സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗസ്വാമി ഗുര്‍മീതിന് 20 വര്‍ഷം തടവ് ;പിഴ 30 ലക്ഷം

വിമെന്‍പോയിന്‍റ് ടീം

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം തടവും പിഴ 30 ലക്ഷവും കോടതി വിധിച്ചു.  സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന്റെ ശിക്ഷ വിധിച്ചത്.  രണ്ട് ബലാത്സംഗക്കേസുകളാണ് റാം റഹിമിനെതിരെ ഉള്ളത്. ഓരോ കേസിലും 10 വര്‍ഷം വീതമാണ് തടവ്. രണ്ടും വെവ്വേറെ അനുഭവിക്കണം. കൂടാതെ ഇയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികള്‍ക്ക് 15 ലക്ഷം വീതം നഷ്ടപരിഹാരവും നല്‍കണം. ഇത് നല്‍കിയിലെങ്കില്‍ ജയില്‍ ശിക്ഷ വീണ്ടും നീളും.

വിധിപ്രസ്താവത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ്ങ് വായിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഗുര്‍മീത് കോടതിയോട് മാപ്പിരന്നു. ഗുര്‍മീത് കഴിയുന്ന ജില്ലാ ജയിലിലായിരുന്നു വിധി പ്രഖ്യാപിച്ചത്. ജയില്‍ കോടതി ചേരുന്ന ഇടമായി ഹൈക്കോടതി വിജ്ഞാപനംചെയ്തിരുന്നു. 

ശിക്ഷ പ്രഖ്യാപിക്കുന്നതോടെ വന്‍കലാപത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. ഹരിയാന ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നനവര്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് ഹരിയാന ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 
ശിക്ഷ പ്രഖ്യാപിക്കുന്നതിന് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ്ങിനെ തിങ്കളാഴ്ച രാവിലെ വ്യോമമാര്‍ഗമാണ് റോത്തക്കില്‍ എത്തിച്ചത്. 

1999ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിക്കും പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ലഭിച്ച ഊമക്കത്താണ് റാം റഹീമിനെ കുടുക്കിയത്. ദേര ആശ്രമത്തില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുവെന്നായിരുന്നു കത്ത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 

ആശ്രമത്തിലെ 18 അന്തേവാസികളെ സിബിഐ ചോദ്യം ചെയ്തപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ റാം റഹീമിനെതിരെ മൊഴിനല്‍കി. ഇയാളുടെ സ്വകാര്യമുറിയില്‍ വച്ചാണ് പീഡനം നടന്നതെന്നും മുറിയിലെ വലിയ സ്ക്രീനില്‍ അശ്ളീല ചിത്രങ്ങള്‍ കാണിച്ചിരുന്നെന്നും പെണ്‍കുട്ടികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ബലാത്സംഗംവഴി പെണ്‍കുട്ടികള്‍ ശുദ്ധീകരിക്കപ്പെടുമെന്ന്് റാം റഹീം വിശ്വസിപ്പിച്ചിരുന്നുവെന്ന് മൊഴി ലഭിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 2002ലാണ്. 2008ലാണ് കുറ്റപത്രം നല്‍കിയത്.

ഗുര്‍മീതിനെ(50) ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഉണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപെട്ടിരുന്നു. വ്യാപക അക്രമസംഭവങ്ങളും നടന്നിരുന്നു. വിധി പ്രസ്താവിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.   ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും