സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതകളായ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കണം : റോഡ്രിഗോ ഡ്യൂടെര്‍റ്റെ

വിമെന്‍ പോയിന്‍റ് ടീം

വനിതകളായ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കണം എന്നു ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ. കഴിഞ്ഞ ആഴ്ച മാലകണാംഗില്‍ വെച്ചു മുന്‍ കമ്യൂണിസ്റ്റ് പോരാളികളെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനായ ഡ്യൂടെര്‍റ്റെ ഇങ്ങനെ പറഞ്ഞത്.

“ഞങ്ങള്‍ നിങ്ങളെ കൊല്ലില്ല. പകരം നിങ്ങളുടെ യോനിയിലേക്ക് നിറയൊഴിക്കും” പ്രസിഡണ്ട് പറഞ്ഞു. യോനിയില്ലാത്ത സ്ത്രീകള്‍ ഒന്നിനും കൊള്ളാത്തവര്‍ ആണെന്നും ഡ്യൂടെര്‍റ്റെ കൂട്ടിച്ചേര്‍ത്തു. യോനി എന്നു അര്‍ത്ഥം വരുന്ന ‘bisong’ എന്ന വാക്കാണ് ഫിലിപ്പൈന്‍ പ്രസിഡണ്ട് ഉപയോഗിച്ചത്. എന്നാല്‍ പിന്നീട് ഈ വാക്ക് ഔദ്യോഗിക കൊട്ടാര രേഖയില്‍ നിന്നും എടുത്തു കളഞ്ഞു.

പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം രാജ്യത്തു ഉയര്‍ന്നു കഴിഞ്ഞു. “ഇത് കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്ന സ്ത്രീ വിരുദ്ധ, അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ്,” ഹ്യൂമന്‍ റൈറ്റ് വാച്ച് പ്രവര്‍ത്തകന്‍ കാര്‍ലോസ് എച്ച് കൊണ്ടേ പറഞ്ഞു.

ഈ ജനുവരിയില്‍ ആസിയാന്‍ സമ്മേളനത്തിന് വന്നപ്പോള്‍ ന്യൂഡല്‍ഹിയില്‍ വച്ച് ഇസ്ലാമിക് സ്‌റ്റേറ്റിനെ കളിയാക്കുന്നതിനായി ടൂറിസ്റ്റുകള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്യുന്നു എന്ന ഡ്യൂടെര്‍റ്റെയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ജിഹാദിന് വേണ്ടി പോരാടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ 72 കന്യകമാരെ ലഭിക്കുമെന്ന ഐഎസ് വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ആ ഭാഗ്യം ഭൂമിയിലാണ് ലഭിക്കേണ്ടതെന്നായിരുന്നു ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശം. അത്രയും കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മിസ് യൂണിവേഴ്‌സിനെ ബലാല്‍സംഗം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന വ്യക്തിയെ താന്‍ അഭിനന്ദിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഒരു പട്ടാളക്കാരന് മൂന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു മറ്റൊരു പരാമര്‍ശം. 1989ല്‍ ബലാല്‍സംഗത്തിലൂടെ കൊല്ലപ്പെട്ട ഒരു സ്ത്രീ ‘സുന്ദരിയായിരുന്നു’ എന്ന ഡ്യൂടെര്‍റ്റെയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. 2016 ജൂണില്‍ ഒരു ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ ചൂളംവിളിച്ച് കളിയാക്കിയതിനും അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. പ്രസിഡന്റിന്റെ പുതിയ പരാമര്‍ശം ഫിലിപ്പിന്‍സില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും