പൊലിസ് മർദനത്തിലേറ്റ പരുക്ക് കാണുന്നതിനായി പെൺകുട്ടിയുടെ ജീൻസിന്‍റെ ബട്ടൻ അഴിക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ് ആവശ്യപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.മേയ് മൂന്നിന് ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിലെ ഫർദപുർ ഗ്രാമത്തില്‍ ബിജെപി പ്രവർത്തകന്‍ മെയ്ദൻ സിങ്ങിന്‍റെ വീട്ടിൽ വ്യാജമദ്യം സൂക്ഷിച്ചെന്ന ആരോപണത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് സാക്ഷി മഹാരാജ് എത്തിയത്.കുടുംബാംഗങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംപി പെൺകുട്ടിയുടെ ജീൻസിന്‍റെ ബട്ടൻ അഴിപ്പിച്ച് പരുക്ക് കാണുകയായിരുന്നു. ഇതേസമയം, സ്ഥലത്ത് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘവും ഉണ്ടായിരുന്നു. മറ്റു സ്ത്രീകൾ ജീൻസിന്‍റെ ബട്ടൻ അഴിക്കുന്നതിനെ പെൺകുട്ടിയെ എതിർത്തെങ്കിലും സാക്ഷി മഹാരാജ് ഒന്നും പറഞ്ഞില്ല.വനിതാ കോൺസ്റ്റബിൾമാർ ഇല്ലാതെയാണ് പൊലീസ് വീട്ടിനുള്ളിൽ കയറിയതെന്നും സിങ്ങിന്‍റെ രണ്ടു പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച സാക്ഷി മഹാരാജ് അതിക്രമിച്ചു കയറിയ പൊലീസുകാരെ വെടിവയ്ക്കുമെന്നു ഭീഷണി മുഴക്കാനും മറന്നില്ല.തുടർന്ന് മണിപ്പൂരി ജില്ലയിലെ ബിച്ചാവ പൊലീസ് സ്റ്റേഷൻ ഇതുസംബന്ധിച്ച് എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്.