സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംവരണം പറഞ്ഞ് ഒന്നാം റാങ്കുകാരിയെ മറികടന്നു; ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈക്കോടതി റദ്ദ്‌ ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

ഒന്നാം റാങ്കുകാരിയെ മറികടന്ന് അനധികൃത നിയമനം നേടിയെന്നു കണ്ടെത്തി തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിട്ടുള്ള നിയമനമാണ് റദ്ദ് ചെയ്തത്. ഇവര്‍ക്ക് പകരം റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരിയായ ഡോ. പി എം ബിന്ദുവിന് നിയമനം നല്‍കാനും കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.

കരാര്‍ അടിസ്ഥാനത്തിലായിരുന്നു സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എം എഡ് വിഭാഗത്തില്‍ ഷഹലയ്ക്ക് സര്‍വകലാശാലയില്‍ നിയമനം നല്‍കിയത്. ഇവര്‍ ഇതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിഎഡ് വിഭാഗത്തില്‍ ജോലി നോക്കി വരികയായിരുന്നു. അതില്‍ നിന്നും വിടുതല്‍ നേടിയാണ് എംഎഡ് വിഭാഗത്തില്‍ കയറുന്നത്.

എംഎല്‍എയുടെ ഭാര്യയുടെ നിയമനത്തിനെതിരേ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ കണ്ണൂര്‍ ചാവശ്ശേരി സ്വദേശിയായ ഡോ. എം പി ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിന്ദു ഡോക്ടറേറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥി കൂടിയായിരുന്നു. സഹല ഗവേഷക ബിരുദം ഇല്ലാത്തയാളും. യോഗ്യതയിലെ ഈ വ്യത്യാസവും റാങ്ക് ലിസ്റ്റിലെ സ്ഥാനവും പരിഗണിക്കാതെയാണ് ഷഹലയ്ക്ക് നിയമനം കൊടുത്തത്. ഇത്തരത്തില്‍ നിയമനം നേടാന്‍ ഷഹലയ്ക്ക് കഴിഞ്ഞത് രാഷ്ട്രീയ സ്വാധീനത്തിലൂടെയായിരിക്കാമെന്നായിരുന്നു പരാതിക്കാരിയായ ബിന്ദു ആരോപിച്ചത്. എന്നാല്‍ സര്‍വകലാശാല സഹലയുടെ നിയമനത്തെ ന്യായീകരിച്ചത് ഇത് സംവരണ നിയമനം എന്ന് പറഞ്ഞായിരുന്നു. ഷഹലയുടെ നിയമനം വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണെന്നുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും കോടതി വിശദീകരണം തേടിയ സമയത്തും സര്‍വകലാശാല നല്‍കിയ മറുപടി സഹലയുടേത് സംവരണ നിയമനം ആയിരുന്നുവെന്നാണ്. അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ പിന്നീട് വരുന്ന നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍, പെഡഗോഗിക്കല്‍ സയന്‍സില്‍ കഴിഞ്ഞ എട്ടിന് നടന്ന അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നുമായിരുന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയത്. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം പിന്നീട് ഒബിസി മുസ്ലിം എന്ന് തിരുത്തിയാണ് ഷഹലയ്ക്ക് നിയമനം നല്‍കിയതെന്നും ഡോ. എം പി ബിന്ദു കോടതിയെ ബോധിപ്പിച്ചു. സര്‍വകലാശാല കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലെന്നും ഈ നിയമനത്തില്‍ മാത്രമാണ് സംവരണം കൊണ്ടുവന്നതെന്നും ഇതുപയോഗിച്ചാണ് തന്നെ മറികടന്ന് സഹലയ്ക്ക് നിയമനം നല്‍കിയതെന്നും ബിന്ദു കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ സയന്‍സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന താന്‍, 2018 ജൂണ്‍ 22 ന് കരാര്‍ കാലാവധി തീരുന്നതിനു മുമ്പ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസി. പ്രൊഫസര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 14 ന് നടത്തിയ വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നുവെന്ന് ബിന്ദു ഹര്‍ജിയില്‍ പറയുന്നു. ഈ ഇന്റര്‍വ്യൂവിന്റെ റാങ്ക് ലിസ്റ്റ് വന്നിട്ടില്ലെങ്കിലും തനിക്ക് ഒന്നാം റാങ്കും തന്നെക്കാള്‍ അഞ്ചു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ഷഹലയ്ക്ക് രണ്ടാം റാങ്കും കിട്ടിയതായും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അറിഞ്ഞിരുന്നതായും ബിന്ദു പറയുന്നു. എന്നാല്‍ ഒന്നാം റാങ്കുകാരിയായ തന്നെ മറികടന്ന് ഷഹലയ്ക്ക് സര്‍വകലാശാല നിയമനം നല്‍കിയെന്നാണ് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ബിന്ദുവിന്റെ യോഗ്യത അംഗീകരിച്ച് ഇപ്പോള്‍ ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി ഉത്തരവ് നല്‍കിയിരിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും