സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലണ്ടനില്‍ ഭവനരഹിതര്‍ ചൂഷണം ചെയ്യപ്പെടുന്നു

വിമെന്‍ പോയിന്‍റ് ടീം

ലോകത്തിലെ ഏറ്റവുമധികം വാടക കൊടുക്കേണ്ടി വരുന്ന നഗരങ്ങളില്‍ ഒന്നായ ലണ്ടനില്‍ തല ചായ്ക്കാന്‍ ഒരിടം കൊടുക്കുന്നതിനു പകരം ലൈംഗിക ചൂഷണവുമായി വീട്ടുടമകള്‍.

ചില ‘ആനുകൂല്യങ്ങള്‍ക്ക്’ പകരമായി സൌജന്യ താമസം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ പതിവാകുന്നു. പ്രയോജനം ചെയ്യുന്നതിനും സഹവാസം നല്കുന്നതിനുമൊക്കെ പകരം താമസസൌകര്യം എന്നുള്ള പരസ്യങ്ങള്‍ മുതല്‍ ലൈംഗിക സുഖം നല്‍കുന്നതിനു പകരം സൌജന്യ താമസം എന്ന് തുറന്നു തന്നെ പറഞ്ഞു കൊണ്ടുള്ള പരസ്യങ്ങള്‍ പോലും കുറവല്ല എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താമസസ്ഥലത്തിന് വാടകയായി ലൈംഗിക വേഴ്ച എന്ന ഓഫർ മുമ്പോട്ടു വെക്കാറുണ്ടെന്ന് ഐടിവിയുടെ ദി മോണിംഗ് എന്ന പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍ ഒരു വീട്ടുടമ പറഞ്ഞു. താൻ ചെയ്യുന്നതിൽ അന്യായമോ നിയമലംഘനമോ ഇല്ലെന്നാണ് ഇയാളുടെ വാദം. എന്ത് കരാറിലാണ് ഒപ്പിടുന്നതെന്ന് ഇരുകൂട്ടർക്കും അറിയാമെന്നിരിക്കെ താൻ നിയമം ലഘിക്കുന്നില്ലെന്ന് ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലാത്ത വീട്ടുടമ പറയുന്നു.

15, 16,17 വയസ്സുള്ളവര്‍ തന്നെ വിളിക്കാറുണ്ട്. അവരെ വീട്ടിൽ താമസിപ്പിക്കില്ല. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വീട്ടുടമ വെളിപ്പെടുത്തി. യുകെയിലെ വീടില്ലാത്ത 250,000 സ്ത്രീകൾക്ക് ഇത്തരം ‘ഓഫറുകള്‍’ ലഭിച്ചതായി നേരത്തെ ഇതേ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

താന്‍ പുരോഗമന ചിന്താഗതിക്കാരനും സത്യസന്ധനുമാണ്. നുണ പറയാറില്ല. താന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ആധുനികകാലത്ത് ബന്ധങ്ങൾ വളരെ കുറച്ചുകാലത്തേക്കേ നിലനിൽക്കൂ എന്നാണ് വീട്ടുടമയുടെ അഭിപ്രായം. മറിച്ച് അഭിപ്രായപ്പെടുന്നവർ വെറുതെ നുണ പറയുകയാണ്. തന്റെ കുട്ടികൾക്ക് ഈ ‘വാടക’യെപ്പറ്റി അറിയാമെന്നും അവർക്കതിൽ പ്രയാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റികളോട് അനുബന്ധിച്ചുള്ള പട്ടണങ്ങളില്‍ ആണ് ഇത്തരം ചൂഷണം കൂടുതലെന്നും സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിന്‍റെ ലംഘനം ആകാമെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ഇതിന്‍റെ പേരില്‍ ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ലെന്ന് ഹോവില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എം പി പീറ്റര്‍ കെയ്ല്‍ പറയുന്നു. പ്രശ്നത്തില്‍ നടപടി ഉണ്ടാകാന്‍ പരിശ്രമിക്കുകയും ചൂഷണം നടത്തുന്ന വീട്ടുടമകളെ ശിക്ഷിക്കണമെന്നു വാദിക്കുകയും ചെയ്യുന്ന ആളാണ്‌ കെയ്ല്‍.

സഹകരിക്കുന്ന സുഹൃത്തുക്കള്‍ക്ക് (friends with benefits-fwb) സൌജന്യ താമസത്തിനു മുറി അല്ലെങ്കില്‍ ഷെയറിംഗ് ബെഡ്സ്പേസ് ബ്രിട്ടനില്‍ എവിടെയും ലഭ്യമാണെന്ന് ക്രെയ്ഗ്സ് ലിസ്റ്റ് പോലുള്ള സൈറ്റുകള്‍ വെളിവാക്കുന്നു. ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് നിയമത്തിനു എതിരാണെങ്കിലും പരസ്യം നല്‍കുന്നത് നിയമത്തിനെതിരല്ല. അതുകൊണ്ടു തന്നെ നടപടി എടുക്കാന്‍ പ്രയാസം നേരിടുന്നു. ചൂഷണത്തിനു വിധേയരാകുന്നവര്‍ നിയമസഹായം തേടാറുമില്ല. നമുക്ക് പുതിയ നിയമങ്ങള്‍ ഒന്നും വേണ്ട. ഉള്ളവ ശരിയായി നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നു കെയ്ല്‍.

പാര്‍പ്പിട പ്രശ്നം അത്രമേല്‍ രൂക്ഷമായ അവസ്ഥയില്‍ അതു മുതലെടുക്കാന്‍ കഴിവുള്ളവര്‍ അതിനു ശ്രമിക്കുന്നു. വീടില്ലാത്തവര്‍ക്കുള്ള നൈറ്റ് ഷെല്‍ട്ടര്‍ ഹോമിലെ ഉദ്യോഗസ്ഥയായ കേറ്റ് വെബ്‌ പറഞ്ഞു.

ഗതികേട് കൊണ്ട് ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന യുവാക്കളുടെ രക്ഷയ്ക്കായി നടപടിയെടുക്കാന്‍ സെന്‍റര്‍പോയിന്റിലെ പബ്ലിക് അഫയേഴ്സ് തലവന്‍ പോള്‍ നോബ് ലെറ്റ് ആവശ്യപ്പെടുന്നു. അവര്‍ക്കായി ചെലവു കുറഞ്ഞ പാര്‍പ്പിട സംവിധാനം ഒരുക്കണം. വീടില്ലാത്തവരെ സഹായിക്കാനായി വേണ്ടത്ര തുക വിലയിരുത്തണമെന്നും പോള്‍ ആവശ്യപ്പെട്ടു.

ഏഴു വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് നിയമമന്ത്രാലയം പറയുന്നു. സ്വമേധയാ ലൈംഗികബന്ധത്തിന് തയാറാകുന്ന പോലെയല്ല നിവൃത്തികേടു കൊണ്ട് അതിനൊരുങ്ങേണ്ടി വരുന്നത്. അതു തീര്‍ച്ചയായും ഗുരുതരമായ ലൈംഗിക അതിക്രമം ആയി തന്നെ കാണാമെന്നു പറയുന്നു റേപ് ക്രൈസിസ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ ഉദ്യോഗസ്ഥ കാത്തി റസല്‍.

സ്ത്രീകള്‍ ചൂഷണം നേരിടുന്നതാണ് കൂടുതല്‍ ചര്‍ച്ചയാകുന്നതെങ്കിലും പുരുഷന്മാരുടെ അവസ്ഥയും വ്യത്യസ്തമല്ലെന്നാണ് ലൈംഗിക ചൂഷണത്തിനു വിധേയരായ പുരുഷന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാഞ്ചെസ്റ്റര്‍ സര്‍വൈവേഴ്സിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡന്‍കന്‍ ക്രെയ്ഗ് പറയുന്നത്. പാര്‍പ്പിടം ലഭിക്കാനുള്ളവരുടെ ലിസ്റ്റില്‍ അവര്‍ക്ക് അവസാന പരിഗണനയേ ലഭിക്കാറുമുള്ളൂ. തെരുവില്‍ ഉറങ്ങുന്ന ഒരാള്‍ക്ക് ചൂടുള്ള ഒരു മുറിയും സുഖമുള്ള കിടക്കയും കുളിക്കാനുള്ള സൌകര്യവും വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അതു വലിയ പ്രലോഭനം തന്നെയാണെന്നു സൂചിപ്പിക്കുന്നു ക്രെയ്ഗ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും