തമിഴ്‌നാട്ടില്‍ 5 വര്‍ഷത്തെ മറ്റൊരു ഭരണക്കാലം പൂര്‍ത്തിയാക്കുമ്പോള്‍ പുരൈട്ചി തലൈവി ജയലളിതയുടെ ആസ്തിയിലുണ്ടായ വര്‍ധനവ് ഇരട്ടിയിലധികമാണ്.2011 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയലളിതയുടെ ആസ്തി 51 കോടി രൂപയായിരുന്നു. 2016 ല്‍ അത് 113 കോടി രൂപയായി. എന്ന് വെച്ചാല്‍ ഇരട്ടിയിലധികം. കൃത്യമായി പറഞ്ഞാല്‍ 62 കോടിയുടെ വര്‍ധനവ്. ജയലളിതയുടെ ആസ്തി മാത്രമല്ല കൂടിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ വീണ്ടും മത്സരിക്കുന്ന ഓരോ എം എല്‍ എയുടെ ആസ്തിയിലും ശരാശരി 4.27 കോടി രൂപയുടെ വര്‍ധനവ് ഈ 5 വര്‍ഷം കൊണ്ട് ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് ഇലക്ഷന്‍ വാച്ചിന്‍റെയും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റ് റിഫോംസിന്‍റെയും റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 2011 ല്‍ ജയലളിത ശ്രീരംഗത്ത് നിന്നും മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളും 2016 ല്‍ ആര്‍ കെ പുരത്ത് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ നല്‍കിയ വിവരങ്ങളുമാണ് റിപ്പോര്‍ട്ടിന് ആധാരം. 121 ശതമാനം വര്‍ധനവാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വത്തില്‍ ഉണ്ടായിരിക്കുന്നത്. എ ഐ എ ഡി എം കെ നേതാവ് ശരത് കുമാറിന്‍റെ ആസ്തി 27 കോടി ആയിരുന്നത് ഇപ്പോള്‍ 64 കോടിയില്‍ എത്തി. ഡി എം ഡി കെ നേതാവ് വിജയകാന്തിന്‍റെ ആസ്തിയില്‍ കൂടിയത് 25 കോടി. ഡി എം കെയിലെ ദുരൈമുരുകന്‍റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത് 20 കോടിയൂടെ വ്യത്യാസം. ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയാണ് പട്ടികയിലെ അഞ്ചാമന്‍. 22 കോടിയായിരുന്ന കരുണാനിധിയുടെ ഇപ്പോഴത്തെ ആസ്തി 62 കോടി.