സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെൺകൂട്ടിന്റെ വെബ്ചാനൽ ഓൺ എയർ- 'ഫെമിനിച്ചി സ്പീക്കിം​ഗ്'

വിമെന്‍ പോയിന്‍റ് ടീം

അന്താരാഷ്ട്ര വനിതാ ദിനത്തിൽ  ഫെമിനിസം പറഞ്ഞു കൊണ്ടാണ് പെൺകൂട്ട് ഫെമിനിച്ചികളുടെ വെബ് ചാനൽ അവതരിച്ചത്. ഫെമിനിസം പറഞ്ഞു കൊണ്ട് മുൻ നിരയിലുള്ളവരും അല്ലാത്തവരുമായ നിരവധി സ്ത്രീകൾ അവിടെ സംസാരിക്കുന്നു. പെൺകൂട്ട് വെബ് ചാനൽ ഫെമിനിച്ചികളുടെ ഇടമാണ്. മുഴുവൻ പുച്ഛങ്ങളും അതിലേറെ പുച്ഛത്തോടെ അവഗണിച്ചു വിടുന്ന പെണ്ണുങ്ങളുടെ ഇടമാണ്. 

2009 -2010 ൽ കോഴിക്കോട് നടന്ന മൂത്രപ്പുര സമരത്തോടെ ഉയർന്നു വന്ന സംഘടനയാണ് പെൺകൂട്ട്. ഫെമിനിസം പൊതുസമൂഹത്തിനു കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പെൺകൂട്ട് ഒരു വെബ് ചാനൽ ആരംഭിക്കുന്നത്. 'മാരിവിൽ ഹോസ്റ്റൽ' എന്ന പേരിൽ ഒരു കോമഡി ഫിക്ഷൻ വെബ് സീരീസ് ഇവർ ആദ്യം ആരംഭിച്ചിരുന്നു. അതിന്റെ ഒരു പൈലറ്റ് എപ്പിസോഡും പുറത്തു വിട്ടിരുന്നു. ഒരു ലേഡീസ് ഹോസ്റ്റലിനുള്ളിലെ കാഴ്ചകളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചു കൊണ്ടായിരുന്നു മാരിവിൽ ഹോസ്റ്റലിന്റെ വരവ്. പൊതുസമൂഹത്തിന് ഫെമിനിസ്റ്റ് ചിന്തകളോടുള്ള അപരിചിതത്വം ഇല്ലാതാക്കുവാനാണ് തമാശ രൂപത്തിൽ ഒരു ഫിക്ഷൻ വെബ് സീരീസ് ആലോചിച്ചത് എന്ന് സംഘാടകർ പറയുന്നു. ആൺകുട്ടികൾ ഒന്നിച്ചു താമസിക്കുന്ന ഇടങ്ങൾ നമുക്കൊരിക്കലും അപരിചിതങ്ങളല്ല. ആണിടങ്ങളുടെ ആഘോഷങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുള്ളതുമാണ്. പക്ഷെ മൂന്നോ നാലോ സ്ത്രീകൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിന് നിഗൂഢമായ ഇടങ്ങളാണ്.6 മണിക്ക് മുൻപ് അകത്തു കയറേണ്ട, നിശബ്ദത പാലിക്കേണ്ട, കൃത്യ സമയത്ത് ലൈറ്റ് അണക്കേണ്ട, അപരിചിതമായ തുരുത്തുകളാണ്. അത്തരം സാമാന്യ ധാരണകളെ പൊളിക്കുകയാണ് 'മാരിവിൽ ഹോസ്റ്റൽ'.

അന്താരാഷ്ട്ര വനിതാ ദിനത്തിന് പിന്നാലെ പെൺകൂട്ടിന്റെ അടുത്ത വെബ് സീരീസും പുറത്തിറങ്ങി. പെണ്മലയാളം എന്ന് പേരിട്ടിട്ടുള്ള ഈ ടോക്ക് ഷോയിൽ സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെ.ദേവികയാണ് സംസാരിക്കുന്നത്. 
ഫെമിനിച്ചി' എന്ന വാക്കിനേയും അത് മുന്നോട്ടു വയ്ക്കുന്ന ധാരണകളെയും കാലങ്ങളായി ഫെമിനിസത്തോട് ആധുനിക മലയാള പുരുഷാധിപത്യ സമൂഹം ചെയ്തു വരുന്ന വഞ്ചനകളെ പറ്റിയുമാണ് പെണ്മലയാളത്തിന്റെ ആദ്യത്തെ പാർട്ടിൽ ജെ.ദേവിക സംസാരിക്കുന്നത്. കടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ, മുടിയഴിച്ചിടുന്ന,ജീവിതം ആഘോഷമാക്കുന്ന സ്ത്രീകളെ ഫെമിനിച്ചിയാക്കി മാറ്റി നിർത്തുന്ന സമൂഹത്തോടുള്ള ചോദ്യങ്ങളും മറുപടികളുമാണ് ഈ ടോക്ക് സീരീസിലുള്ളത്. ഫെമിനിസം പൊതുസമൂഹത്തിന് കൂടുതൽ പരിചിതമാക്കുക എന്നത് തന്നെയാണ് പെൺകൂട്ടിന്റെ ഉദ്ദേശം.

ഭാവിയില്‍ സിനിമ റിവ്യൂ, സാഹിത്യ റിവ്യൂ, ഫെമിനിസവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികള്‍, ഷോര്‍ട് ഫിലിം, സിനിമകള്‍ തുടങ്ങിയവ പെണ്‍കൂട്ട് ആസൂത്രണം ചെയ്തു വരുന്നുണ്ടെന്നും സംഘാടകർ പറയുന്നു. "കോഴിക്കോടുള്ള തൊഴിലാളി സ്ത്രീകളുടെ ഒരു കൂട്ടായ്മയാണ് പെൺകൂട്ട്. എല്ലാത്തരത്തിലും പെട്ട സ്ത്രീകളുണ്ട് ഇതിൽ. എല്ലാ തൊഴിൽ മേഖലകളിലും ഉൾപ്പെടുന്നവർ. അക്കാദമിക് ആയി സംസാരിക്കാനൊന്നും അവർക്കു പറ്റണമെന്നില്ല. അത് കൊണ്ട് തന്നെ ഇവർ മുന്നോട്ട് വയ്ക്കുന്ന പല ആശയങ്ങളും എവിടെയും ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. അവരുടെ കൂട്ടം ചേരലിന്റെ പ്രാധാന്യത്തെ കുറിച്ച് പോലും അവർക്കു മനസിലാക്കണമെന്നില്ല. അത്തരമൊരിടത്തു നിന്ന് അവരെക്കൊണ്ട് സംസാരിപ്പിക്കുകയാണ് പെൺകൂട്ടിന്റെ ലക്ഷ്യം." പെൺകൂട്ടിന്റെ സംഘാടകരിൽ ഒരാളും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ഗാർഗി പറയുന്നു.

"അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളികളാണ് ഈ കൂട്ടായ്മയിൽ പ്രധാനമായും ഉള്ളത്. ചെയ്യുന്ന ജോലിയുടെ വേതനം മാത്രം ലഭിക്കുകയും മറ്റുള്ള ഒരു ആനുകൂല്യവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന തൊഴിലാളികളെയാണ് അസംഘടിതരായ തൊഴിലാളികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കമ്പനിയിൽ തന്നെ ഇത്തരത്തിൽ രണ്ടു വിഭാഗത്തിലും പെട്ട തൊഴിലാളികൾ ഉണ്ടാവും. ആനുകൂല്യങ്ങൾ ലഭിക്കുന്നവരും യാതൊരു ആനുകൂല്യവും ഇല്ലാത്തവരും. കമ്പനിയുടെ ലാഭം മാത്രമാണ് ഇതിനു പിന്നിൽ. ഇതൊരു തരം തൊഴിൽ തട്ടിപ്പാണ്. സർക്കാരും ചെയ്യുന്നുണ്ട് ഇത്തരം തൊഴിൽ തട്ടിപ്പുകൾ. അവരെ ചേർത്ത് നിർത്തുകയെന്നതാണ് പെൺകൂട്ടിന്റെ ലക്ഷ്യം." ഗാർഗി കൂട്ടിച്ചേർക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും