സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രയേലില്‍ ലിംഗവിവേചന മതില്‍

വിമെന്‍ പോയിന്‍റ് ടീം

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങള്‍ ലോകവ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹിന്റെ ഓഫീസില്‍ വച്ച് തിങ്കളാഴ്ച നടന്ന സുരക്ഷ പരിശോധനയിലും ചൊവ്വാഴ്ച പെന്‍സിന്റെ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശന വേളയിലും വനിത മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടുവെന്നാണ് ആരോപണം. നെതന്യാഹുവിന്റെ ഓഫീസില്‍ ഇരു നേതാക്കളും പങ്കെടുത്ത വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സുരക്ഷ ജീവനക്കാര്‍ കാണിച്ച അമിത ശുഷ്‌കാന്തിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പലസ്തീന്‍ വംശജയും ഫിന്‍ലന്റ് ഗവണ്‍മെന്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ യുവതിയോടെ ബ്രാ നീക്കി കാണിക്കാനാണ് സുരക്ഷാ വിഭാഗക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകയെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ജൂതരുടെ പുണ്യസ്ഥലമായ പടിഞ്ഞാറന്‍ ഭിത്തിയില്‍ പെന്‍സ് പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ സംഭവം നടന്നത്. ജൂതര്‍ ടെംപിള്‍ മൗണ്ടെന്നും മുസ്ലീങ്ങള്‍ അല്‍-ഹരം അല്‍-ഷെരീഫെന്നും വിളിക്കുന്ന പ്രദേശത്തിന്റെ പുറം ഭിത്തിയാണ് പടിഞ്ഞാറന്‍ മതില്‍. ഈ പ്രദേശം ഇപ്പോള്‍ തീവ്ര ജൂതവിഭാഗമായ വെസ്‌റ്റേണ്‍ വാള്‍ ഹെരിറ്റേജ് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലാണുള്ളത്. ഇവിടെ ലിംഗവിഭജനം നിലനില്‍ക്കുന്നുണ്ട്. പുരുഷന്മാരെയും സ്ത്രീകളെയും മതിലിന്റെ രണ്ട് വശത്ത് നിറുത്തിയാണ് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കുന്നത്. പെന്‍സ് പുരുഷന്മാര്‍ക്ക് നീക്കി വെച്ചിട്ടുള്ള ഭാഗത്ത് നിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ പുരുഷ സഹപ്രവര്‍ത്തകരുടെ ക്യാമറകളും മൈക്കുകളും കാരണം മറുഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്ത വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചടങ്ങുകള്‍ വ്യക്തമായി കാണാന്‍ സാധിച്ചില്ലെന്നാണ് ആരോപണം.


 
2017 മേയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചപ്പോഴും സമാന സാഹചര്യമായിരുന്നു എന്നാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ന്യായീകരണം. യുഎസ് വൈസ് പ്രസിഡന്റും ഭാര്യയും പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യത്തെ വഴിതെറ്റിക്കാനുള്ള ഏതൊരു ശ്രമവും അപലപനീയമാണെന്നും ഫൗണ്ടേഷന്‍ ഇറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ വനിത മാധ്യമപ്രവര്‍ത്തകര്‍ #പെന്‍സ്‌ഫെന്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ പ്രതിഷേധ പ്രചാരണങ്ങള്‍ ആരംഭിച്ചു. പടിഞ്ഞാറന്‍ ഭിത്തിയില്‍ ഫോട്ടോയെടുക്കാനോ റിപ്പോര്‍ട്ട് ചെയ്യാനോ സ്വന്തം ജോലി നോക്കാനോ വനിത റിപ്പോര്‍ട്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്നും ഇത് ലിംഗനീതിയുടെ നിഷേധമാണെന്നും ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തക ടാള്‍ സ്‌നെയ്ഡര്‍ ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ നിന്നുള്ള വനിത മാധ്യമ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസ് പ്രതിനിധികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരുഷ മാധ്യമ പ്രവര്‍ത്തകരുടെ പിന്നില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന് ഐ24 ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ അറിയാനെ മെനാജ് ട്വീറ്റ് ചെയ്തു.ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന ഒരിടം പടിഞ്ഞാറന്‍ ഭിത്തിയില്‍ ഒരുക്കണമെന്ന് യുഎസില്‍ നിന്നുള്ള യാഥാസ്ഥിതിക, പരിഷ്‌കരണ വാദികള്‍ ഒരുപോലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഭിത്തി അടുത്തകാലത്ത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംയുക്ത പ്രാര്‍ത്ഥനകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ജൂതസംഘങ്ങളുടെ സൗകര്യാര്‍ത്ഥം പ്രാര്‍ത്ഥന സ്ഥലം മൂന്നായി വിഭജിക്കാമെന്ന് 2016ല്‍ നേത്യാനൂഹ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇസ്രായേലിലെ യാഥാസ്ഥിതിക ജൂതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹം വാഗ്ദാനത്തില്‍ നിന്നും പിന്നോക്കം പോവുകയായിരുന്നു.

പ്രാര്‍ത്ഥന സ്ഥലത്തെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിന്റെ കുത്തക അവസാനിപ്പിക്കേണ്ട കാലമായെന്ന് വുമണ്‍ ഓഫ് വാള്‍ എന്ന സംഘടന ചൂണ്ടിക്കാട്ടി. ഇസ്രായേലില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള വനിത മാധ്യമ പ്രവര്‍ത്തകര്‍ ലിംഗവിവേചനത്തിന് ഇരയായിരിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ നേത്യാനൂഹിന്റെ ഓഫീസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേല്‍ ഔദ്ധ്യോഗിക ചടങ്ങിനെത്തുന്ന വനിത റിപ്പോര്‍ട്ടര്‍മാരോട് വിവസ്ത്രരാകാന്‍ പറയുന്നത് ഇതാദ്യമല്ല. 2011ല്‍ ഒരു ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകയോടും ബ്രാ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും