സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പോര്‍ട്ടബിള്‍ കൃത്രിമ കൈയെന്ന ചരിത്രനേട്ടം, ഇറ്റലിക്കാരിക്ക് സ്വന്തം

വിമെന്‍ പോയിന്‍റ് ടീം

25 വര്‍ഷങ്ങള്‍ മുമ്പ് നടന്ന അപകടത്തിലാണ് ഇറ്റലിക്കാരി അല്‍മെറീന മസ്‌ക്കാരെല്ലോയ്ക്ക് ഇടംകൈ നഷ്ടമായത്. തന്റെ 25ാം വയസില്‍ നഷ്ടപ്പെട്ട കൈ വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെ കിട്ടിയത് ചരിത്രത്തോടൊപ്പം ചേര്‍ത്തുവെക്കാവുന്ന സംഭവമാണ് അല്‍മെറീനയ്ക്ക്. ലോകത്തിലെ തന്നെ ആദ്യ പോര്‍ട്ടബിള്‍ കൃത്രിമ കൈയുടെ സ്വീകര്‍ത്താവാണ് ഈ അമ്പതുകാരി. റോമിലെ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച കൃത്രിമ കൈ, സ്പര്‍ശനം തിരിച്ചറിയാന്‍ ശേഷിയുള്ളതും ആവശ്യാനുസരണം ഘടിപ്പിക്കാവുന്നതും ഊരിമാറ്റാവുന്നതുമാണ്.

ഇറ്റലി, സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി എന്നിവിടങ്ങളിലെ എഞ്ചിനിയര്‍മാരും ന്യൂറോസയന്റിസ്റ്റുകളും ഇലക്ട്രോണിക്സ് റോബോട്ടിക്സ് വിദഗ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 2014ല്‍ ലോകത്തിലെ ആദ്യത്തെ ബയോണിക് ഹാന്‍ഡ് നിര്‍മ്മിച്ചതും ഈ സംഘം തന്നെയാണ്. പക്ഷെ കൈയോട് ഘടിപ്പിച്ച, സ്പര്‍ശനം തിരിച്ചറിയാന്‍ സഹായിക്കുന്നതും സാങ്കേതിക സഹായം പ്രദാനം ചെയ്യുന്നതുമായ ഉപകരണങ്ങള്‍ താരതമ്യേന വലിപ്പമേറിയതായതിനാല്‍, ഉപകരണം ലബോറട്ടറിക്ക് പുറത്തെത്തിക്കാന്‍ സാധിച്ചില്ല. സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തിയും പുതിയവ അവലംബിച്ചും ‘പോര്‍ട്ടബിള്‍’ കൃത്രിമ കൈ എന്ന ആശയത്തിന് പിന്നാലെയായിരുന്നു സംഘം കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി.

അടുത്തിരിക്കുന്ന വസ്തു മൃദുവാണോ കട്ടിയുള്ളതാണോ എന്ന് കൃത്രിമ കൈയ്യാല്‍ തൊട്ടുനോക്കി തിരിച്ചറിയാന്‍ സാധിക്കും. വസ്തുവില്‍ തൊടുമ്പോള്‍ ലഭിക്കുന്ന സിഗ്‌നല്‍ മസ്‌ക്കാരെല്ലോയുടെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് എത്തുന്നത് വഴിയാണ് ഈ പ്രവര്‍ത്തനം സാധ്യമാവുക. കൈയിലെ നാഡികളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോഡുകള്‍ വഴി തലച്ചോറിന് മനസിലാകും വിധം സിഗ്‌നല്‍ കടന്നുപോകും. ഈ പ്രവര്‍ത്തനം, അടുത്തുള്ള വസ്തുവിനെ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ മസ്‌ക്കാരെല്ലോയെ സഹായിക്കുന്നുണ്ടെന്ന് നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ മനസിലായിരുന്നു. സാധാരണ കൈ ഉപയോഗിച്ച് ഒരു വസ്തു തൊടുമ്പോഴുള്ള വിധം പെട്ടെന്നുള്ള തിരിച്ചറിവിന് പോര്‍ട്ടബിള്‍ ഹാന്‍ഡ് സഹായിക്കുന്നുണ്ടെന്ന് മസ്‌ക്കാരെല്ലോ പറയുന്നു. വസ്ത്രം ധരിക്കാന്‍ ഒറ്റക്കൈ ഉപയോഗിച്ചിരുന്ന മസ്‌ക്കാരെല്ലോയ്ക്ക് വലതുകൈ പോലെ തന്നെ അനായാസം ‘ഇടതുകൈ’യും ചലിപ്പിക്കാനായി.

ആറ് മാസക്കാലം ഉപയോഗിക്കാവുന്ന തരത്തിലുള്ള മാതൃക ഇപ്പോള്‍ ഊരിമാറ്റിയിരിക്കുകയാണ് അല്‍മറീന മസ്‌ക്കാരെല്ലോ. കൈയുടെ പരിഷ്‌കരിച്ച മാതൃക തയ്യാറാകുന്ന ഘട്ടമായതിനാലാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനമാണ് പോര്‍ട്ടബിള്‍ ബയോണിക് ഹാന്‍ഡിന്റെ നിര്‍മ്മാതാക്കള്‍ ഭാവിയില്‍ ലക്ഷ്യമിടുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും