പാക്കിസ്ഥാൻ ചരിത്രം തിരുത്തുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ഇനി മുതൽ വാർത്ത വായിക്കും. കോഹിനൂർ ന്യൂസ് എന്ന പാകിസ്താനിലെ ഒരു പ്രൈവറ്റ് ചാനലാണ് മാവിയ മാലിക്ക് ട്രാൻസ്‌ജെൻഡറെ വാർത്ത വായിക്കാൻ നിയമിച്ചത്. ട്രാൻസ്‌ജെണ്ടറുകളെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കാണ് പാക്കിസ്ഥാൻ നടന്നു കയറുന്നത്. ബ്രിട്ടനിലെ ചാനൽ 4 ന്യൂസിൽ പ്രത്യക്ഷപ്പെട്ട പാരിസ് ലീ, ബിബിസി വേൾഡിലെ അപ്സര റെഡ്ഢി, ലോട്ടസ് ടിവിയിലൂടെ ആദ്യ ഇന്ത്യൻ ട്രാൻസ്ജെൻഡറായ പദ്മിനി പ്രകാശ് തുടങ്ങിയവരൊക്കെ ചരിത്രത്തിന്റെ ഭാഗമായവരാണ്. കഴിഞ്ഞ വർഷത്തെ റൂയിട്ടേഴ്‌സിന്റെ കണക്ക് പ്രകാരം അഞ്ചു ലക്ഷത്തോളം ട്രാൻസ്ജെൻഡറുകളാണ് പാക്കിസ്ഥാനിൽ ഉള്ളത്. ട്രാൻസ്‌ജെൻഡർ വിസ അനുവദിച്ച ആദ്യ രാജ്യമാണ് പാക്കിസ്ഥാൻ. ട്രാൻസ്ജെൻഡറുകളെ ഹജ്ജ് വാളന്റിയർമായി നിയമിച്ചതും പാക്കിസ്ഥാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.