സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളസമൂഹം ഒത്തുചേരുന്നു: ‘നമ്മള്‍ ജനങ്ങ’ളിലൂടെ

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യന്‍ ഭരണഘടന ഛിദ്രശക്തികളില്‍ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യമാകെ ആളിപ്പടരാന്‍ ഒരു ജ്വാല നവംബര്‍ 13ന് കേരള തലസ്ഥാനത്ത് ജനങ്ങള്‍ കൊളുത്തിവയ്ക്കുകയാണ്. ഏതെങ്കിലും കൊടിയുടേയോ ബാനറിന്റേയോ കീഴിലല്ലാതെ നടത്തുന്ന ഒരു പകല്‍ നീളുന്ന ഭരണഘടനാ സംരക്ഷണ മഹാസംഗമം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യവാചകമാണ് സംഗമത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്- ‘വീ ദ പീപ്പിള്‍’. ആരും കുത്തകയാക്കിയിട്ടില്ലാത്ത ‘മജന്ത’ ആണ് സംഗമത്തിന്റെ ഔദ്യോഗിക നിറമായി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.

കേരളത്തിലെ തെരുവുകളില്‍ ഇന്ന് ചിലര്‍ സംഘടിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമായ നിലപാടുകളുമായാണ്. അതൊരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം നിലപാടാണെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിനായിരുന്നു ഇതുവരെ ദൃശ്യത. പലരും ഇതില്‍ അറിയാതെ ഇരകളാക്കപ്പെടുകയാണുണ്ടാകുന്നത്. ഭരണഘടന ഓരോ പൗരനും നിശ്ചയിച്ചുതന്നിട്ടുള്ള അവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും മേലുള്ള കടന്നുകയറ്റത്തിലേക്കാണ് ഈ നീക്കം രാജ്യത്തെ നയിക്കുന്നത്. ഇത് അനുവദിക്കപ്പെട്ടാല്‍ ഭാവിയില്‍ ഭരണഘടനതന്നെ ഇല്ലാതാക്കപ്പെട്ടേക്കാം. ഈ അപകടം തിരിച്ചറിഞ്ഞ് പൊതുസമൂഹം ഉണരുകയാണ് ‘വീ ദ പീപ്പിള്‍’ എന്ന കൂട്ടായ്മയിലൂടെ. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ആശയമാണ് ‘വീ ദ പീപ്പിള്‍’ സംഗമമായി മാറിയിരിക്കുന്നത്.

നമ്മുടെ രാജ്യത്തേയും ഭരണഘടനയേയും നിയമവ്യവസ്ഥയേയും സംരക്ഷിച്ചുനിറുത്താനും സമത്വവും സ്വാതന്ത്ര്യവും അന്തസ്സും അടക്കമുള്ള സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നടത്തുന്ന സംഗമത്തില്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരും കുടുംബസമേതം അണിനിരക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 13ന് രാവിലെ 10.30ന് തുടങ്ങി ഒരുപകല്‍ നീളുന്ന സംഗമത്തില്‍ ചിന്തയും പാട്ടും നൃത്തവും കവിതയും കഥയും കളിയും ചിരിയും നാടകവും എല്ലാമായി സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും ഐക്യപ്പെടലാണ് സംഭവിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും