ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഞങ്ങളുടെ അതി തീവ്രമായ വേദനയും രോഷവും അറിയിക്കുന്നു. മതേതര പുരോഗമന ഇന്ത്യയോടുള്ള ഐക്യദാർഢ്യവും ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ മതേതര മന:സാക്ഷിയോട് ആവശ്യപ്പെടുന്നു "ജാഗ്രത! അതീവ ജാഗ്രത! " അപകടം ഓരോരുത്തരുടെയും വീട്ടുമുറ്റത്തെത്തി കഴിഞ്ഞുവെന്ന് ഈ അരുംകൊല നമ്മെ ഓർമപ്പെടുത്തുന്നു. കല്ബുര്ഗിക്കും പൻസാരെക്കും ധാബോൽക്കർക്കും പിന്നാലെ ആണ് ഗൗരി എന്ന ധീരയായ മാധ്യമ പ്രവർത്തകയും രക്തസാക്ഷിത്വം വരിച്ചത്. സംഘപരിവാർ ശക്തികളുടെ ആക്രമണങ്ങളെയും ഭീഷണികളെയും തെല്ലും വകവെക്കാതെ തന്റെ നിലപടിൽ ഉറച്ചു നിൽക്കുകയും മതേതര ഇന്ത്യക്കു വേണ്ടി നിരന്തരം ശബ്ദം ഉയർത്തുകയും ചെയ്തിരുന്ന ഗൗരി ലങ്കേഷിനെ ഹിന്ദുത്വ വാദികൾ വെറുക്കുക മാത്രമല്ല ഭയപ്പെടുകയും ചെയ്തിരുന്നുവെന്നാണീ ആസൂത്രിത കൊലപാതകം തെളിയിക്കുന്നത്. കല്ബുര്ഗിയുടെകൊലയിൽ പ്രതിഷേധിക്കുകയും ഇനിയും കൊലപാതകികളെ പിടികൂടാത്തതിൽ രോഷം കൊള്ളുകയും ചെയ്ത ഗൗരിയെ അതെ രീതിയിൽ വീട്ടിൽ കയറിച്ചെന്നു വെടിവെച്ചു വീഴ്ത്തി എന്നത് ഭരണകൂടം ആർക്കൊപ്പം ആണെന്ന് സംശയരഹിതമായി പ്രഖ്യാപിക്കുന്നു. പുരോഗമന സാഹിത്യകാരനും ഇടതു സഹയാത്രികനുമായിരുന്ന പി ലങ്കേഷിൻറെ മകൾ ഗൗരി അച്ഛന്റെ പ്രത്യയശാസ്ത്ര പാതയിലൂടെ കൂടുതൽ വീറോടെ മുന്നോട്ടു കുതിക്കുകയായിരുന്നു. നിർഭയയായി തന്റെ അഭിപ്രായം തുറന്നു പറയുന്ന ഗൗരിയെ നിശ്ശബ്ദയാക്കാൻ കൊലപാതകം മാത്രമാണ് മാർഗമെന്ന് സംഘപരിവാർ ഉറപ്പിച്ചിട്ടുണ്ടാകാം . എന്നാൽ തന്റെ മരണത്തിലൂടെ താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ കൂടുതൽ ശരിയായിരുന്നുവെന്ന് ഗൗരി ലോകത്തോട് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. ഇന്ത്യ ഒട്ടാകെ പുരോഗമന ശക്തികൾ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്നു. കേരളത്തിലും പത്രപ്രവർത്തകരും വനിതാ സംഘടനകളും പുരോഗമന ഇടതു പ്രസ്ഥാനങ്ങളും തെരുവിലിറങ്ങി പ്രതിഷേധവും അമർഷവും പ്രകടിപ്പിക്കുന്നു. എന്നാൽ ഈ ശബ്ദം എത്ര ശുഷ്കവും നേർത്തതും ആണെന്നത് ഭയപ്പെടുത്തുന്ന സത്യമായി അവശേഷിക്കുന്നു. തനി ക്രിമിനൽ ആയ ഒരു കള്ളാ സംന്യാസിയെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ കലാപം പടർന്നു പിടിച്ചത് നാം കണ്ടു. പക്ഷെ, ഗൗരി ലങ്കേഷിന്റെ അരുംകൊലയിൽ പ്രതിഷേധിക്കാൻ ഏതാനും പേർ മാത്രം. ഇന്ത്യയിലെ ജനങ്ങൾ ഏതോ മായാലോകത്തു അകപ്പെട്ടിരിക്കുന്നു. സ്വന്തം വീട്ടുമുറ്റത്തു എത്തിക്കഴിഞ്ഞ ഭീകര ജീവിയെ കാണാൻ കഴിയാത്തത്ര അന്ധത നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ട് പോകുക!!