സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

വരും കാലം വിജയിക്കുന്ന പോരാട്ടങ്ങളുടെ ആകട്ടെ...


ഓഖി ചുഴലിക്കാറ്റ് സൃഷ്ട്ടിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചനം നേടാത്ത തീരപ്രദേശങ്ങളിലെ സ്ത്രീകളുടെ കണ്ണുനീർ വറ്റാതെയാണ് പുതുവര്ഷത്തിന്റെ വരവ്. എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ,ജീവിതം തന്നെയും  നഷ്ടപെട്ട ആയിരകണക്കിന് സഹോദരിമാർക്കൊപ്പമാണ് വിമൻ പോയിന്റ് .  പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷങ്ങളിൽ അതിനാൽ വിമൻപോയിന്റും പങ്കെടുക്കുന്നില്ല.

2018 സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആകട്ടേയെന്നു കഠിനമായി ആഗ്രഹിക്കുകയും പെൺകുഞ്ഞുങ്ങളും സ്ത്രീകളും നിർഭയരായി, ശക്തരായി, ജീവിക്കുന്നതിനുതകുന്ന സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുവാനേ കഴിയൂ.കഴിഞ്ഞുപോയ വർഷത്തെ സ്ത്രീപക്ഷമായി വിലയിരുത്തുമ്പോൾ ചില പ്രധാനനേട്ടങ്ങൾ കാണാതിരിക്കാനാവില്ല. 

2017 ൽ സ്ത്രീശാക്തീകരണത്തിന് ആക്കം കൂട്ടുന്ന സുപ്രധാന നടപടി വനിതാ ശിശു വികസന വകുപ്പിന് സർക്കാർ രൂപം നൽകിയതാണ്. ഇടതു ജനാധിപത്യ മുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഏറെ കാലമായുള്ള സ്ത്രീകളുടെ ആവശ്യമാണ് ഇതോടെ  സാക്ഷാത്കരിക്കപ്പെട്ടത് . സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി നിൽക്കുന്നതിനാൽ സ്ത്രീസമൂഹത്തിന്റെ വികസനത്തിനു അപ്രധാനസ്ഥാനമേ ലഭിക്കാറുള്ളൂ . സാമൂഹ്യ നീതി നിഷേധിക്കപെടുന്നവരുടെ നീണ്ട നിരയിൽ ഏറ്റവും പിന്നിൽ സ്ത്രീ ഒതുക്കപ്പെടുമ്പോൾ ശാസ്ത്രീയമായ നടപടികൾ വൈകിയിരുന്നു. ഇതിനു പരിഹാരമാകാൻ ഉതകുന്ന ഈ തീരുമാനത്തെ ജനാധിപത്യ സമൂഹം കയ്യടിച്ചു സ്വീകരിച്ചു. ലിംഗനീതി ഉറപ്പാക്കാൻ നിരവധി നടപടികളാണ് സർക്കാർ തലത്തിൽ നടപ്പാക്കുന്നത് . പിങ്ക് പോലീസും മിത്രയും ഷീ പാഡും ഷീ ടാക്സിയും എല്ലാം ഇതിൽ ഉൾപ്പെടുന്നു .

 വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിനും ചിട്ടപ്പടിയുള്ള നടപടികൾ നടക്കുന്നു. മാത്രമല്ല , കേരളീയപൊതു സമൂഹം വളരെ പതുക്കെ ആണെങ്കിലും സ്ത്രീബോധത്തിലേക്കു നടന്നടുക്കുന്നതിന്റെ സൂചനകളും കാട്ടി തുടങ്ങിയിരിക്കുന്നു. യുവതലമുറയിൽ ഒരു വിഭാഗം എങ്കിലും ലിംഗനീതി ജനാധിപത്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്നുണ്ട് ,സ്ത്രീകളുടെ തുറന്നു പറച്ചിലുകളിൽ മലയാളി പുരുഷബോധം അസ്വസ്ഥമാകുമ്പോഴും പ്രതിരോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്നത് ആവേശകരമാണ്. 2017 ൽ ഉയർന്നുവന്ന ഏതാണ്ട് എല്ലാ വിവാദങ്ങളും സ്ത്രീസംബന്ധമായിരുന്നു എന്ന് കാണാം . കൊടും അഴിമതിയായ സോളാർ സരിത എന്ന സ്ത്രീയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. ഇതിൽ ഉൾപ്പെട്ട പുരുഷന്മാരെല്ലാം നിഷ്പ്രഭരായി.   പ്രതിയാകുമ്പോഴും  താരത്തെ എന്ന പോലെ മാധ്യമങ്ങൾ ആഘോഷപൂർവം സരിതയെ കൊണ്ട് നടന്നു. മറ്റൊരു വിവാദ സംഭവം ദിലീപ് എന്ന സൂപ്പർ സ്റ്റാർ നടത്തിയ ലൈംഗികാതിക്രമം ആയിരുന്നു. പ്രമുഖയായ ഒരു നടിയെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയെന്നാണ് കേസ് . ഒരുപക്ഷെ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ആദ്യ സംഭവം ! വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ പോലീസ് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്ന സംവാദങ്ങളും ചർച്ചകളും പൊതുവിൽ കഴമ്പില്ലാത്തതാണെങ്കിലും ചലച്ചിത്രലോകത്തെ അനഭിലഷണീയ പ്രവണതകൾ വെളിപ്പെടുത്തി,2017 ൽ തന്നെ ചലച്ചിത്ര ലോകത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചതും ശ്രദ്ധേയവും ധീരവുമായി.
മതവും സ്ത്രീയും എന്ന സങ്കീർണവും ഗൗരവമേറിയതുമായ വിഷയമാണ് ഹാദിയ സംഭവത്തോടെ ചർച്ചയായത് . അഖില എന്ന മെഡിക്കൽ വിദ്യാർത്ഥിനി ഹാദിയ എന്ന പേര് സ്വീകരിക്കുകയും മഹാൻ മാറുകയും സ്വയം തെരെഞ്ഞെടുത്ത വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തത് സൃഷ്ട്ടിച്ച കോളിളക്കം ഇനിയും തുടരുകയാണ്. സുപ്രീം കോടതിയിലെത്തിയ കേസ് ഹിന്ദു-മുസ്‌ലിം മത മൗലികവാദികൾ ദുരുപയോഗം ചെയ്യുകയും ഒരു സ്ത്രീയുടെ പൗരാവകാശം എന്നത് തന്നെ ചോദ്യ ചിഹ്നമാക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി ഹാദിയ സംഭവത്തെ കണക്കാക്കേണ്ടതാണ് .
ഇനിയും ഉദാഹരണങ്ങൾ അനേകമുണ്ട് . സാമൂഹ്യ വ്യവഹാരങ്ങളിലെ സ്ത്രീ സാന്നിധ്യം കേരളം എത്രത്തോളം  സ്ത്രീവിരുധം അല്ലെങ്കിൽ സ്ത്രീപക്ഷമാണെന്ന് പഠിക്കാൻ സഹായിക്കുന്നു.എന്തായാലും ചെറിയ വിഭാഗം എങ്കിലും ലിംഗനീതി അംഗീകരിക്കുന്നു എന്ന് വ്യക്തം.  സ്ത്രീകളുടെ തുറന്നുപറച്ചിലുകളെ ആക്രമിക്കാൻ സൈബർ ഇടം ഉപയോഗിക്കുന്ന മലയാളികൾ വളരെ കൂടുതൽ ആണെങ്കിലും പ്രതിരോധത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.സ്ത്രീവിരുദ്ധ സിനിമയിൽ അഭിനയിക്കില്ല എന്ന പൃഥ്‌വിരാജിന്റെ പ്രഖ്യാപനം ഉദാഹരണമായി എടുക്കാം. അദ്ദേഹം മാത്രമല്ല ,സിനിമയിൽ ഒരു ശക്തമായ യുവതലമുറ ലിംഗനീതിയുടെയും വർഗ രാഷ്ട്രീയത്തിന്റെയും നേരായ വഴി തെരെഞ്ഞെടുത്തവർ തന്നെ ആണ്.
സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രസക്തി ഏറ്റവും തെളിഞ്ഞു നിൽക്കുന്ന കാലഘട്ടത്തിൽ ഇത്തരം ചിലരെങ്കിലും സ്വീകരിക്കുന്ന ശരിയായ നിലപാടുകൾ ആണ് സമൂഹത്തെ മുന്നോട്ടു നയിക്കുക.

2018 കൂടുതൽ സ്ത്രീ സൗഹാർദപരം ആകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. അതിനുള്ള തറയൊരുക്കാം 2017 ൽ ഉണ്ടായിട്ടുണ്ട് . വർഗീയ ശക്തികളുടെ കടന്നാക്രമണങ്ങൾ ചെറുക്കാനും ജനാധിപത്യത്തെ ശക്തിപെടുത്തികൊ ണ്ടു അവകാശങ്ങൾ സ്ഥാപിക്കുവാനും സ്ത്രീ സമൂഹത്തിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . ആഗോളവൽക്കരണവും ആക്രമണോത്സുക മൂലധന ശക്തികളും ഒപ്പം വർഗീയതയും ചേരുമ്പോൾ ഏറെ ദുരിത പേറേണ്ടി വരുന്നത് സ്ത്രീകളാണ്. അതുകൊണ്ടു തന്നെ സ്ത്രീ വിമോചന പോരാട്ടങ്ങൾ വിജയിക്കണമെങ്കിൽ മുതലാളിത്തത്തെയും വർഗീയതയും എതിർത്ത് തോൽപ്പിക്കുക തന്നെ വേണം. വരും കാലം വിജയിക്കുന്ന പോരാട്ടങ്ങളുടെ ആകട്ടെ എന്ന് വിമാനപോയിന്റ് ആശംസിക്കുന്നു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും