പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസല്‍ ന്യൂയോര്‍ക്കിലായിരുന്നു അന്ത്യം. മകന്‍ നുസ്ലി വാഡിയയ്‌ക്കൊപ്പമായിരുന്നു താമസം. ജിന്നയുടെ രണ്ടാം ഭാര്യ രത്തന്‍ബായ് പെട്ടിറ്റില്‍ പിറന്ന മകളായിരുന്നു ദിന. 1919 ഓഗസ്റ്റ് 15 ന് ലണ്ടനിലായിരുന്നു ദിനയുടെ ജനനം. മുസ്ലിം സമുദായത്തിനു പുറത്തു നിന്നുള്ള ഒരാളെ തനിക്ക് വിവാഹം കഴിക്കണമെന്ന ദിനയുടെ താത്പര്യം മൂലം ജിന്നയും മകളും തമ്മില്‍ കടുത്ത അകല്‍ച്ചയില്‍ ആയിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസിയായ ബിസിനസുകാരന്‍ നെവില്‍ വാഡിയയെ വിവാഹം കഴിച്ചതോടെ ദിനയും ജിന്നയും തമ്മില്‍ കൂടുതല്‍ അകന്നു. അമുസ്ലിമായ ഒരാളെ മകള്‍ വിവാഹം കഴിക്കുന്നതിനോട് ജിന്നയ്ക്ക് ഒരുതരത്തിലും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ത്യയില്‍ ധാരളാം മുസ്ലിം ചെറുപ്പക്കാരുണ്ടെന്നും അവരില്‍ ആരെ തെരഞ്ഞെടുത്താലും താന്‍ വിവാഹത്തിന് സമ്മതം നല്‍കാമെന്നുമായിരുന്നു ജിന്ന മകളോട് പറഞ്ഞിരുന്നതെന്ന് ജിന്നയുടെ സഹായിയായിരുന്ന മുഹമ്മദ് കുറിം എഴുതിയ ജിന്നയുടെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ രൂപീകരണത്തിനു ശേഷം ദിന ആ നാട് സന്ദര്‍ശിക്കുന്നത് ജിന്നയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു. പിന്നീടൊരിക്കലും പൊതുവേദികളിലേക്ക് വരാതിരുന്ന ദിന 2007 ല്‍ പരസ്യമായ പ്രതികരണവുമായി രംഗത്ത് വരുന്നത് ജിന്നയുടെ ഇന്ത്യയിലെ ഭവനത്തില്‍ അവകാശവാദം ഉന്നയിച്ചാണ്. പാകിസ്താന്‍ പ്രസിഡന്റായിരുന്ന പര്‍വേശ് മുഷറഫ് മുംബൈയിലുള്ള ജിന്നയുടെ ഭവനമായ സൗത്ത് കോര്‍ട്ടിന്റെ അവകാശം പാകിസ്താന് നല്‍കണമെന്നും പാകിസ്താന്‍ കോണ്‍സുലേറ്റായി അതു മാറ്റിയെടുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരേ രംഗത്തു വന്ന ദിന, തന്റെ പിതാവ് ഒരു വില്‍പത്രവും തയ്യാറാക്കാതെയാണ് മരിച്ചതെന്നും മുംബൈയിലുള്ള ഭവനം അദ്ദേഹത്തിന്റെ അന്തന്തരാവകാശി എന്ന നിലയില്‍ തനിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.