സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു

വിമെന്‍ പോയിന്‍റ് ടീം

ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിക്കി ഹാലി രാജി നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്‌സിയോസ് ആണ് നിക്കി ഹാലിയുടെ രാജി വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയാണ് നിക്കി രാജി നല്‍കിയത്. രാജി വച്ചേക്കുമെന്ന് ആറ് മാസം മുമ്പ് അവര്‍ തനിക്ക് സൂചന നല്‍കിയിരുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിക്കി ഹാലി ഭരണപരമായ ചുമതലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാകുമെന്ന് രാജി സ്വീകരിച്ചുകൊണ്ട് ട്രംപ് അറിയിച്ചു.

യുഎന്‍ അംബാസഡറായി നിയമിക്കപ്പെടുമ്പോള്‍ ചില നിബന്ധനകള്‍ നിക്കി, ട്രംപിന് മുന്നില്‍ വച്ചിരുന്നു. തന്നെ കാബിനറ്റിലും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലും അംഗമാക്കണമെന്ന് അവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. നയരൂപീകരണത്തില്‍ തനിക്ക് പങ്കാളിത്തം വേണമെന്ന് അവര്‍ വ്യക്തമാക്കി. 2017ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ നിക്കി ഇക്കാര്യം പറഞ്ഞിരുന്നു. ട്രംപ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ നിക്കി ഹാലി തള്ളിക്കളഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കുടിയേറ്റ നയം അടക്കമുള്ള വിഷയങ്ങളില്‍ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നിക്കി ഹാലി ഉന്നയിച്ചിരുന്നത്. നിക്കി ഹാലി സൗത്ത് കരോലിനക്കാര്‍ക്ക് അപമാനമാണ് എന്നായിരുന്നു അക്കാലത്ത് ട്രംപിന്‍റെ മറുപടി. സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയും മുന്‍ സൗത്ത് കരോലിന ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി, ട്രംപിനെ പിന്തുണച്ചിരുന്നില്ല. ആദ്യം മാര്‍ക്കോ റൂബിയോയേയും (ഫ്‌ളോറിഡ സെനറ്റര്‍) പിന്നീട് ടെഡ് ക്രൂസിനേയുമാണ് (ടെക്‌സാസ് സെനറ്റര്‍) അവര്‍ പിന്തുണച്ചിരുന്നത്. എന്നാല്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും അധികാരത്തിലെത്തുകയും ചെയ്തതിന് പിന്നാലെ അവരെ യുഎന്നിലെ അംബാസഡറായി നിയമിക്കുകയായിരുന്നു. ടീം ട്രംപിലെ പ്രധാനികളില്‍ ഒരാളായി നിക്കി ഹാലി മാറി. വിദേശനയ രൂപീകരണത്തില്‍ – ഉത്തരകൊറിയയോടും ഇറാനോടുമുള്ളതടക്കമുള്ള ട്രംപ് ഗവണ്‍മെന്റിന്റെ നയ സമീപനങ്ങളില്‍ അവര്‍ സ്വാധീനം ചെലുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും