സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രളയത്തെ നേരിട്ട കേരളഗവണ്‍മെന്‍റ് മികച്ച മാതൃക

വിമെന്‍ പോയിന്‍റ് ടീം

100 വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാദുരന്തം ആസൂത്രണത്തോടെ നേരിടുക ബുദ്ധിമുട്ടാണ്. എന്നാല്‍ കേരളം പ്രളയത്തെ നേരിട്ട മാതൃക തെളിയിക്കുന്നത് മികച്ച ഭരണനിര്‍വ്വഹണം സംസ്ഥാനത്ത് ഉണ്ട് എന്നതാണെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ് ഡീന്‍ ജാന്‍കി അന്ധാരിയ പറഞ്ഞു. “വലിയ ഒരു വിഭാഗം ജനങ്ങളെ കുറഞ്ഞ സമയം കൊണ്ട് കേരള ഗവണ്‍മെന്റിന് ഒഴിപ്പിക്കാന്‍ കഴിഞ്ഞത് വളരെ കൃത്യമായ വിവര വിനിമയത്തിലൂടെയാണ്. വന്‍ പ്രളയം ഉണ്ടായിട്ടും 400ല്‍ താഴെ മാത്രം പേരുടെ ജീവന്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നു കാണിക്കുന്നത് ജാഗ്രത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിയിട്ടുണ്ട് എന്നതാണ്.” ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ജാന്‍കി അന്ധാരിയ പറഞ്ഞു.

“ദേശീയ ദുരന്ത പ്രതികരണ വിഭാഗവും സൈന്യവും എത്തുന്നതിന് മുന്‍പ് തന്നെ പോലീസും മറ്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തിറങ്ങി. രക്ഷാ പ്രവര്‍ത്തനത്തില്‍ പ്രാദേശിക സമൂഹത്തിന്റെ പ്രതികരണം മികച്ച ഗവണ്‍മെന്‍റിനെയാണ് കാണിക്കുന്നത്. എങ്ങിനെയാണ് ധീരതയോടെയും സംഘടിത രൂപത്തിലും സമൂഹം രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തിയത് എന്നതിന്റെ കൂടുതല്‍ കഥകളാണ് പുറത്തുവരുന്നത്” ജാന്‍കി അന്ധാരിയ പറഞ്ഞു.

“കേരളത്തിലെ ജനങ്ങള്‍ കാണിച്ച സംയമനവും അച്ചടക്കവും എടുത്തു പറയേണ്ടതാണ്. ഇതുപോലുള്ള മഹാദുരന്തങ്ങളുടെ ഘട്ടത്തില്‍ സമൂഹം അരാജകമാവുകയാണ് പതിവ്. സൈന്യം, സന്നദ്ധ സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സമൂഹം, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുമായുള്ള ഏകോപനം ഗവണ്‍മെന്റിന് സാധിച്ചു എന്നത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു എന്ന കാര്യവും ശ്രദ്ധിയ്ക്കുക” ജാന്‍കി അന്ധാരിയ കൂട്ടിച്ചേര്‍ത്തു.

കേരളം ഇനി ശ്രദ്ധിക്കേണ്ടത് ഭൂ വിനിയോഗത്തില്‍ ആണെന്നും തീരദേശ പരിപാലന മേഖല പോലെ നദീ പരിപാലന മേഖലകള്‍ ഉണ്ടാകേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മലയോര മേഖലകളിലെ കയ്യേറ്റങ്ങളും തടയേണ്ടതുണ്ട്.

പ്രളയത്തെ നേരിട്ട മികച്ച മാതൃകകള്‍ ഡോക്യുമെന്‍റ് ചെയ്യപ്പടേണ്ടതാണെന്നും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവണ്‍മെന്‍റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ജാന്‍കി അന്ധാരിയ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും