സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

ആർത്തവാവധി സ്ത്രീയുടെ അവകാശം


ആർത്തവാവധി പരിഗണിക്കേണ്ടതാണെന്ന സംസ്ഥാന സർക്കാരിന്റെ അഭിപ്രായം സ്വാഗതാർഹമാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾച്ചർ ഫാക്ടറി എന്ന സ്ഥാപനം അടുത്തയിടെ അവിടുത്തെ 75 ജീവനക്കാരികൾക്കു ആർത്തവാവധി നൽകിയതാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക്‌ ചൂട് പകർന്നത്.  കേരളത്തിലും മാതൃഭൂമി വാർത്താവിഭാഗത്തിലുള്ളവർക്കു ആർത്തവത്തിന്റെ ആദ്യ ദിവസത്തിൽ അവധി നൽകുവാൻ തീരുമാനിച്ചത് വിപ്ലവകരമായ ചുവടുവെയ്പ്പായി .

കഴിഞ്ഞ ദിവസം നിയമസഭയിൽ  കെ.എസ്​. ശബരീനാഥ​​െൻറ ​ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത് .

ആർത്തവ സമയത്ത്​ സ്​ത്രീകൾക്ക്​ അവധി നൽകണമെന്ന ആവശ്യത്തിൽ എല്ലാവശവും പരിശോധിച്ച് തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ആര്‍ത്തവം സ്ത്രീകളുടെ ജൈവ സവിശേഷതയാണ്. ആ സമയത്ത് അവര്‍ക്ക്​ പലതരം ശാരീരിക  ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആര്‍ത്തവാവധി സംബന്ധിച്ച് വലിയ ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തെറ്റായ വിശ്വാസം കല്‍പിച്ച് ഈ സമയത്ത് സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന്​ മാറ്റിനിര്‍ത്തിയിരുന്നു. അത് ഇപ്പോഴു നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രസവാവധി പോലെ തന്നെ സ്ത്രീകളുടെ ജൈവികമായ ആവശ്യമാണ് ആർത്തവാവധിയും . മനുഷ്യകുലത്തെ നിലനിർത്തുന്നതിന് വേണ്ടിയുള്ള ആർത്തവത്തെ അശുദ്ധമായി കാണുകയും അതുകൊണ്ടു സ്ത്രീകളും അശുദ്ധരാണെന്നു പറഞ്ഞു എല്ലാ സാമൂഹിക പ്രക്രിയകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്ന കാലം അത്ര പഴയതല്ല . ഇപ്പോഴും ക്ഷേത്രങ്ങൾ ഉൾപ്പടെ വിശുദ്ധി ആവശ്യമായ ഇടങ്ങളിൽ മാസമുറയുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. എല്ലാ മാറ്റി നിർത്തലുകളുടെയും അടിസ്ഥാനമായ മാസമുറ സ്ത്രീകളുടെ എന്തോ "അശ്ലീലമായ രഹസ്യം" ആണെന്നാണ് പല സംസ്കാരങ്ങളും കരുതുന്നത്. പുറത്തുപറയാൻ പാടില്ലാത്തതു കൊണ്ട് ആർത്തവകാലത്തെ എല്ലാ ബുദ്ധിമുട്ടുകളും സ്വയം അനുഭവിച്ചു തീർക്കുകയാണ് സ്ത്രീകൾ ചെയ്യുന്നത്. പ്രസവവേദന ജീവിതത്തിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ പ്രാവശ്യം മാത്രമേ സ്ത്രീകൾ അനുഭവിക്കുന്നുള്ളൂ . എന്ന് മാത്രമല്ല ഗർഭിണികൾക്ക്‌ പലതരം പരിഗണനകളും നൽകണമെന്നാണ് സങ്കൽപം . അതൊക്കെ എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നില്ല എന്നത് സത്യമാണെങ്കിലും ഗർഭിണികളെ അശുദ്ധരായി ഒരു സംസ്കാരവും കാണാറില്ല. 
എന്നാൽ ഗർഭം ഉണ്ടാകാൻ വേണ്ടിയുള്ള ആർത്തവത്തിന്റെ സ്ഥിതി അതല്ല. പത്തോ പന്ത്രണ്ടോ വയസ്സ് മുതൽ ഏതാണ്ട് 50 വയസ്സ് വരെ എല്ലാ മാസവും ഈ യാതനയിലൂടെ സ്ത്രീകൾ കടന്നു പോയെ മതിയാകൂ. അത് ഏതു സാമൂഹ്യ വിഭാഗത്തിൽ പെട്ടവരായാലും മാറ്റമില്ല. കളക്ടർ ആയാലും മന്ത്രി ആയാലും തൊഴിലാളി ആയാലും ആദിവാസി ആയാലും അനുഭവിച്ചേ കഴിയൂ. മാത്രമല്ല , ലോകത്തു ഏതെങ്കിലും സ്ത്രീക്ക് ഇത് സുഖകരമായ അനുഭവം ആകുമെന്നും തോന്നുന്നില്ല. 
 ഈ ദിവസങ്ങളിലെ അസ്വസ്ഥതയും വേദനയും ശാരീരിക മാനസിക ബുദ്ധിമുട്ടുകളും പലർക്കും പല തോതിൽ ആയിരിക്കുമെന്ന് മാത്രം. മാസമുറയുടെ ആദ്യദിനങ്ങളിൽ ഛർദിയും തലകറക്കവും അതികഠിനമായ വയറുവേദനയും പലരും അനുഭവിക്കാറുണ്ട്. നമ്മുടെ നിയന്ത്രണമില്ലാതെ, തുടർച്ചയായി ദിവസങ്ങളോളം രാത്രിയും പകലും, വേദനയോടെ ശരീരത്തിൽ നിന്നും രക്തംപോയികൊണ്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാകൂ . എത്ര എഴുതിയാലും പറഞ്ഞാലും പുരുഷന്മാർക്ക് ഈ അവസ്ഥ മനസ്സിലാവില്ല . സാംസ്കാരികവും സാമൂഹ്യവുമായ പരുവപ്പെടൽ മൂലവും വേറെ പോംവഴി ഇല്ലാത്തതു കൊണ്ടും സ്ത്രീകൾ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു എന്ന് മാത്രം. ഇപ്പോൾ തൽക്കാലത്തേക്ക് ആർത്തവം നിർത്തിവെക്കാൻ മരുന്നുകൾ ലഭ്യമായത് കൊണ്ട് അടിയന്തിര സന്ദർഭങ്ങളിൽ സ്ത്രീകൾ അത് ഉപയോഗിക്കുന്നു . പഴയ കാലത്ത് സ്ത്രീകൾ ആർത്തവം നിൽക്കുന്നത് വരെ പ്രസവിച്ചു കൊണ്ടേയിരിക്കുകയിരുന്നല്ലോ. പത്തു മക്കൾ ഉണ്ടെങ്കിൽ ശരാശരി ഇരുപതു വര്ഷം അവർ പ്രസവാനുഭവത്തിൽ ആയിരിക്കും. ഇന്ന് അതല്ല സ്ഥിതി . മിക്കവാറും സ്ത്രീകൾ 30 വയസ്സോടെ പ്രസവമെന്ന ജോലി അവസാനിപ്പിക്കും. പിന്നീട് ആർത്തവം അനാവശ്യമാണ്. എന്നിട്ടും തങ്ങളുടെ എല്ലാ സാമൂഹ്യ ഉത്പാദന പ്രവർത്തനങ്ങൾക്കും തടസ്സം സൃഷ്‌ടിക്കുന്ന ആർത്തവവുമായി സ്ത്രീകൾ ജീവിക്കുന്നു. 
ഈ ദിവസങ്ങളിൽ ജോലി ചെയ്യുവാൻ പല സ്ത്രീകൾക്കും ബുദ്ധിമുട്ടു തന്നെ ആണ്. ആർത്തവവിരാമഘട്ടത്തിലാകട്ടെ രക്തസ്രാവം അനിയന്ത്രിതവുമാകാം. മാസങ്ങളോളം ഈ സ്ഥിതി തുടരാം. ഒരു മാസം തന്നെ രണ്ടു തവണ ആർത്തവം ഉണ്ടാകാറും ഉണ്ട്. മാനസികമായ പ്രശ്നങ്ങൾ , വിഷാദം , മുൻകോപം, എന്നിവക്കുള്ള സാധ്യത എല്ലാ പഠനങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹോർമോണുകൾക്കുണ്ടാകുന്ന മാറ്റം സ്വാഭാവികമായും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാം. 
ലോകത്തെ മുഴുവൻ സ്ത്രീകളും ഈ അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ആരും അത് കണ്ടതായി നടിക്കാറില്ല. കായികതാരങ്ങളും നർത്തകരും ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ ആർത്തവകാല പ്രശ്നങ്ങൾ ആരെയും അറിയിക്കാതെ തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുന്നവരാണ്.  ആണ്കോയ്മ സമൂഹത്തിലെ എല്ലാ വെല്ലുവിളികൾക്കും പുറമെ ആണ് നിരന്തരമായ രക്തസ്രാവവും എന്നോർക്കണം. 
ആർത്തവം 'രഹസ്യ'മായതു  കൊണ്ട് അതുമായി ബന്ധപ്പെട്ട് ഒരുതരം ആവശ്യങ്ങളും ചോദിക്കാനും പാടില്ലെന്നാണ് സ്ത്രീകൾ സ്വയം കരുതുന്നത്. മറ്റേതു രോഗത്തിനും കിട്ടുന്ന സഹതാപമോ അനുതാപമോ പരിഗണനയോ ആർത്തവവേദനകൾ ഉള്ളവർക്ക്‌ കിട്ടുന്നില്ല. 
ഈ സാഹചര്യത്തിൽ അവകാശത്തോടെ ജോലിയിൽ നിന്നും മാറി നില്ക്കാൻ സ്ത്രീകൾക്ക് നിയമപരമായി കഴിയുന്ന അവസ്ഥ  ഉണ്ടാകുക എന്നത് ലിംഗനീതി ഉറപ്പു നൽകുന്ന നടപടി ആയിരിക്കുമെന്നതിനു സംശയമില്ല.  
ആവശ്യമുള്ള സ്ത്രീകൾ മാത്രമായിരിക്കുമല്ലോ അവധി എടുക്കുന്നത്. എല്ലാ സ്ത്രീകളും കള്ളം പറഞ്ഞു അവധി എടുക്കുന്നവരാണെന്ന മുൻവിധി ശരി അല്ല. എന്തായാലും മാസത്തിൽ ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ. സ്ത്രീകളെ ജോലിക്കെടുക്കുവാൻ മുതലാളിമാർ മടി കാണിക്കും , ഇത് കൂടുതൽ വിവേചനത്തിനിടയാക്കും തുടങ്ങിയ വാദങ്ങളിൽ കഴമ്പില്ല. കാരണം പ്രസവാവധിക്കായി സ്ത്രീകൾ ശബ്ദമുയർത്തിയപ്പോഴും ഇത്തരം സംശയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പ്രസവാവധി ആറു മാസവും ഒരു വർഷവും വരെ ആയിട്ടുണ്ട്. 
ഫിലിപ്പീൻസ്, കൊറിയ , ചൈന തുടങ്ങിയ രാജ്യങ്ങൾ മുൻപ് തന്നെ ആർത്തവാവധി നൽകുന്നുണ്ട്. അടുത്തയിടെ ഇറ്റലിയിലെ ജനസഭയും ഇത് അംഗീകരിച്ചു. ഇനി കൂടുതൽ രാജ്യങ്ങൾ ലിംഗനീതിയോടു പ്രതിബദ്ധത പുലർത്തി കൊണ്ട് ഈ തീരുമാനം എടുക്കുമെന്നതിനു സംശയമില്ല. 
പഴയകാലത്തു കഠിനമായ ജോലികളിൽ നിന്നും സ്ത്രീകൾ മാറി ഇരിക്കുകയും പിന്നീടത് മാറ്റിനിറുത്തൽ ആയി മാറുകയും ചെയ്തതാകാം. ശാരീരികവും ലൈംഗികവുമായ ചൂഷണങ്ങളിൽ നിന്നും രക്ഷ നേടാൻ സ്ത്രീകൾ തന്നെ ആകാം പണ്ട് സ്വയം മാറി ഇരുന്നത്. പക്ഷെ സ്ത്രീയെ മുഖ്യ ധാരയിൽ നിന്ന് തന്നെ അകറ്റി നിർത്തുവാനുള്ള ന്യായമായി ആർത്തവം മാറിയെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്.
എന്നാൽ  ആധുനിക കാലഘട്ടത്തിൽ ജോലി എടുക്കാൻ കഴിയില്ലെങ്കിൽ വിട്ടു നില്ക്കാൻ ആർത്തവേളയിൽ സ്ത്രീക്ക് അവകാശം ഉണ്ട്.
കേരളത്തിലെ ഇടതു സർക്കാർ സ്ത്രീസൗഹൃദ സംസ്ഥാനത്തിനായുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആർത്തവാവധി അനുവദിക്കുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ. ഇത് സംഘടിത മേഖലയിൽ മാത്രമല്ല, തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും ബാധകമാക്കണമെന്നും ഓർമിപ്പിക്കട്ടെ .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും