സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

10 ദിവസത്തിനുള്ളില്‍ ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് മോചിപ്പിച്ചത് നിരവധി കുട്ടികളെ

വിമെന്‍ പോയിന്‍റ് ടീം

ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍, വനിതാ, ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഫലമായി 10 ദിവസത്തിനുള്ളില്‍ 29 കുട്ടികളെ മോചിപ്പിക്കുവാന്‍ സാധിച്ചു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആരംഭിച്ച പദ്ധതി ഈ വര്‍ഷം ജനുവരി 1 മുതല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. നാല് ജില്ലകളിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ ചൈല്‍ഡ് റസ്‌ക്യൂഫോഴ്‌സിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 10 ദിവസം മുമ്പാണ്. പത്തനംതിട്ട ജില്ലയില്‍ 7 ആണ്‍കുട്ടികള്‍ 5 പെണ്‍കുട്ടികള്‍, കോട്ടയം ജില്ലയില്‍ 4 ആണ്‍കുട്ടികള്‍, ആലപ്പുഴ ജില്ലയില്‍ 2 ആണ്‍കുട്ടികള്‍ 2 പെണ്‍കുട്ടികള്‍, കൊല്ലം ജില്ലയില്‍ 3 ആണ്‍കുട്ടികള്‍ 6 പെണ്‍കുട്ടികള്‍ എന്നിവരെയാണ് ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തി രക്ഷിച്ചിട്ടുള്ളത്. 29 കുട്ടികളില്‍ 22 കുട്ടികളും തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മാല, വള തുടങ്ങിയവ വില്‍പ്പന നടത്തുന്നതിനും ഹോട്ടലുകളില്‍ ജോലിക്കായും കൊണ്ടുവന്നിട്ടുള്ളവരാണ്.

പ്രയാസകരമായ സാഹചര്യത്തില്‍പ്പെട്ടതും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതുമായ ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും ചൈല്‍ഡ് റസ്‌ക്യൂഫോഴ്‌സ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ പഠനം മുടക്കിയാണ് പല കുട്ടികളെയും കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മാല, വള തുടങ്ങിയ സാധനങ്ങള്‍ കുട്ടികള്‍ മുഖേന വിപണനം നടത്തിയാല്‍ മുതിര്‍ന്നവര്‍ വിപണനം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ വിപണനം നടത്തുവാന്‍ കഴിയുമെന്നതുകൊണ്ടും കുറഞ്ഞ കൂലിക്ക് കുട്ടികളെ കച്ചവട ആവശ്യത്തിനായി ലഭിക്കുമെന്നതിനാലുമാണ് വിദ്യാഭ്യാസം മുടക്കിയും കുട്ടികളെ കച്ചവട ആവശ്യത്തിനായി കൊണ്ടുവരുന്നത്. പല കുട്ടികളെയും വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. മതിയായ ഭക്ഷണം ലഭിക്കാത്ത കുട്ടികളെയും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളും മുതിര്‍ന്ന പുരുഷന്‍മാരുമൊക്കെ താല്ക്കാലിക ഷെഡ്ഡില്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

നാല് ജില്ലകളിലായി ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തിയ 29 കുട്ടികളെയും അതാത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതര സംസ്ഥാന കുട്ടികളെ ബന്ധപ്പെട്ട സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി കുട്ടികളുടെ തുടര്‍സംരക്ഷണത്തിനായുള്ള നടപടി സ്വീകരിച്ചുവരുന്നു.

സ്‌കൂളില്‍ വിടാതെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന പത്തനംതിട്ട സ്വദേശികളായ മൂന്ന് കുട്ടികളെ, കുട്ടികളുടെ വിദ്യാഭ്യാസം ഇനി മുടക്കില്ല എന്ന രക്ഷിതാക്കളുടെ ഉറപ്പിന്‍മേല്‍ രക്ഷിതാവിനൊപ്പം അയച്ചു. കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ഓച്ചിറയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 7 കുട്ടികളെ ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തുകയും അവരെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയില്‍ നിന്ന് മോചിപ്പിച്ച 2 പെണ്‍കുട്ടികളെ രക്ഷിതാവ് എന്ന് അവകാശപ്പെട്ട് ഏറ്റെടുക്കുവാന്‍ വന്നവര്‍ യഥാര്‍ത്ഥ രക്ഷിതാവ് ആണോ എന്ന് നിശ്ചയിക്കുന്നതിനായി ഡി.എന്‍.എ. പരിശോധനയ്ക്കായുള്ള നടപടി സ്വീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി വീണ്ടും അതിക്രമത്തിന് ഇരയാകുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തുകയും കുട്ടിയെ സി.ഡബ്ല്യു.സി. മുമ്പാകെ ഹാജരാക്കി ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടികളെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും മതിയായ ശ്രദ്ധയും സംരക്ഷണവും നല്‍കാത്തതില്‍ വീഴ്ച വരുത്തിയതിനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികളെ ബാലവേല-ബാലഭിക്ഷാടനം-ബാലചൂഷണം എന്നിവയില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ശക്തമായ നടപടി തുടരുമെന്നും ശരണബാല്യം പദ്ധതി മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പലരും വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യത്തിലാണ് ഉള്ളതെന്നും 14 വയസുവരെയുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമായ എല്ലാ ഇതര സംസ്ഥാന കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും