ഇന്ത്യയിലെ സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലാതെ ആകുന്നു എന്നാണ് അടുത്തയിടെ ഉണ്ടാകുന്ന സംഭവങ്ങള്‍ സൂചന നല്കുന്നത് . 55 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മഹാരാഷ്ട്രയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ മൂന്നു അദ്ധ്യാപകര്‍ അറസ്റ്റില്‍ ആയ വാര്‍ത്ത ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 6-9 പ്രായത്തിലുള്ള 53% പെണ്‍കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയാത്ത ഇന്ത്യയിലാണ് അദ്ധ്യാപകരുടെ ലൈംഗിക ചൂഷണം കുട്ടികളെ സ്കൂളില്‍ നിന്നും അകറ്റുന്നത്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍റ്ട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗ്ലൂരില്‍ നിന്നും കുറേ കാലമായി ഞെട്ടിക്കുന്ന ബാലികാപീഡനങ്ങളാണ് പുറത്തുവരുന്നത്. അവിടെ രക്ഷകര്‍ത്താക്കള്‍ ശക്തമായ പ്രതിഷേധസമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ചില നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെട്ടത്. ബംഗളൂരിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ പ്രവേശന സമയത്ത് , ലൈംഗിക പീഡനത്തിനു സ്കൂള്‍ ഉത്തരവാദി അല്ലെന്നു എഴുതി ഒപ്പിട്ടു കൊടുക്കാന്‍ രക്ഷകര്‍ത്താക്കളോട് ആവശ്യപ്പെട്ടത് വിവാദം ഉയര്‍ത്തിയിരുന്നു. അധ്യാപകരുടെയും അനധ്യാപകരുടെയും ലൈംഗിക ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. രക്ഷകര്‍ത്താക്കളുടെ കണ്ണെത്താത്ത ഇടമാണ് സ്കൂള്‍. കുഞ്ഞുങ്ങളെ സ്കൂളില്‍ വിടുന്നതോടെ അവര്‍ സുരക്ഷിതരാണ് എന്നാണ് പൊതുധാരണ. എന്നാല്‍ സര്‍ക്കാരെന്നോ സ്വകാര്യമെന്നോ വ്യത്യാസമില്ലാതെ സ്കൂള്‍ അന്തരീക്ഷം കുട്ടികള്‍ക്ക് അപായകരം ആകുന്നതു ആശങ്കാജനകമാണ് . മദ്യ, മയക്കുമരുന്ന് , ലൈംഗികമാഫിയകളും കുട്ടികളെ വലയില്‍ ആക്കുന്നതിന് സ്കൂളിന് ചുറ്റും കഴുകന്മാരെ പോലെ വട്ടമിടുന്നു. 2014 മേയ് മുതല്‍ സ്കൂളുകള്‍ക്ക് ചുറ്റും ഉള്ള കടകളില്‍ കേരള പോലിസ് നടത്തിയ റെയിഡില്‍ 7171 പേരെ ആണ് കസ്റ്റഡിയില്‍ എടുത്തത്. 14 വയസ്സാണ് കേരളത്തില്‍ മദ്യപാനം തുടങ്ങുന്ന ശരാശരി വയസ്സ്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ക്ലാസ്സില്‍ ഇരുന്നു മദ്യപിക്കുന്ന സംഭവങ്ങളും ഉണ്ട്. സ്കൂളിലേക്ക് വരുന്ന വഴിയിലും പലതരത്തിലുള്ള അതിക്രമങ്ങള്‍ കുട്ടികള്‍ നേരിടുന്നു. ബസ്സിലും സ്കൂള്‍ വാനിലും ഓട്ടോ റിക്ഷയിലും പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണം അനുഭവിക്കുന്നു. നഗരത്തില്‍ മാത്രമല്ല, ഗ്രാമങ്ങളിലെ സ്ഥിതിയും ഇത് തന്നെയാണ്. സ്കൂളില്‍ പോകുന്ന വഴിയില്‍ കൂട്ടബലാല്‍സംഗത്തിനു 14 കാരി വിധേയയായത് കേരളത്തിലാണ്. വഴിയില്‍ വെച്ചും മറ്റും ഉണ്ടാകുന്ന അപമാനങ്ങള്‍ പെണ്‍കുട്ടികള്‍ പുറത്ത് പറയാനും മടിക്കുന്നു. പലപ്പോഴും പുറത്ത് പറയുന്നതോടെ അവളുടെ വിദ്യാഭ്യാസം അവിടെ അവസാനിക്കുന്നതാണ് ഇതിനു ഒരു പ്രധാന കാരണം. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ സ്കൂള്‍ എങ്ങനെ സ്ത്രീസൗഹാര്‍ദപരം ആക്കാമെന്നു കൂടി അദ്ദേഹം വിശദീകരിക്കണം. ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന സ്കൂളുകളുടെ പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നത് നയരൂപീകരണ വിദഗ്ദ്ധരുടെ ശ്രദ്ധ പതിയാത്ത മേഖലയാണ്. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നത് ദൂരവ്യാപക പ്രത്യഘാതത്തിനു ഇടയാക്കും .