സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌മൃതി ഇറാനിയുടേത്‌ ദളിതരെയും ആർത്തവമുള്ള സ്‌ത്രീകളെയും അശുദ്ധരായി കാണുന്ന മനുസ്‌മൃതിയിലെ സങ്കൽപ്പം‐ വൃന്ദാ കാരാട്ട്‌

വിമെന്‍ പോയിന്‍റ് ടീം

ആർത്തവം അശുദ്ധിയാണെന്ന്‌ സ്‌ത്രീകൾ അംഗീകരിക്കണമെന്നും ആർത്തവമുള്ള സ്‌ത്രീകൾ ആരാധനാലയങ്ങളെ അശുദ്ധമാക്കുമെന്നുമുള്ള കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വാദത്തിന്‌ മറുപടിയുമായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയോടുള്ള പ്രതികരണമായാണ്‌ കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം. തന്റെ ഭർത്താവ്‌ പാഴ്‌സിയാണെങ്കിലും ഹിന്ദുവായ താൻ പാഴ്‌സി വിശ്വാസത്തെ മാനിച്ച്‌ അവരുടെ ആരാധനാലയങ്ങളിൽ നിന്നു വിട്ടുനിൽക്കാറുണ്ടെന്നും പാഴ്‌സി സ്ത്രീകളും ആരാധനാലയങ്ങളിൽ പ്രവേശിക്കാറില്ലെന്നും തന്റെ പ്രസ്‌താവന വിവാദമായതോടെ സ്‌മൃതി ഇറാനി പറഞ്ഞു. 

സ്‌മൃതി ഇറാനിയുടെ വാദങ്ങളെ രൂക്ഷമായി വിമർശിച്ച വൃന്ദകാരാട്ട്‌ വിശ്വാസികൾക്ക്‌ ആർത്തവ സമയത്ത്‌ ആരാധനാലയങ്ങളിൽ നിന്ന്‌ വിട്ടുനിൽക്കാൻ വ്യക്തിപരമായ തീരുമാനമെടുക്കാമെന്നും അത്‌ സ്‌ത്രീകളെ വിലക്കുന്നതിനു ന്യായീകരണമാകുന്നില്ലെന്നും വ്യക്തമാക്കി. ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച എഡിറ്റ്‌ പേജ്‌ ലേഖനത്തിലാണ്‌ വൃന്ദ കാരാട്ട്‌ സ്‌മൃതി ഇറാനിയുടെ വാദങ്ങൾക്ക്‌ മറുപടിയെഴുതിയത്‌. സ്‌മൃതി ഇറാനിയുടെ വാദങ്ങൾക്ക്‌ മതവിശ്വാസവുമായി ബന്ധമില്ലെന്നും ദളിതരെയും ആർത്തവമുള്ള സ്‌ത്രീകളെയും ഒരുപോലെ അശുദ്ധരായി കാണുന്ന മനുസ്‌മൃതിയിലെ ശുദ്ധി‐അശുദ്ധി സങ്കൽപ്പമാണ്‌ അവർ മുന്നോട്ടുവക്കുന്നതെന്നും വൃന്ദാ കാരാട്ട്‌ തന്റെ ലേഖനത്തിൽ പറയുന്നു. 

ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വൃന്ദാ കാരാട്ടിന്റെ ലേഖനത്തിന്റെ പ്രസക്തഭാഗം(പരിഭാഷ)

സ്‌മൃതി ഇറാനി പറയുന്ന ശുദ്ധി‐അശുദ്ധി സങ്കൽപ്പത്തിന്റെ പേരിലുള്ള വിലക്കുകൾ ഒരിക്കൽ നാം അംഗീകരിച്ചുകഴിഞ്ഞാൽ, ദേവാലയങ്ങൾക്കപ്പുറം മറ്റ്‌ പൊതുവിടങ്ങളിലും ആർത്തവമുള്ള സ്‌ത്രീകളെ വിലക്കുന്ന സ്ഥിതി വന്നാൽ അതും അംഗീകരിക്കേണ്ടി വരും. ഉദാഹരണത്തിന്‌ പ്രധാനമന്ത്രി ഒരിക്കൽ ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ എന്നു വിശേഷിപ്പിച്ച പാർലമെന്റിന്റെ കാര്യം തന്നെയെടുക്കാം! 

ഇത്തരം സ്‌ത്രീവിരുദ്ധമായ സവർണ സങ്കൽപ്പങ്ങളെയും ആചാരങ്ങളെയുമെല്ലാം തുല്യതക്കായുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സ്‌ത്രീകൾ ചെറുത്ത്‌ തോൽപ്പിച്ചതാണ്‌. ഇതേ ആചാരങ്ങളെയും സങ്കൽപ്പങ്ങളെയും സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമാണ്‌ ഇന്ന്‌ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്‌. വിശ്വാസങ്ങളെയും അനുഷ്‌ഠാനങ്ങളെയും ബഹുമാനിക്കണമെന്ന ന്യായമാണ്‌ ഇവർ ഉയർത്തുന്നതെങ്കിലും മതവിശ്വാസവുമായി ഇവയ്‌ക്ക്‌ നേരിട്ട്‌ ബന്ധമില്ല എന്നതാണ്‌ വസ്‌തുത. 

ശബരിമല സംഭവം തന്നെ ഉദാഹരണമായെടുക്കാം. ആർത്തവ പ്രായത്തിലുള്ള സ്‌ത്രീകൾക്ക്‌ ക്ഷേത്രത്തിൽ പോകുന്നതിന്‌ വിലക്കുണ്ടായിരുന്നില്ല. 1991ൽ  എസ്‌ മഹേന്ദ്രൻ എന്നയാളുടെ ഹർജി പരിഗണിച്ചുകൊണ്ട്‌ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ്‌ പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്‌ത്രീകളുടെ ശബരിമലയിലെ പ്രവേശനം വിലക്കുന്നത്‌. എന്നാൽ 1940ൽ തിരുവിതാംകൂറിലെ മഹാറാണിയടക്കം നിരവധി സ്‌ത്രീകൾ ക്ഷേത്രാചാര ചടങ്ങുകളിൽപ്പോലും പങ്കെടുത്തിരുന്ന സംഭവങ്ങൾ ഈ വിധിപ്പകർപ്പിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. 

‘‘പണ്ട്‌ കാലത്ത്‌ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ പ്രവേശിക്കുന്നതിന്‌ നിരോധനം ഉണ്ടായിരുന്നില്ല. പക്ഷേ സ്‌ത്രീകൾ അധികമായി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നില്ല. ഇത്‌ ഹിന്ദു മതാചാരപ്രകാരം ഏർപ്പെടുത്തിയിരുന്ന എന്തെങ്കിലും വിലക്കുകൾ മൂലമല്ല, മതസംബന്ധമല്ലാത്ത മറ്റ്‌ കാരണങ്ങളാലായിരുന്നു. ഈ അടുത്ത വർഷങ്ങളിൽ പത്തിനും 50നും ഇടയിൽ പ്രായമുള്ള ഭക്തകളോടൊപ്പം നിരവധി വിശ്വാസികൾ കുട്ടികളുടെ ചോറൂണിനായി ഇവിടെ പോയിരുന്നു.  ദേവസ്വം ബോർഡ്‌ ഇതിനായി പണമടക്കുന്നവർക്ക്‌ രസീതും നൽകിയിരുന്നു.’’ ‐ വിധിയിൽ പറയുന്നു. ഈ വസ്‌തുതകൾ സ്‌മൃതി ഇറാനി  അറിഞ്ഞിരിക്കേണ്ടതാണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും