സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ്: ഇസ്രത് ജഹാനെതിരെ സമൂഹത്തിന്റെ വിലക്ക്

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രിംകോടതി വിധിക്കായി നിയമ പോരാട്ടം നടത്തിയ പരാതിക്കാരിക്കെതിരെ സമൂഹത്തിന്റെ ഭ്രഷ്ട്. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളില്‍ ഒരാളായ ഇസ്രത് ജഹാനാണ് സമൂഹത്തിന്റെ വിലക്ക് നേരിടുന്നത്. ഇതുകൂടാതെ ഇവരെ സ്വഭാവഹത്യ നടത്തുന്നുമുണ്ട്. 

മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നാണ് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടായത്. മുത്തലാഖ് നിരോധിക്കാനായി ആവശ്യമെങ്കില്‍ ആറ് മാസത്തിനകം നിയമനിര്‍മാണം നടത്താമെന്നും സുപ്രിംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 31കാരിയായ ഇസ്രത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. ഇവരുടെ സ്ത്രീധനം ഉപയോഗിച്ച് ഭര്‍ത്താവ് 2004ല്‍ വാങ്ങിയ വീട്ടിലാണ് ഇസ്രത് ഇപ്പോള്‍ താമസിക്കുന്നത്. 2015ല്‍ ദുബൈയില്‍ നിന്നും മൊബൈലില്‍ വിളിച്ച് മൊഴിചൊല്ലിയാണ് ഭര്‍താവ് മുര്‍തസ ഇവരുടെ 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചത്. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും കുടുംബവും ഇവരുടെ വീട്ടില്‍ തന്നെയാണ് താമസം.

ബിഹാര്‍ സ്വദേശികളായ ഇസ്രതും മുര്‍തസയും 2000ലാണ് വിവാഹിതരായത്. എംബ്രോയ്ഡറി ജോലിക്കാരനായ മുര്‍ത്തസയ്‌ക്കൊപ്പമാണ് ഇസ്രത് ഹൗറയിലെത്തിയത്. ഒന്നിന് പിറകെ ഒന്നായി ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ് ജനിച്ചത്. എന്നാല്‍ ഒരു ആണ്‍കുട്ടി വേണമെന്നും അതിനായി മറ്റൊരു വിവാഹം കഴിക്കണമെന്നുമായിരുന്നു മുര്‍ത്തസയുടെ നിലപാട്. 2010ല്‍ ഇസ്രത് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും മറ്റൊരു വിവാഹമെന്ന നിലപാടില്‍ നിന്നും ഇയാള്‍ പിന്നോട്ട് പോയില്ല. വിദേശത്തു നിന്നും പലപ്പോഴും ഇയാള്‍ വിവാഹമോചന ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ഒടുവില്‍ 2015 ഏപ്രിലില്‍ ഫോണില്‍ വിളിച്ച് മൊഴി ചൊല്ലുകയായിരുന്നു. ഫോണിലൂടെയുള്ള മൊഴിചൊല്ലല്‍ താന്‍ അനുവദിക്കില്ലെന്നായിരുന്നു ഇസ്രതിന്റെ നിലപാട്. ഭര്‍ത്താവ് പിടിച്ചുവച്ചിരിക്കുന്ന നാല് മക്കളെയും തനിക്ക് വിട്ടുകിട്ടണമെന്നും അവര്‍ക്ക് ചെലവിന് നല്‍കണമെന്നുമായിരുന്നു കേസ് കൊടുത്തപ്പോള്‍ ഇസ്രത് വാദിച്ചത്.

കോടതി വിധിയോടെ സമൂഹം മുഴുവന്‍ തനിക്കെതിരായെന്ന് ഇസ്രത് പറയുന്നു. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് മോശം സ്ത്രീയെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ചീത്ത സ്ത്രീയെന്ന വിളി നേരിട്ട് പോലും കേള്‍ക്കേണ്ടി വരുന്നുണ്ട്. പുരുഷന്മാര്‍ക്കും ഇസ്ലാമിനും എതിരാണ് താനെന്നാണ് മുഖ്യ ആരോപണം. അയല്‍ക്കാര്‍ ഇപ്പോള്‍ മിണ്ടാറില്ലെന്നും ഇസ്രത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം നിയന്ത്രണങ്ങളും അപമാനങ്ങളും പുതിയ പോരാട്ടത്തിനുള്ള വാതില്‍ തുറന്നു നല്‍കുകയാണെന്നും അവര്‍ പറയുന്നു. തന്റെ മുഖം മറയ്ക്കാനുള്ളതല്ലെന്നും ലോകം മുഴുവന്‍ അത് കാണട്ടെയെന്നുമാണ് ഇസ്രതിന്റെ നിലപാട്.

ഇസ്രതിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷക നാസിയ ഇലാഹിക്ക് നേരെയും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. വിധിയ്ക്ക് പിന്നാലെ നാസിയയെ കളിയാക്കുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്ന് ഇസ്രത് ആരോപിക്കുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്നാണ് ഇവരുടെ നിലപാട്.

നീതിക്കായുള്ള തന്റെ പോരാട്ടം ഇനിയും തുടരും. നാല് വര്‍ഷമായി തനിക്ക് തന്റെ കുട്ടികളെ പഠിപ്പിക്കാനാകുന്നില്ലെന്നും പണമില്ലാത്തതാണ് അതിന് കാരണമെന്നും ഇസ്രത് പറയുന്നു. വിദ്യാഭ്യാസം കുട്ടികളുടെ ജന്മാവകാശമാണെന്നും വിദ്യാഭ്യാസ ചെലവിനും മറ്റ് ചെലവുകള്‍ക്കുമായും കേസ് കൊടുക്കാന്‍ പോകുകയാണെന്നും ഇസ്രത് ജഹാന്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും