സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അയർലാൻഡിലെ ഗർഭച്ഛിദ്ര നിരോധനം അവസാനിപ്പിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സവിതയുടെ പിതാവ്

വിമെന്‍ പോയിന്‍റ് ടീം

ഭരണഘടനാ ഭേദഗതിക്കായി ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ ഗർഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ച് ഇന്ത്യൻ വംശജ സവിതയുടെ പിതാവ് അന്തണപ്പ യലാഗി. വോട്ടർമാർ തന്റെ മകൾ സവിതയെ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗർഭച്ഛിദ്രം നിരോധിക്കപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനുള്ള അടിയന്തിര ചികിത്സ നിഷേധിക്കപ്പെട്ട് അയർലാൻഡിലെ ഗാൽവേ ആശുപത്രിയിൽ മരണമടഞ്ഞയാളാണ് സവിത.

2012ൽ നടന്ന ഈ മരണം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാവശ്യപ്പെട്ട് അയർലാൻഡുകാർ സമരങ്ങൾ നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജനഹിതം അറിയാനുള്ള ‘റഫറണ്ട’ത്തിനൊരുങ്ങിയത്. ഗർഭച്ഛിദ്രം ആവശ്യമോ എന്ന ഒറ്റ ചോദ്യത്തിനാണ് വോട്ടർമാർ ഉത്തരം നൽകുക.

കർണാടക സ്വദേശിയാണ് അന്തണപ്പ യലാഗി. തന്റെ മകൾക്ക് സംഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

31 വയസ്സുള്ളപ്പോഴാണ് സവിത ആശുപത്രിയിൽ വെച്ച് മരണമടയുന്നത്. അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും തങ്ങളുടെ ദുഖത്തിന് ശമനമുണ്ടായില്ലെന്ന് അന്തണപ്പ പറയുന്നു. ഭരണഘടനയുടെ എട്ടാം ഭേദഗതിയാണ് അന്തണപ്പയുടെ മകൾ മരിക്കാൻ കാരണമായത്. ഈ നിയമം പിൻവലിക്കപ്പെടണമെന്ന് അന്തണപ്പ പറയുന്നു.

എന്താണ് അയർ‌ലൻ‌‍ഡ് ഭരണഘടനയുടെ എട്ടാം ഭേദഗതി?

1983ലാണ് അയർലൻഡ് ഭരണകൂടം ഭരണഘടനയിൽ എട്ടാംഭേദഗതി വരുത്തിയത്. ഇതും ഒരു റഫറണ്ടം വഴി ജനഹിതം അറിഞ്ഞ് നടപ്പാക്കുകയായിരുന്നു. അമ്മയ്ക്കും അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനും ജീവിക്കാനുള്ള തുല്യമായ അവകാശങ്ങൾ സ്ഥാപിക്കുന്നതായിരുന്നു ഈ നിയമം. 66.90% വോട്ടുകളുമായി ഈ ഭേദഗതിക്ക് അംഗീകാരം കിട്ടി.

വലതു കക്ഷികളെല്ലാം ഒരുമിച്ചാണ് ഈ റഫറണ്ടം കൊണ്ടു വരാനും നടപ്പാക്കാനും ഉൽസാഹിച്ചത്. അന്ന് റഫറണ്ടത്തെ എതിർത്തത് ഇടതു കക്ഷികൾ മാത്രമായിരുന്നു.

“ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയില്ല”

‘അവൾ എന്റെ കൂടെയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല. അതൊരു ലോകാവസാനം തന്നെയായിരുന്നു എനിക്ക്. അവൾക്ക് ഇനിയും ജീവിക്കണമെന്നുണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങളിരുവരും കരുതിയതേയില്ല’ -സവിതയുടെ ഭർത്താവ് പ്രവീൺ പറഞ്ഞു.

സവിതയുടെ മരണത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ ചെയർമാൻ പ്രൊഫ. സബരത്നം അരുൾകുമാരൻ, വോട്ടർമാർ ഭരണഘടനാഭേദഗതി പിൻവലിക്കാൻ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഡോക്ടർമാരുടെ കൈകൾ കെട്ടിയിടുന്ന നിയമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും