പഞ്ചാബിലെ മുക്തസറിൽ പട്ടാപ്പകൽ ഇരുപത്തിനാലുകാരിയെ ഓഫീസിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. ജഗ്ദീപ് സിംഗ് എന്നയാളാണ് കോടതിയിൽ കീഴടങ്ങിയത്. കടകൾ തിങ്ങിനിറഞ്ഞ നഗരമധ്യത്തിലെ നിരത്തിലൂടെ യുവതിയെ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ മുഖം വ്യക്തമായിരുന്നിട്ടും നടപടി വൈകുന്നു എന്ന ആക്ഷേപം ഉയർന്നതിനിടെയാണ് കീഴടങ്ങൽ. മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ സെന്റിൽ കടന്നുവന്ന് അവരെ പിടിച്ചിറക്കുകയായിരുന്നു ജഗ്ദീപ് സിംഗ്. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അയാൾ യുവതിയേയും കൊണ്ട് കാറിൽ കടന്നുകളഞ്ഞു. ഒരു ഫാംഹൌസിൽ വച്ചാണ് ഇയാൾ പീഡിപ്പിച്ചതെന്നും പിറ്റേന്നാണ് തന്നെ വിട്ടയച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. കേസിൽ നടപടി വൈകുന്നതിനെതിരെ യുവതിയും അച്ഛനും നാഷനൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റിൽ പരാതിപ്പെട്ടിരുന്നു. മുക്തസറിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനോട് കമ്മീഷൻ വിശദീകരണവും തേടിയിരുന്നു. കാറോടിച്ചിരുന്ന സന്ദീപ് എന്നയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.