സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

സ്ത്രീസൗഹൃദ മണ്ഡലം: കാട്ടാക്കട മാതൃകയാകുന്നു


സ്ത്രീസൗഹൃദ നിയമസഭാ മണ്ഡലം എന്ന നൂതന ആശയത്തിന് കാട്ടാക്കട തുടക്കം കുറിച്ചിരിക്കുന്നു. ഐ ബി സതീഷ് എം എൽ എ യുടെ മുൻകയ്യിലാണ് അഭിനന്ദനാർഹമായ ഈ പുതിയ പരിപാടി. വികസനം സ്ത്രീപക്ഷമായാൽ മാത്രമേ ലിംഗനീതിയും ലിംഗതുല്യതയും പ്രയോഗത്തിൽ സാധ്യമാകൂ എന്ന തിരിച്ചറിവാണ് കാട്ടാക്കടയെ സ്ത്രീസൗഹാര്ദപരമാക്കാൻ തീരുമാനിച്ചതെന്ന് ഉറപ്പിക്കാം. മാനവവികസന സൂചികയിൽ മുന്നിൽ ആണെങ്കിലും കേരളത്തിൽ ലിംഗതുല്യത എത്രയോ അകലെ ആണെന്നത് നയരൂപീകരണ വിദഗ്ധരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളസ്ത്രീ അഭൂതപൂർവമായ നേട്ടം ഉണ്ടാക്കിയിട്ടും രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ  ദയനീയമാംവിധം പിന്നിൽ നിൽക്കുന്നു. ഇതിന്റെ പരിണിത ഫലം എന്നോണം അവൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നു. വീട്ടകങ്ങളിൽ, തൊഴിലിടങ്ങളിൽ, കലാലയങ്ങളിൽ , വാഹനങ്ങളിൽ , തെരുവിൽ അവൾ ആക്രമിക്കപ്പെടുന്നു. ഈ വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യാതെ സ്ത്രീശാക്തീകരണം അസാധ്യമാണെന്ന് എല്ലാവരും അംഗീകരിക്കുമ്പോഴും എന്താണ് പ്രായോഗികമായി ചെയ്യാനാകുക എന്നത് സംബന്ധിച്ച് പലർക്കും വ്യക്തത ഇല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ത്രീപക്ഷ വികസനത്തിനായി ചില നീക്കങ്ങൾ അങ്ങിങ് ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത് ഇതിനായി കുറെ ഏറെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. 
എന്നാൽ നിയമസഭാ മണ്ഡലങ്ങളിൽ ഈ ദിശയിലുള്ള ഇടപെടൽ സംസ്ഥാനത്തു ആദ്യമാണെന്നതിൽ ഐ ബി സതീഷ് എം എൽഎ ക്കു അഭിമാനിക്കാം. "സ്ത്രീപുരുഷ അസമത്വം പരമാവധി ഇല്ലാതാക്കി സ്ത്രീനീതിയിൽ അധിഷ്ഠിതമായ വികസന നയം നടപ്പാക്കുവനാണ് ഉദ്ദേശിക്കുന്നതെന്ന് " ഇത് സംബന്ധിച്ച വികസന രേഖയിൽ പറയുന്നു. സ്ത്രീനീതി പരിരക്ഷിക്കുന്നതിനു തടസ്സം നിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനും സ്ത്രീകളെ സജ്ജമാക്കുക എന്നതും പ്രധാനമായി രേഖയിൽ ചൂണ്ടി കാട്ടുന്നു.
നന്നായി ഗൃഹപാഠം ചെയ്തു തന്നെ ആണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നതെന്നു വ്യക്തം. ലക്ഷ്യങ്ങൾ വിശദമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നെ മേഖലകളിലെ ഇടപെടൽ മാത്രമല്ല, ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളെ പങ്കെടുപ്പിക്കുവാനും പ്രയത്നിക്കുമെന്നു സമീപന രേഖ എടുത്തു പറയുന്നുവെന്നത് സന്തോഷകരമാണ്. കാരണം മാനവവികസന സൂചികകളായ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ വളരെ മുന്നിൽ എത്തിയിട്ടും തീരുമാനം എടുക്കൽ രംഗത്തെ അദൃശ്യത പൊതുവിൽ അവഗണിക്കപ്പെടുകയാണ് പതിവ്. ജനാധിപത്യം പൂര്ണമാകാമെങ്കിൽ അധികാരത്തിൽ എല്ലാ വിഭാഗങ്ങൾക്കും തുല്യ പങ്കാളിത്തം ഉണ്ടാകണം. കേരളത്തിൽ എന്നതിൽ സ്ത്രീകൾ കൂടുതൽ ഉണ്ടായിട്ടും തീരുമാനം എടുക്കൽ പുരുഷ കുത്തക ആയി തുടരുക തന്നെ ആണ്. സ്ത്രീകൾ കൂടുതൽ ഉള്ള തൊഴിൽ മേഖലകളിലെ സംഘടനകളിൽ പോലും നേതൃ സ്ഥാനത്തു അവരെ കാണാനില്ല എന്നത് അപമാനകമാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിലും സ്ഥിതി വ്യത്യസ്തമല്ല. 
സംസ്ഥാന സർക്കാർ ജൻഡർ ബജറ്റ് ആണ് കഴിഞ്ഞ രണ്ടു വർഷമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ജെൻഡർ ബജറ്റ് എന്ന ആശയം കേരളത്തിൽ പ്രവർത്തകിമായതു. എന്നാൽ ബജറ്റ് അവതരിപ്പിച്ചാലും പ്രയോഗത്തിൽ ആ ആശയം എത്തണമെങ്കിൽ ജനപ്രതിനിധികൾ മുൻകൈ എടുക്കേണ്ടതുണ്ട്‌. കാട്ടാക്കട  ആണ് ഇപ്പോൾ ഇതിനു തുടക്കം കുറിച്ചത്. സ്ത്രീകളെ പരമാവധി ഉൾപ്പെടുത്തി കൊണ്ട് സ്ത്രീപക്ഷ വികസനത്തിനായി ശ്രമിക്കുന്ന ഐ ബി സതീഷ് എം എൽ എ യെ അഭിനന്ദിക്കുന്നതോടൊപ്പം മറ്റു ജനപ്രതിനിധികളും കാട്ടാക്കടയെ മാതൃക ആക്കുമെന്നു പ്രതീക്ഷിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും