സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിത കൗണ്‍സിലറുടെ കൊലപാതകം: ബ്രസീലില്‍ ശക്തമായ ജനകീയ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

റിയോഡി ജനീറോ സിറ്റി കൗണ്‍സില്‍ അംഗമായ വനിത നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബ്രസീലിലെ പ്രധാന നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ചുകള്‍. ബംഗളൂരുവില്‍ സംഘപരിവാറിന്റേയും മോദി സര്‍ക്കാരിന്റേയും നിശിത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് സമാനമാണ് സോഷ്യലിസം ആന്‍ഡ് ലിബര്‍ട്ടി പാര്‍ട്ടി (പിഎസ്ഒഎല്‍) നേതാവായ മരിയെല്ലെ ഫ്രാങ്കോയുടെ (38) വധം. പൊലീസ് നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നയാളാണ് ഇടതുപക്ഷ നേതാവായിരുന്ന മരിയെല്ലെ ഫ്രാങ്കോ. മരിയെല്ലയും അവരുടെ ഡ്രൈവറും ബുധനാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. പ്രസ് സെക്രട്ടറി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ക്രിമിനല്‍ സംഘങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ശക്തമായ നഗരത്തിലെ സുരക്ഷാ ചുമതല സൈന്യത്തെ ഏല്‍പ്പിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ മരിയെല്ലെ രംഗത്ത് വന്നിരുന്നു. പൊലീസ് നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത് കൂട്ടുമെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടിരുന്നത്. സൈനിക ഇടപെടലുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷനില്‍ അംഗമായിരുന്നു മരിയെല്ലെ.റിയോ ഡി ജനീറോ, സാവോ പോളോ അടക്കമുള്ള പ്രധാന ബ്രസീലിയന്‍ നഗരങ്ങളില്‍ വലിയ പ്രതിഷേധ മാര്‍ച്ചുകളാണ് സംഘടിപ്പിക്കപ്പെട്ടത്. മരിയെല്ലെ ഫ്രാങ്കോയുടെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബ്രസീലിലെ യുഎന്‍ ഓഫീസും ആംനസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു. 2016ലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ അടക്കം 13 രാഷ്ട്രീയ നേതാക്കള്‍ റിയോയില്‍ കൊല്ലപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും