സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പത്തുവയസുകാരി വരച്ച ചിത്രങ്ങള്‍ തെളിവായി!

വിമെന്‍പോയിന്‍റ് ടീം

കൊച്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അപൂര്‍വമായ ഒരു നടപടിയിലൂടെ ഇപ്പോള്‍ പത്തുവയസുള്ള പെണ്‍കുട്ടി വരച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കി കേസില്‍ ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവാളിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ അമ്മാവനാണ് അവളെ ക്രുര പീഢനത്തിന് ഇരയാക്കിയത്.

ബന്ധങ്ങള്‍ ശിഥിലമായ ഒരു കുടുംബത്തില്‍ നിന്നുള്ള കൊല്‍ക്കത്തക്കാരിയായ കുട്ടി എട്ടുവയസുവരെ തന്റെ അമ്മാവിയോടൊപ്പം ഡല്‍ഹിയിലാണ് വളര്‍ന്നിരുന്നത്. അവള്‍ അവിടെ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അമ്മാവനായ അക്തര്‍ അഹമ്മദ് കുട്ടിയെ ക്രൂരപീഢനത്തിന് നിരവധി തവണ വിധേയയാക്കിയിരുന്നു. ഇയാളെ കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതിക്കെതിരെ മൊഴി നല്‍കിക്കുകയായിരുന്നുവെന്നും അതിനാല്‍ ‘പര്യാപ്തമായ സാക്ഷിയായി’ കുട്ടിയെ കണക്കാക്കാനാവില്ലെന്നുമായിരുന്ന പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ വിചാരണവേളയിലെ ബോറടി ഒഴിവാക്കുന്നതിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ കുട്ടിക്ക് പേപ്പറും ക്രയോണുകളും നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെയും കൈയില്‍ ചരടില്‍ കോര്‍ത്ത ബലൂണ്‍ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ അരികില്‍ അഴിച്ചിട്ട വസ്ത്രങ്ങളുടെയും ചിത്രം കുട്ടി വരച്ചു. പ്രസന്നമല്ലാത്ത നിറങ്ങളാണ് കുട്ടി ചിത്രങ്ങള്‍ക്ക് നല്‍കിയത്. അവള്‍ അനുഭവിച്ച അഗ്നിപരീക്ഷണങ്ങളുടെ നിശബ്ദാവിഷ്‌കാരമാണ് ചിത്രങ്ങളെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് വിലയിരുത്തി.

ഈ കേസിലെ വസ്തുതകളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലമായി ഈ വരകളെ കണക്കിലെടുക്കാമെങ്കില്‍, വീട്ടിലുള്ള ആരെങ്കിലും അവളെ നഗ്നയാക്കിയ ശേഷം ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും അത് അവളുടെ മനസില്‍ വലിയ വടുക്കള്‍ ഉണ്ടാക്കുകയും ചെയ്തു എന്ന കാര്യം വ്യക്തമാവുന്നു എന്ന് വിശദീകരിച്ച ജഡ്ജി അതുകൊണ്ട് തന്നെ കുട്ടിയുടെ മൊഴി വിശ്വസനീയമായി കണക്കാക്കാമെന്നും വ്യക്തമാക്കി.

അമ്മ മരിച്ചതിന് ശേഷം മദ്യപനായ അച്ഛന്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അമ്മാവി അവളെ ഡല്‍ഹിലേക്ക് കൊണ്ടുവരികയും മറ്റൊരു വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും ചെയ്തു. കഠിനജോലിക്കും മാനസിക പീഢനങ്ങള്‍ക്കും പുറമെ സ്വന്തം അമ്മാവനില്‍ നിന്നും ശാരീരിക പീഢനവും ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് അവള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. 2014 നവംബറില്‍ ഡല്‍ഹിയിലെ ഒരു ബസില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അവളുടെ സംരക്ഷകന്‍ എന്ന് വിളിക്കുയാള്‍ തന്നെ അവളെ പീഢിപ്പിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.

ഒരു അനാഥമന്ദിരത്തിലാക്കിയ കുട്ടിയുടെ മെഡിക്കള്‍ റിപ്പോര്‍ട്ട് ലൈംഗിക പിഢനത്തിന് ഇരയായിരിക്കാം എന്ന സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള എച്ച്എക്യൂ സെന്റര്‍ പ്രവര്‍ത്തകര്‍ അവളെ കൗണ്‍സിലിംഗിന് വിധേയയാക്കി. താന്‍ അനുഭവിച്ച ക്രൂരതകള്‍ അവള്‍ തുറന്നു പറഞ്ഞെങ്കിലും അഹമ്മദിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമല്ലായിരുന്നു. നിരന്തരമായ സംവാദത്തിലൂടെയാണ് അയാളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് 2016 ജൂണ്‍ നാലിന് അഹമ്മദിനെ അറസ്റ്റ് ചെയ്തു.

ലിംഗ-യോനി സംയോഗം നടന്നിട്ടില്ലാത്തതിനാല്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 10,000 പിഴയും മാത്രമേ വിധിക്കാനാവു എന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ പുനഃരധിവാസത്തിനും ക്ഷേമത്തിനുമായി 3,00,000 രൂപ സ്ഥിര നിക്ഷേപമിടാനും കോടതി ഉത്തരവിട്ടു. എച്ച്എക്യൂ പ്രവര്‍ത്തകരായ പേള്‍ മെസി, ഉസ്മ പര്‍വീണ്‍ എന്നിവരെ കോടതി പ്രത്യേകമായി അഭിനന്ദിച്ചു.

നിയമപരമായ യുദ്ധം അവസാനിച്ചതായി കുട്ടിയുടെ അഭിഭാഷകയും ശിശു അവകാശ പ്രവര്‍ത്തകയുമായ ചന്ദ്ര സുമന്‍ കുമാര്‍ പറഞ്ഞു. കുട്ടികളുടെ അഭയകേന്ദ്രത്തില്‍ താമസിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. നന്നായി പഠിക്കുന്ന കുട്ടിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം നല്ലൊരു ഭാവി അവള്‍ക്ക് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്നും ചന്ദ്ര സുമന്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും