ നിന്നും കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെപ്പറ്റി സഭയ്ക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നുവെന്നും എന്നാൽ ഇതിനെതിരെ സഭ വലിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നുമുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വൈദികരാണ് കന്യാസ്ത്രീകളുടെ മേൽ അതിക്രമത്തിനു മുതിരുന്നവരിൽ മുന്നിൽ എന്ന തരത്തിലുള്ള സൂചനകള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലില്ല. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉള്‍പ്പെട്ട കന്യാസ്ത്രീപീഡനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളാണ് അടുത്തിടെ കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കിയത്. സ്ഥാപനത്തിന്‍റെ അഭിമാനം സംരക്ഷിക്കാനായി നിശബ്ദതയും രഹസ്യാത്മകതയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരത്തെ അപലപിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. സന്യാസിനീസമൂഹങ്ങള്‍ക്കുള്ളിലോ ഇടവകയിലോ രൂപതതലത്തിലോ പൊതുസമൂഹത്തിലോ ഉണ്ടാകുന്ന പീഡനങ്ങളുടെ സിവിൽ, ക്രിമിനൽ റിപ്പോര്‍ട്ടിങിനെ പിന്തുണയ്ക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. കന്യാസ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സഭാസംവിധാനം ഉപയോഗിച്ച് യൂറോപ്പിലും ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വാര്‍ത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ്സ് പുറത്തെത്തിച്ചിരുന്നു. മീടൂ ക്യാംപയിന്‍റെ പിന്തുടര്‍ച്ചയെന്നോണം പീഡനങ്ങള്‍ക്കെതിരെ ചില കന്യാസ്ത്രീകള്‍ രംഗത്തുവരുന്നുണ്ടെങ്കിലും ഭൂരിപക്ഷം കന്യാസ്ത്രീകളും വെളിപ്പെടുത്തലുകള്‍ക്ക് തയ്യാറാകുന്നില്ലെന്ന് സിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളെ ആരും വിശ്വസിക്കില്ലെന്ന മുൻധാരണയ്ക്കു പുറമെ വൈദികന്‍റെ വിശുദ്ധി നഷ്ടപ്പെടുത്താൻ പ്രേരണ നല്‍കിയെന്ന കുറ്റം തങ്ങളുടെ മേൽ വരുമെന്ന ഭയവും കന്യാസ്ത്രീകളെ ചൂഷണങ്ങള്‍ മൂടിവെയ്ക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് എപി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ചൂഷണങ്ങള്‍ തുറന്നു പറയുന്ന കന്യാസ്ത്രീകള്‍ക്ക് മഠം വിട്ടു പോകേണ്ടി വരികയും കുറ്റാരോപിതനായ വൈദികൻ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്. 1990കളിൽ ഈ വിഷയത്തിൽ വത്തിക്കാൻ ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ കത്തോലിക്കാ സഭയിലെ വൈദികര്‍ എച്ച്ഐവി പടരുമെന്നുള്ള ഭീഷണി ഒഴിവാക്കാൻ കന്യാസ്ത്രീകളെ ലൈംഗികബന്ധത്തിന് സമീപിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.