സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതാ ലോകകപ്പ് : ഇന്ത്യക്ക് ജയം

വിമെന്‍പോയിന്‍റ് ടീം

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ കളിയില്‍ ആതിഥേയരായ ഇംഗ്ളണ്ടിനെ 35 റണ്ണിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 281 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇംഗ്ളണ്ട് വനിതകള്‍ 47.3 ഓവറില്‍ 246 റണ്ണിന് പുറത്തായി.വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.
72 പന്തില്‍ 90 റണ്ണെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഒരുക്കിയത്. പൂണം റാവത്ത് (134 പന്തില്‍ 86), ക്യാപ്റ്റന്‍ മിതാലി രാജ് (73 പന്തില്‍ 71) എന്നിവരും തിളങ്ങി. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അരസെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡും മിതാലി സ്വന്തമാക്കി. 22 പന്തില്‍ 24 റണ്ണുമായി ഹര്‍മന്‍പ്രീത് കൌര്‍ പുറത്താകാതെനിന്നു.

ടോസ് നേടിയ ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്‍തന്നെ ഇംഗ്ളീഷ് ബൌളര്‍ ബ്രണ്ടിനെ ബൌണ്ടറിപായിച്ച് മന്ദാന ഉദ്ദേശ്യം വ്യക്തമാക്കി. ബ്രണ്ട് എറിഞ്ഞ അടുത്ത ഓവറില്‍ നാല് ബൌണ്ടറികള്‍ ഈ ഇരുപതുകാരി പായിച്ചു. 10 ഓവറില്‍ ഇന്ത്യ വിക്കറ്റ്നഷ്ടമില്ലാതെ 59 റണ്ണാണെടുത്തത്. മറുവശത്ത് റാവത്ത് പതുക്കെയാണ് കളിച്ചത്. 16-ാമത്തെ ഓവറില്‍ മന്ദാന 50 തികച്ചു. 45 പന്തിലായിരുന്നു നേട്ടം.

സെഞ്ചുറിക്ക് 10 റണ്‍ അകലെവച്ച് ഹീതര്‍ നൈറ്റിന്റെ പന്തില്‍ മന്ദാന പുറത്തായി. രണ്ട് സിക്സറും 11 ബൌണ്ടറിയും മന്ദാനയുടെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഒന്നാം വിക്കറ്റില്‍ 144 റണ്ണാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ മിതാലിയും റാവത്തും ചേര്‍ന്ന് റണ്ണൊഴുക്ക് കാര്യമായി കുറയാതെ കാത്തു. ഇടയ്ക്ക് റാവത്ത് പുറത്തായെങ്കിലും മിതാലി ഹര്‍മന്‍പ്രീതുമായി ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.

ഇംഗ്ളണ്ടിനുവേണ്ടി ഫ്രാന്‍ വില്‍സണ്‍ 75 പന്തില്‍ 81 റണ്ണെടുത്തു. അവസാന ഓവറുകളില്‍ ഇംഗ്ളണ്ടിനെ മികച്ച നിലയിലേക്ക് നയിച്ച വില്‍സണ്‍ ഇന്ത്യയെ ആശങ്കയിലാക്കിയതാണ്. എന്നാല്‍ ഏക്താ ബിഷ്റ്റ് വില്‍സണെ റണ്ണൌട്ടാക്കിയതോടെ ഇംഗ്ളണ്ടിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മൂന്ന് ഇംഗ്ളീഷ് താരങ്ങളെയാണ് ഇന്ത്യന്‍ വനിതകള്‍ റണ്ണൌട്ടാക്കിയത്. ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റെടുത്തു. ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് നേടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും