സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അർജന്റീനയെ വിറപ്പിച്ച മലയാളി

വിമെന്‍ പോയിന്‍റ് ടീം

1981ലെ രണ്ടാം വനിതാ ലോക കപ്പ‌് ഫുട‌്ബോൾ മത്സരം. വേദി ചൈനീസ‌് തായ‌്പേയ‌്. ഇന്ത്യ‐അർജന്റീന മത്സരത്തിന്റെ 25‐ാം മിനിറ്റ‌്. വലതുപാർശ്വത്തിൽനിന്ന‌് പറന്നുവന്ന കൃത്യതയാർന്ന ക്രോസ‌് ഇന്ത്യൻ മുന്നേറ്റക്കാരി ചാന്ദിമാലിക‌് തലകൊണ്ടു തഴുകി വലയിലാക്കി. ആ ലോക കപ്പിൽ ഇന്ത്യയുടെ ഏക ഗോൾ.

അവസരമൊരുക്കിയത‌് മലയാളിയായ എസ‌് ലളിത. അഞ്ചു മിനിറ്റിനകം അർജന്റീന തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ വനിതകളുടെ പോരാട്ടവീര്യത്തിനു മുന്നിൽ സമനില വഴങ്ങാനേ  കഴിഞ്ഞുള്ളൂ. പക്ഷേ, ആ പോരാട്ടത്തിന‌് മുന്നിൽനിന്നു നയിച്ച തിരുവനന്തപുരം കൊഞ്ചിറവിളയിലെ ല‌ളിതയെക്കുറിച്ച‌്  ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട‌്ബോൾ ലോകം പിന്നീട‌് ചർച്ച ചെയ‌്തില്ല. ലോക കപ്പ‌് കളിച്ച ഏക മലയാളി വനിതയെന്ന അംഗീകാരം ഇപ്പോഴാണ‌് ലളിതയെ തേടിയെത്തുന്നത‌്.

വനിതാ ഫുട‌്ബോൾ ലോക കപ്പിന‌് ഫിഫ അംഗീകാരം ലഭിച്ചത‌് 1990നു ശേഷമാണ‌്. അതിനുമുമ്പ‌് നടന്ന ലോക കപ്പ‌് ആയതുകൊണ്ടാകാം താൻ ഉൾപ്പെടെയുള്ളവർക്ക‌് പരിഗണന ലഭിക്കാതെ പോയതെന്ന‌് സമാധാനിക്കാനാണ‌് കെഎസ‌്ആർടിസിയിൽനിന്ന‌് അഡ‌്മിനിസ‌്ട്രേറ്റീവ‌് ഒാഫീസറായി വിരമിച്ച ലളിതയ‌്ക്കിഷ്ടം. 1982ൽ കേരളം ജി വി രാജാ പുരസ‌്കാരം നൽകി ആദരിച്ചതുമാത്രമാണ‌് ലഭിച്ച ഏക അംഗീകാരം.   ‘ആണുങ്ങൾ കളിക്കുന്ന കളി’ എന്ന‌ുപറഞ്ഞ‌് പെൺകുട്ടികളെ കളത്തിന‌് പുറത്തിരുത്തിവന്ന കാലത്താണ‌് ലളിത പന്തുതട്ടുന്നത‌്. അക്കാലത്ത‌് ജില്ലാ ടീമിലേക്ക‌് സെലക‌്ഷൻ കിട്ടിയെങ്കിലും പത്താം ക്ലാസ‌് പരീക്ഷയായതിനാൽ പോകാനായില്ല. പിന്നീട‌് കോഴിക്കോട്ടു നടന്ന ഇന്ത്യ‐താ‌യ‌്ലൻഡ‌്   പ്രദർശന മത്സരത്തിലേക്ക‌് നേരിട്ട‌് സെലക‌്ഷൻ ലഭിച്ചു. 81െല ലോക കപ്പിൽ അർജന്റീന, ജർമനി, അമേരിക്ക, ഫിലിപ്പീൻസ‌്, ഹെയ‌്തി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഹോങ്കോങ്ങിൽ നടന്ന മൂന്നാം ഏഷ്യൻ കപ്പ‌് , തായ‌് ലൻഡിൽ നടന്ന പ്രദർശന മത്സരം എന്നിവയിലും കളിച്ചു.

84ൽ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ ബംഗാ‌‌ളിനെ തോൽപ്പിച്ച‌് കപ്പടിച്ച കേരള ടീമിലെ ടോപ‌് സ‌്കോററായി. ടൂർണമെന്റിൽ വിദർഭയ‌്ക്കെതിരെ കേരളം നേടിയ 14 ഗോളിൽ എട്ടും ലളിതയുടേതായിരുന്നു. 82ൽ കെഎസ‌്ആർടിസിയിൽ ജോലിയിൽ പ്രവേശിച്ചു. 2016ൽ തിരുവനന്തപുരം കെഎസ‌്ആർടിസി ഭവനിൽനിന്ന‌് വിരമിച്ചു. തിരുവനന്തപുരം ഫുട്‌ബോൾ അക്കാദമിയുടെ പരിശീലകയാണിപ്പോൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും