സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കി സൗദി

വിമെന്‍പോയിന്‍റ് ടീം

 സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കുകയാണ് സൗദി. സ്ത്രീസ്വാതന്ത്ര്യത്തിനുമേലുള്ള അടിച്ചമര്‍ത്തലിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമായി ലോകം സൗദിയെ കുറ്റപ്പെടുത്തിയിരുന്ന ഒന്നായിരുന്നു സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിരോധനം. വനിതകള്‍ക്ക് വാഹന ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇത് 2018 ജൂണ്‍ മുതല്‍ പ്രാബല്യത്തിലാകുമെന്ന് സൗദി ഗവണ്‍മെന്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പാക്കാന്‍ ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിന് വനിതകളും ഒത്തുകൂടിയത് ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീ-പുരുഷന്മാര്‍ പൊതുചടങ്ങുകളില്‍ ഒരുമിച്ച് ഒത്തുകൂടുന്നതിനു കര്‍ശന വിലക്ക് ഉണ്ടായിരുന്നു. പൊതു ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയിരുന്നു. ഡ്രൈവിംഗ് അനുമതിയോടെ സൗദി വനിതകളുടെ ഏറെക്കാലത്തെ നിരന്തര ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ശരിയായ തീരുമാനം ശരിയായ സമയത്തുണ്ടായിരിക്കുന്നുവെന്നാണ് സൗദിയുടെ യുഎസ് അംബാസിഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സൗദിക്ക് അഭിനന്ദനം ലഭിക്കുകയാണ്. സ്വാഗതാര്‍ഹമായ തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്. സൗദിയുടെ നയതന്ത്രബന്ധങ്ങളില്‍ പോലും ഈ തീരുമാനം അനുകൂല പ്രതിഫലനം ഉണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ലോകത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകരാജ്യമാണ് സൗദി. ഇവിടെ പുരുഷന്മാര്‍ക്ക് മാത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. വിലക്കു ലംഘിച്ച് പൊതുവിടത്തില്‍ സ്ത്രീകള്‍ വാഹനമോടിച്ചാല്‍ പഴിയീടാക്കലും അറസ്റ്റ് ചെയ്യലുമാണ് ശിക്ഷ.

പുതിയ തീരുമാനത്തിലൂടെ തൊഴിലിടങ്ങളില്‍ കൂടുതല്‍ സത്രീപ്രാധിനിത്യം ഉറപ്പിക്കാന്‍ കഴിയുമെന്നു സൗദി ഭരണകൂടം വിശ്വസിക്കുന്നു. സൗദിയിലെ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അവരുടെ ശമ്പളത്തില്‍ നിന്നും നല്ലൊരു ശതമാനം തുക ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുകയാണ്.

ഈ തീരുമാനം ആശ്ചര്യകരമാണെന്നാണ് സൗദി യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫൗസിയ അല്‍ ബക്കര്‍ ദി ന്യൂയോര്‍ക് ടൈംസിനോട് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ 1990, ആദ്യമായി ഭരണകൂടത്തിനെതിരേ പ്രതിഷേധം നയിച്ച 47 സ്ത്രീകളില്‍ ഒരാളായിരുന്നു ഫൗസിയ. രാജ്യതലസ്ഥാനമായ റിയാദില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചിലരെ അവരുടെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും