സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബേനസീര്‍ ഭൂട്ടോ വധം: പിന്നില്‍ ബിന്‍ ലാദന്‍ ആയിരുന്നെന്ന് പാക് ഇന്റലിജന്‍സ് രേഖകള്‍

വിമെന്‍ പോയിന്‍റ് ടീം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി, കൊല്ലപ്പെട്ട ബേനസീര്‍ ഭൂട്ടോയേയും മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനേയും വധിക്കാന്‍ അല്‍ ക്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി ഐഎസ്‌ഐ. വധം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ലാദന്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയിരുന്നു. ലാദന്റെ കൊറിയറാണ് (സന്ദേശവാഹകന്‍) ആയുധങ്ങള്‍ എത്തിച്ചത് എന്ന് ഐഎസ്‌ഐയെ ഉദ്ധരിച്ച് പാക് പത്രം ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.

2007 ഡിസംബറില്‍ തന്നെ ഈ വിവരം ഐഎസ്‌ഐയും പാക് ആര്‍മിയും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകളും കത്തുകളും ലാദന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബേനസീര്‍ ഭൂട്ടോ, മുഷറഫ്, ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ തലവന്‍ ഫസലുള്‍ റഹ്മാന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ലാദന്‍ പദ്ധതിയിട്ടിരിക്കുന്നതായി ഈ ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായ മുന്നറിയിപ്പ് കിട്ടിയിരുന്നതായി ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 ഡിസംബര്‍ 19ലെ കത്ത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രൈസിസ് മാനേജ്‌മെന്റ് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഇമ്രാന്‍ യാക്കൂബിനാണ് കത്ത് നല്‍കിയിരിക്കുന്നത്. ‘President Musharraf, Benazir Bhutto and Fazlur Rehman’s murder plan’ എന്ന തലക്കെട്ടിലുള്ള കത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിന് വേണ്ടി ലെഫ്.കേണല്‍ സൈഗാം ഇസ്ലാം ബട്ട് ഒപ്പുവച്ചിരിക്കുന്നു. തന്റെ കൊറിയറായ മുള്‍ട്ടാന്‍ സ്വദേശി മൂസ താരിഖിനെ സ്‌ഫോടക വസ്തുക്കളുമായി വസീറിസ്ഥാന്‍ വഴി അയയ്ക്കാനാണ് ലാദന്റെ പദ്ധതി. വരുന്ന ഞായറാഴ്ച (2007 ഡിസംബര്‍ 22) ദേര ഇസ്മയില്‍ ഖാന്‍ മേഖലയില്‍ ഇയാളുണ്ടാകും. ലാദന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണുള്ളത്. അയാള്‍ ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നു – കത്തില്‍ പറയുന്നു.

അടിയന്തരമായി ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഐഎസ്‌ഐ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായും ദ ന്യൂസ് പറയുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ജനറല്‍ സ്റ്റാഫ് ബ്രാഞ്ചിനും റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനും കത്തിന്റെ കോപ്പികള്‍ അയച്ചിരുന്നു. ഈ കത്ത് കിട്ടിയ ശേഷം ജിഎസ് ബ്രാഞ്ച് ഡിസംബര്‍ 20ന് ആഭ്യന്തര സെക്രട്ടറി കമല്‍ ഷായ്ക്ക് ഇത് സംബന്ധിച്ച് വീണ്ടും കത്ത് നല്‍കി. ഡിസംബര്‍ 21ന് അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ്, ലെഫ്.ജനറല്‍ സലാഹുദ്ദീന്‍ സത്തിയുടെ ലെഫ്.കേണല്‍ സ്റ്റാഫ് ഖുറം ഷഹ്‌സാദിന്റെ ഒപ്പോട് കൂടി ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭൂട്ടോ വധം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ബില്‍ ലാദന് ഹ്രസ്വമായ ഒരു കത്ത് വന്നു. ജാമിയ ഹഫ്‌സയിലേയും ലാല്‍ മസ്ജിദിലേയും നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് വേണ്ടി നമ്മള്‍ പ്രതികാരം ചെയ്തിരിക്കുന്നു – എന്ന് ലാദന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തില്‍ പറയുന്നു. 2011 മേയിലാണ് പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് ബിന്‍ ലാദനെ അമേരിക്കയുടെ നേവി കമാന്‍ഡോകള്‍ വധിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും