ലോകവനിതാദിനത്തിൽ എല്ലാ ജനാധിപത്യവിശ്വാസികൾക്കും ഒപ്പം വിമൻ പോയിന്റും കൈകോർക്കുന്നു. സമത്വം എന്ന പദം നിഘണ്ഡുവിൽ പോലും ഇല്ലാതിരുന്ന കാലത്ത് അവകാശങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങിയ ധീരവനിതകളായ പൂർവസൂരികൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. ഒപ്പം ലിംഗനീതിക്കു വേണ്ടി ശബ്ദം ഉയർത്തിയ അനേകമനേകം മനുഷ്യസ്നേഹികളായ പുരുഷന്മാരെയും ഓർക്കുന്നു. 365 ദിവസങ്ങളിൽ ഒരു ദിവസം സ്ത്രീകൾക്കായി മാറ്റി വെച്ചിട്ട് നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിടുമ്പോൾ കടന്നുവന്ന വഴികളെ കുറിച്ചും ഇനിയും താണ്ടേണ്ട ദൂരത്തെ കുറിച്ചും ഉള്ള കണക്കെടുപ്പ് അനിവാര്യമാകുന്നു. ഒരു കാര്യം ഉറപ്പിക്കാം നടന്ന വഴികൾക്കാണ് ദൂരം കൂടുതൽ. വാതിലിനു പിന്നിൽ മറഞ്ഞു നില്ക്കാൻ മാത്രം അനുമതി ഉണ്ടായിരുന്ന നൂറ്റാണ്ടുകൾ ഇന്ന് ചരിത്രത്തിനു പിന്നിലേക്ക് പോയി കഴിഞ്ഞു. മുട്ടിനു താഴെ മുണ്ട് ഇറക്കി ഉടുക്കാൻ , ആഭരണം ധരിക്കാൻ , വിദ്യ അഭ്യസിക്കാൻ , തൊഴിലെടുക്കാൻ ,സമരം ചെയ്യാൻ, വോട്ടവകാശം നേടാൻ , വരുമാനം ഉണ്ടാക്കാൻ , തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ , ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കാൻ , പ്രസവം സ്വയം നിശ്ചയിക്കാൻ , തല ഉയർത്തിപ്പിടിക്കാൻ , പര്ദയിൽ നിന്നും മോചിതരാകാൻ , എഴുതാൻ , പറയാൻ , നടക്കാൻ , പാട്ടുപാടാൻ , നൃത്തം ചെയ്യാൻ , അഭിനയിക്കാൻ , ..... സ്ത്രീകൾ നടത്തിയ അവകാശ പോരാട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു , എന്നാൽ വിശ്രമിക്കാൻ സമയമായില്ല . ഇനിയും ദൂരം ഏറെ . പ്രതിബന്ധങ്ങൾ ആകട്ടെ കൂടുതൽ ദൃഢവും . 21 ആം നൂറ്റാണ്ടിലും സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാൻ ആകുന്നില്ല. തുണയാകേണ്ടവരിൽ നിന്നും ക്രൂരമായ ആക്രമണങ്ങൾ നേരിടുന്ന പെൺകുഞ്ഞുങ്ങളും സ്ത്രീകളും ..അവരുടെ നിശബ്ദമായ നിലവിളികളും .വീട്ടിൽ, തെരുവിൽ, സ്‌കൂളിൽ , യാത്രയിൽ , തൊഴിലിടങ്ങളിൽ അവർ അതിക്രമങ്ങൾക്കിരയാകുന്നു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾക്ക് പുറത്താണ് ഇപ്പോഴും സ്ത്രീകൾ . ലോകമെമ്പാടുമുള്ള കണക്കെടുത്താൽ അധികാരത്തിൽ സ്ത്രീകൾ 22 .8 % മാത്രമാണ്. 1995 ൽ ഇത് 11 .3 % ആയിരുന്നു. രണ്ടു രാജ്യങ്ങളിൽ മാത്രം 50 % ൽ കൂടുതൽ സ്ത്രീകൾ രാജ്യത്തിൻറെ ഉന്നതഭരണ രംഗത്തു എത്തിയിരിക്കുന്നു.2017 ൽ ലോകത്ത് 23 സ്ത്രീകൾക്കാണ് രാജ്യതലൈവിമാരാകാൻ കഴിഞ്ഞിട്ടുള്ളത് . അതിക്രമങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന നിരവധി കണക്കുകൾ ലഭ്യമാണ്. യു എൻ നൽകുന്ന കണക്കനുസരിച്ചു ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 30 % പേരും ജീവിതപങ്കാളിയിൽ നിന്നും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിട്ടുണ്ട് .കൊലചെയ്യപ്പെട്ട സ്ത്രീകളിൽ 38 % കേസുകളിലും പ്രതികൾ ജീവിതപങ്കാളി ആണത്രേ ! തൊഴിൽ പങ്കാളിത്തത്തിലും സ്ത്രീകൾ പിന്നിലാണ്. വരുമാനം ഉള്ള തൊഴിലെടുക്കുന്നവരിൽ 40 % മാത്രമാണ് സ്ത്രീകൾ. ഇന്ത്യയിലെ സ്ത്രീതൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ കുറഞ്ഞു വരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. കാര്യത്തിലും സ്ഥിതി ദയനീയം തന്നെ! ലോകത്തെ ആകെയുള്ള ഭൂസ്വത്തിൽ 20 % ആണ് സ്ത്രീകൾക്ക് സ്വന്തമായുള്ളത്. കൂടുതൽ രാജ്യങ്ങളിലും ഇത് 10 % ൽ താഴെ ആണ്.90 രാജ്യങ്ങളിൽ സ്ത്രീകൾക്ക് സ്വത്തിന്റെ മേൽ തുല്യാ വകാശമേ ഇല്ല. മനുഷ്യർക്ക് വേണ്ട ഭക്ഷ്യോത്പാദനത്തിൽ 75 ശതമാനവും നിർവഹിക്കുന്നത് സ്ത്രീകൾ ആണെന്ന് ഓർക്കുക. മേൽ സൂചിപ്പിച്ച കണക്കുകളിൽ നിന്നും വ്യക്തമാകുന്നത് പോരാട്ടം കൂടുതൽ ശക്തിയോടെ നിർബാധം തുടരണമെന്നാണ്. പുതു തലമുറയുടെ വ്യത്യസ്തമായ ചെറുത്തുനിൽപ്പുകൾ പ്രതീക്ഷ നൽകുന്നു. ഈ വനിതാദിനത്തിലും നമുക്ക് പ്രതിജ്ഞ എടുക്കാം ലിംഗനീതിക്കും ലിംഗതുല്യതക്കും വേണ്ടിയുള്ള ബഹുരൂപത്തിലുള്ള പരിശ്രമങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് !