മുസ്ലീം വിവാഹമോചനരീതിയായ തലാഖിനെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ലിംഗസമത്വത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ തലാഖ്, ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. ഹർജിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല മുസ്ലീം വ്യക്തിനിയമമെന്ന് ബോർഡ് പറയുന്നു. മുസ്ലീം വ്യക്തിനിയമം ഖുറാനിൽ അധിഷ്ഠിതമാണെന്നും പാർലമെന്റിൽ രൂപീകരിക്കേണ്ട നിയമങ്ങളല്ല അവയെന്നും ബോർഡ് കോടതിയിൽ നിലപാട് അറിയിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഷയരാ ബാനു എന്ന യുവതിയുടെ പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. തലാഖ് എന്ന് മൂന്ന് തവണ എഴുതിയ ഒരു കത്തയച്ചാണ് ഷയരാബാനുവുമായുള്ള വിവാഹബന്ധം ഭർത്താവ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് കുട്ടികളുടെ അമ്മയും സോഷ്യോളജി ബിരുദാന്തരബിരുദധാരിയുമാണ് ഷയര. വിവാഹാനന്തരമുള്ള നിരന്തരപീഡനത്തിന് ഒടുവിൽ നിയമപരമല്ലാതെ വിവാഹമോചനത്തിന് ഭർത്താവ് ശ്രമിച്ച മുസ്ലീം പൗര എന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഷയരാ ബാനു സ്വയം പരിചയപ്പെടുത്തിയത്. മതവിവേചനത്തിന്റെയോ ലിംഗഭേദത്തിന്റെയോ ബുദ്ധിമുട്ടുകളില്ലാതെ അഭിമാനത്തോടെ ജീവിക്കണം എന്നത് മാത്രമാണ് ആഗ്രഹമെന്ന് ഷയരാ ബാനു കോടതിയെ അറിയിച്ചു. സൗദി അറേബ്യയും പാകിസ്ഥാനും ഇറാഖുമടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങൾ വിലക്കേർപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്ത സന്പ്രദായങ്ങളാണ് ഇന്ത്യയിൽ ഇപ്പോഴും മുസ്ലീം സമുദായം പിന്തുടരുന്നതെന്ന് ഷയരാബാനു ആരോപിക്കുന്നു. മുസ്ലീം സ്ത്രീകളെ മാത്രമല്ല, സമൂഹത്തെ മുഴുവൻ പിന്നിലേക്ക് വലിക്കുന്നതാണ് ഇത്തരം പ്രാകൃതനിയമങ്ങൾ . പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ് ബഹുഭാര്യത്വവും തലാഖും. മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾക്കൊപ്പം നിലനിൽക്കുന്നതല്ല മുസ്ലീം വ്യക്തിനിയമത്തിലെ പല ഏടുകളും. ഇസ്ലാമിലോ ഖുറാനിലോ അടിസ്ഥാനമില്ലാത്ത അനാചാരങ്ങളെ തള്ളിക്കളയേണ്ടത് സമൂഹത്തിന് തന്നെ അത്യാവശ്യമാണെന്ന് ഷയരാബാനുവിന് പിന്തുണ അറിയിച്ച് സ്ത്രീപക്ഷവാദികൾ പറയുന്നു.